പത്താന്‍കോട്ട്: സംശയാസ്പദ നീക്കമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് പഞ്ചാബിലെ പത്താൻകോട്ട് വ്യോമസേന കേന്ദ്രത്തിൽ അതീവ ജാഗ്രത നിർദേശം. ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് വ്യോമസേന കേന്ദ്രത്തിൽ ശക്തമായ തിരച്ചിൽ നടത്തുകയാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യ- പാക് ബന്ധം കൂടുതല്‍ വഷളാക്കാന്‍ കാരണമായ ഭീകരാക്രമണം നടന്ന ഇടമാണ് പത്താന്‍കോട്ട് വ്യോമസേനാകേന്ദ്രം.

വ്യോമസേനാ താവളത്തിലും അതിനോട് ചേർന്നുള്ള ഗ്രാമങ്ങളിലും, ചക്രി തടാകത്തിനടുത്തും, വ്യോമസേനാ ഉദ്യോഗസ്ഥർ താമസിക്കുന്ന സ്ഥലങ്ങളിലുമാണ് തിരച്ചിൽ. സൈന്യവും, പഞ്ചാബ് പൊലീസും, വ്യോമസേനയും, ഹിമാചൽ പ്രദേശ് പൊലീസും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തിരച്ചിലെന്നും അഞ്ഞൂറിലധികം സുരക്ഷാ ഉദ്യോഗസ്ഥർ ഇതിൽ പങ്കെടുക്കുന്നുവെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ജനുവരി രണ്ടിന് പുലര്‍ച്ചെ 3.30 നാണ് ഇന്ത്യന്‍ സൈനിക ശക്തിയെ വെല്ലുവിളിച്ച് ആറു പാക് ഭീകരര്‍ പത്താന്‍കോട്ട് വ്യോമതാവളം ആക്രമിച്ചത്. സൈനിക താവളത്തിലെ സുരക്ഷാ പാളിച്ച തുറന്ന് കാണിച്ച ആക്രമണത്തില്‍ മലയാളിയായ നിരഞ്ജന്‍ കുമാര്‍ അടക്കം 7 സൈനികര്‍ കൊല്ലപ്പെട്ടു. 3 ദിവസം നീണ്ട് നിന്ന ഏറ്റുമുട്ടലിനിടെ 6 പാക് ഭീകരരെ കൊലപ്പെടുത്തിയെങ്കിലും ആക്രമണത്തിന്റെ സൂത്രധാരന്‍മാരെ ഇനിയും നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ കഴിഞ്ഞിട്ടില്ല.

കൊടുംതണുപ്പിന്റെ മറവില്‍ അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ 72 മണിക്കൂര്‍ രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി. സൈനിക യൂണിഫോമില്‍ എത്തിയ ഭീകരരില്‍ നാലുപേരെ ആദ്യദിനം കൊലപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ