ന്യൂഡല്‍ഹി: ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് അതുമായി ബന്ധപ്പെട്ട മതപരമായ ചിന്തകള്‍ ഉള്ക്കൊള്ളാനാണെന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേല്‍. ഷാരൂഖ് ഖാനും ദീപിക പദുക്കോണം അഭിനയിച്ച ‘പത്താന്’ എന്ന ചിത്രത്തിലെ ‘ബേഷാരം രംഗ്’ എന്ന പുതിയ ഗാനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
”കുടുംബം ഉള്‍പ്പെടെയുള്ള സകലതും ത്യജിച്ചാണു സംന്യാസികള്‍ കാവി നിറം സ്വീകരിക്കുന്നത്. ഇപ്പോള്‍ ഈ ബജ്റംഗി ഗുണ്ടകള്‍ കാവി വസ്ത്രം ധരിച്ച് ചുറ്റിക്കറങ്ങുന്നു. അവര്‍ സമൂഹത്തിനോ അല്ലെങ്കില്‍ അവരുടെ കുടുബത്തിനോ വേണ്ടി എന്തു ത്യാഗമാണു ചെയ്തതെന്ന് ആര്‍ക്കെങ്കിലും പറഞ്ഞുതരാന്‍ കഴിയുമോ? പിടിച്ചുപറിക്കാന്‍ വേണ്ടിയാണ് അവര്‍ ഈ നിറം ധരിക്കുന്നത്,” ഭൂപേഷ് ബാഗേല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബി ജെ പി നേതാക്കളും അഭിനേതാക്കളാണെന്നും കാവി നിറത്തില്‍ അഭിനയം കാഴ്ചവച്ചവരാണെന്നും ബാഗേല്‍ പരിഹസിച്ചു.
ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാനവേഷങ്ങളിലെത്തുന്ന പത്താന് ജനുവരി 25-നു റിലീസ് ചെയ്യാനിരിക്കുകയാണ്. ഈ ആഴ്ച ആദ്യം ‘ബേഷാരം രംഗ്’ എന്ന ആദ്യ ഗാനം പുറത്തിറങ്ങിയതു മുതല്‍ ചിത്രം വിവാദത്തിലായിരിക്കുകയാണ്.
ഷാരൂഖും ദീപികയും പ്രത്യക്ഷപ്പെടുന്ന ഗാനം ‘പ്രകോപനപരവും’ ‘ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതു’മാണെന്ന് ചില വിഭാഗങ്ങളും നേതാക്കളും ഉയര്‍ത്തിയിരിക്കുന്ന വിമര്‍ശം.
ചിത്രം നിരോധിക്കണമെന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വലതുപക്ഷ സംഘടനകള്‍ ആവശ്യമുയര്‍ത്തിക്കഴിഞ്ഞു. ചിത്രത്തിനെതിരെ പ്രതിഷേധവും സംഘടിപ്പിച്ചിട്ടുണ്ട്.