ചെന്നൈ: ലോക്ക്ഡൗൺ കാരണം രാജ്യത്തെ അതിഥി തോഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളിൽ മദ്രാസ് ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ റിപോർട്ട് തേടി. ഇതര സംസ്ഥാന തൊഴിലാളികൾ നേരിടുന്ന ദാരുണാവസ്ഥ മാനുഷിക ദുരന്തമല്ലാതെ മറ്റൊന്നുമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. വിഷയത്തിൽ കോടതി സ്വമേധയാ ഇടപെടുകയായിരുന്നു. ലോക്ക്ഡൗണിൽപെട്ട ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുന്നത്.
തൊഴിലാളികളുടെ പലായനം സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി നോട്ടീസിൽ കേന്ദ്രസർക്കാർ ഈമാസം 22ന് മുൻപ് മറുപടി നൽകണം. എല്ലാ സംസ്ഥാനത്തെയും അതിഥി തൊഴിലാളികളുടെ വിവരം കേന്ദ്ര സർക്കാരിന്റെ പക്കലുണ്ടോയെന്നും കോടതി ആരാഞ്ഞു. ലക്ഷക്കണക്കിന് തൊഴിലാളികൾ രാജ്യത്താകെ കൂട്ടപ്പലായനം ചെയ്യുന്നത് കോവിഡ് രോഗവ്യാപനം വർധിക്കാൻ കാരണമാകില്ലേയെന്നും കോടതി ചോദിച്ചു.
Read More: അതിഥി തൊഴിലാളികളെ നിരീക്ഷിക്കാനോ പലായനം തടയാനോ ആകില്ല: സുപ്രീം കോടതി
“കുടിയേറ്റ തൊഴിലാളികൾ സ്വദേശങ്ങളിലേക്കെത്താൻ ദിവസങ്ങളോളം നടക്കേണ്ടി വരുന്നു എന്നത് ദയനീയമായ സാഹചര്യമാണ്. അവരിൽ ചിലർക്ക് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളും അവർക്ക് സേവനങ്ങൾ ലഭ്യമാക്കണം.”- മദ്രാസ് ഹൈക്കോടതി ജസ്റ്റിസുമാരായ എൻ കൃപാകരൻ, ആർ ഹേമലത എന്നിവരുടെ ബഞ്ച് അഭിപ്രായപ്പെട്ടു. “തൊഴിലാളികളുടെ അവസ്ഥ അഥി ദയനീയമാണ്. അത് കണ്ടാൽ ആർക്കും കണ്ണീരടക്കാനാവില്ല. ഇത് മനുഷ്യ ദുരന്തമല്ലാതെ മറ്റൊന്നുമല്ല.”- കോടതി അഭിപ്രായപ്പെട്ടു.
അതിഥി തൊഴിലാളികളെ നിരീക്ഷിക്കാനോ അവരുടെ പലായനം തടയാനോ ആവില്ലെന്ന് സുപ്രീം കോടതി വെള്ളിയാഴ്ച അഭിപ്രായപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസമാണ് ഇപ്പോൾ മദ്രാസ് ഹൈക്കോടതി ഈ വിഷയത്തിൽ റിപോർട്ട് തേടിയത്. രാജ്യത്തുടനീളമുള്ള അതിഥി തൊഴിലാളികളുടെ ചലനം നിരീക്ഷിക്കുകയും തടയുകയും ചെയ്യുന്നത് കോടതികൾക്ക് അസാധ്യമാണെന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്.
Read More: വൈദ്യുതി കമ്പി ട്രാക്ടറിൽ വീണു; ആന്ധ്രയിൽ 13 തൊഴിലാളികൾക്ക് ദാരുണാന്ത്യം
അതിഥി തൊഴിലാളികളെ കണ്ടെത്തി അവർക്ക് പാർപ്പിടവും ഭക്ഷണവും നൽകാൻ ജില്ലാ മജിട്രേറ്റ് കോടതികൾ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ആലോക് ശ്രീവാസ്തവ സമർപ്പിച്ച ഹർജി കോടതി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടി ഇക്കാര്യം പറഞ്ഞത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് എൽ.നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബഞ്ച്, ഈ തൊഴിലാളികളുടെ കാൽനട യാത്ര തടയാൻ എന്തെങ്കിലും വഴിയുണ്ടോയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു. കുടിയേറ്റ തൊഴിലാളികൾക്ക് സംസ്ഥാനങ്ങൾ അന്തർ സംസ്ഥാന ഗതാഗതം നൽകുന്നുണ്ടെന്നും എന്നാൽ ആളുകൾ ഗതാഗതത്തിനായി കാത്തിരിക്കുന്നതിനുപകരം കാൽനടയായി പോകാൻ തുടങ്ങിയാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും തുഷാർ മേത്ത പറഞ്ഞു.
മധ്യപ്രദേശിലേക്ക് മടങ്ങും വഴി റെയിൽവേ ട്രാക്കുകളിൽ ഉറങ്ങിക്കിടന്ന 16 തൊഴിലാളികൾ, ചരക്കു തീവണ്ടി കയറിയിറങ്ങി കൊല്ലപ്പെട്ട സംഭവത്തിന് പുറകെയായിരുന്നു ശ്രീവാസ്തവ ഹർജി സമർപ്പിച്ചത്. സമീപ ദിവസങ്ങളിൽ മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും ദേശീയപാതകളിലെ അപകടങ്ങളിൽ അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവങ്ങളെക്കുറിച്ച് അഭിഭാഷകൻ അലഖ് അലോക് ശ്രീവാസ്തവ ഹർജിയിൽ പരാമർശിച്ചിരുന്നു.

ഉത്തർപ്രദേശിൽ അതിഥി തൊഴിലാളികൾ സഞ്ചരിച്ച ട്രക്ക് അപകടത്തിൽ പെട്ടപ്പോൾ
ഇന്ന് ഉത്തർപ്രദേശിൽ അതിഥി തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ച് 24 തൊഴിലാളികൾ മരിച്ചിരുന്നു. ഔരയ ജില്ലയിൽ വെച്ചാണ് അപകടമുണ്ടായത്. രാജസ്ഥാനിൽ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികൾ സ്വന്തം വീടുകളിലെത്താൻ നൂറു കണക്കിന് കിലോമീറ്ററുകളാണ് കാൽനടയായി യാത്ര ചെയ്യുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook