ലക്‌നൗ: മിശ്രവിവാഹിതരോട് മതംമാറിയാല്‍ മാത്രമേ പാസ്‌പോര്‍ട്ട് നല്‍കുകയുളളൂവെന്ന് പറഞ്ഞ പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. ഉത്തര്‍പ്രദേശിലെ ലക്‌നൗ റിജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥനെയാണ് സ്ഥലം മാറ്റിയത്.
തന്‍വി സേത്ത് ഭര്‍ത്താവ് അനസ് സിദ്ധിഖി എന്നിവരെയാണ് രത്തന്‍ സ്‌ക്വയര്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ മതത്തിന്റെ പേരില്‍ പരസ്യമായി ഭീഷണിപ്പെടുത്തിയത്. തന്‍വിക്ക് പുതിയതായി പാസ്‌പോര്‍ട്ട് എടുക്കാനും അനസിന്റെ പാസ്‌പോര്‍ട്ട് പുതുക്കാനുമായി എത്തിയതായിരുന്നു ഇവര്‍. സംഭവത്തെക്കുറിച്ച് തന്‍വി ട്വീറ്റിലൂടെ വിശദീകരിച്ചു.
‘കൗണ്ടര്‍ സി5ല്‍ എത്തി രേഖകളെല്ലാം സമര്‍പ്പിച്ചു. ഇത് നോക്കിയിട്ട് ഉടന്‍ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വികാസ് മിശ്ര എന്നോട് ആക്രോശിക്കാന്‍ തുടങ്ങി. നിങ്ങള്‍ ഒരു മുസ്‌ലിമിനെ വിവാഹം ചെയ്‌തെങ്കില്‍ അയാളുടെ പേര് ഒപ്പം ചേര്‍ക്കണം. അല്ലാതെ പഴയ പേര് കൊണ്ടു നടക്കുകയല്ല വേണ്ടത്. അയാള്‍ എന്നെ അഡീഷനല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടെ റൂമിലേയ്‌ക്ക് അയച്ചു. ആ മനുഷ്യന്‍ വളരെ മാന്യതയോടെയാണ് പെരുമാറിയത്. ഗോംതിനഗറിലെ പ്രധാന ഓഫീസില്‍ അടുത്ത ദിവസം ചെല്ലാന്‍ പറയുകയും ചെയ്‌തു’, തന്‍വി പറയുന്നു.
‘എന്റെ രേഖകളെല്ലാം കൃത്യമായിരുന്നു. എന്നിട്ടും ഫയല്‍ തടഞ്ഞു വച്ചു. ആദ്യത്തെ ഓഫീസര്‍ അനസിനെയും അപമാനിച്ചു. പാസ്‌പോര്‍ട്ട് പുതുക്കണമെങ്കില്‍ അദ്ദേഹം ഹിന്ദുമതത്തിലേയ്‌ക്ക് മാറണം എന്ന് ആവശ്യപ്പെട്ടു. ഇത്രയും സദാചാരത്തോടെയും മത വർഗീയതോടെയും പെരുമാറുന്നത് ഹൃദയം തകര്‍ക്കുന്നതാണ്.’ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ടാഗ് ചെയ്‌തുള്ള ട്വീറ്റില്‍ തന്‍വി പറഞ്ഞു.
‘ഏറെ വിശ്വാസത്തോടെയാണ് ഞാനിതെഴുതുന്നത്. വിവാഹം കഴിഞ്ഞ് 12 വര്‍ഷമായിട്ടും ഇത്തരത്തിലൊരു അപമാനം ഞങ്ങള്‍ നേരിട്ടിട്ടില്ല. ദമ്പതികള്‍ പറഞ്ഞു. അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് തെളിഞ്ഞതായി റിജീയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പീയുഷ് ശര്‍മ്മ പറഞ്ഞു. കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പും നല്‍കി.