അപേക്ഷകന്റെ എമിഗ്രേഷന്‍ സ്റ്റാറ്റസിന് അനുസൃതമായി പുതിയ നിറമുള്ള ജാക്കറ്റുകളാവും ഇനി മുതല്‍ പാസ്സ്പോര്‍ട്ടുകള്‍ക്ക് ഉണ്ടാവുകയെന്നും വിലാസവും മറ്റു കുടുംബ വിവരങ്ങളും ഒഴിവാക്കുമെന്നും വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ വെള്ളിയാഴ്ച അറിയിച്ചു. ഇത് കേരളത്തിനകത്തും പുറത്തും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കി. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയവർ ഈ തീരുമാനത്തിനെതിരെ ശക്തമായ വിമർശനം ഉയർത്തി. വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ പാസ്‌പോർട്ടിന് നിറം നിശ്ചയിക്കുന്നത് നീതീകരിക്കാനാകില്ലെന്ന വിമർശനമാണ് ഉയരുന്നത്. പ്രവാസികളെ തരംതിരിക്കുന്ന പാസ്പോപോർട്ട് സംവിധാനത്തെ എതിരെ ശക്തമായ അഭിപ്രായം ഉയരുന്നു. ഈ സാഹചര്യത്തിൽ പാസ്പോർട്ടിൽ വരാൻ പോകുന്ന മാറ്റങ്ങൾ എന്തൊക്കൊ? ഇതിനുളള കാരണം? കാലപരിധി, എത്രതരം പാസ്പോർട്ടുകൾ നിലവിലുണ്ട്? പുതിയ മാറ്റങ്ങൾ മൂലം ഉണ്ടാകുന്നതെന്തൊക്കെ?
ഇന്ത്യന്‍ പാസ്പ്പോർട്ടില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം?
പാസ്സ്പോര്‍ട്ട് ഉടമയുടെ മാതാപിതാകളുടെയും പങ്കാളിയുടെയും പേരുകള്‍, വിലാസം, എമിഗ്രേഷന്‍ പരിശോധനാ ആവശ്യകത (ECR), പഴയ പാസ്പോര്‍ട്ടിന്റെ നമ്പര്‍, അനുവദിച്ച തിയതിയും സ്ഥലവും എന്നീ വിവരങ്ങള്‍ അടങ്ങിയ പാസ്പോര്‍ട്ടിലെ അവസാന പേജ് ഇനി മുതല്‍ ഉണ്ടാകില്ല. എമിഗ്രേഷന്‍ പരിശോധനാ ആവശ്യകതയുള്ള വ്യക്തികള്‍ക്ക് ഓറഞ്ച് നിറമുള്ള ജാക്കറ്റ് ഉള്ള പാസ്പോര്‍ട്ട് ആയിരിക്കും ലഭിക്കുക. ECR ഇല്ലാത്തവര്‍ക്ക് ഇപ്പോഴുള്ള നീല നിറത്തിലുള്ളത് തന്നെ തുടര്‍ന്നും ലഭ്യമാകും.
എന്തുകൊണ്ട് ഈ തീരുമാനം?
വിദേശകാര്യ മന്ത്രാലയത്തിലെയും സ്ത്രീ-ശിശു വികസന മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ ഉൾപ്പെട്ട ഒരു മൂന്നംഗ കമ്മിറ്റിയുടെ ശുപാര്‍ശയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. പല കാരണങ്ങള്‍ കൊണ്ടും കുട്ടിയുടെ പാസ്‌പോര്‍ട്ടില്‍ അച്ഛന്റെ പേര് വയ്ക്കേണ്ടെന്ന അമ്മമാരുടെയോ കുട്ടികളുടെ തന്നെയോ അഭ്യര്‍ത്ഥനകളും ഒറ്റയായ അമ്മമാരുടെ കുഞ്ഞുങ്ങളുടെയും ദത്തെടുത്ത കുഞ്ഞുങ്ങളുടെയും പാസ്പ്പോര്‍ട്ടുകളിലെ ചില പ്രശ്നങ്ങളും കണക്കിലെടുത്ത് അവ ആണ് ഈ തീരുമാനം.
ഇത് നടപ്പില്‍ വരുന്നതിനുള്ള കാലപരിധി എന്താണ്?
ഇതുവരെ ഒരു പ്രത്യേക തീയതി പ്രഖ്യാപിച്ചിട്ടില്ല. നാസിക്കിലെ ഇന്ത്യന്‍ സെക്യുരിറ്റി പ്രസ്സ് ആയിരിക്കും പുതിയ പാസ്പോര്‍ട്ട് ബുക്ക്-ലെറ്റ് പുറത്തിറക്കുക. ഇത് ഡിസൈന്‍ ചെയ്തു അച്ചടിച്ച് വിതരണത്തിനായി വിദേശ കാര്യ മന്ത്രാലയത്തിനു ലഭിക്കുന്നത് വരെ പഴയ രൂപത്തിലുള്ള പാസ്പോര്‍ട്ടുകള്‍ തന്നെ ആയിരിക്കും അനുവദിക്കുക. ഇപ്പോള്‍ നിലവിലുള്ളവ അവയുടെ കാലാവധി തീരും വരെ സാധുവായിരിക്കും.
നിലവില്‍ ഏതൊക്കെ തരം പാസ്പോര്‍ട്ടുകള്‍ ആണ് ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിക്കുന്നത്?
മൂന്നു തരം പാസ്പോര്‍ട്ടുകളാണ് നിലവിലുള്ളത്.
a) സാധാരണ പാസ്പോര്‍ട്ട് – ഇത് നേവിബ്ലൂ നിറത്തിലുള്ള മേല്‍ചട്ട ഉള്ളതാണ്. വിനോദസഞ്ചാരവും ബിസിനസും ഉള്‍പ്പെടുന്ന സാധാരണ വിദേശയാത്ര ചെയ്യാന്‍ സാധാരണ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്‍കുന്ന രേഖയാണ് ഇത്.
b) നയതന്ത്ര പാസ്പോര്‍ട്ട് – മെറൂണ്‍ മേൽച്ചട്ടയുള്ള ഇത് ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കും ജോയിന്റ് സെക്രട്ടറി മുതല്‍ മേലോട്ടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കും നയതന്ത്ര ദൂതന്മാര്‍ക്കും അനുവദിച്ചതാണ്.
c) ഔദ്യോഗിക പാസ്പോര്‍ട്ട് – വെള്ള പുറംചട്ടയുള്ള ഇവ വിദേശങ്ങളില്‍ ഔദ്യോഗികമായി ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പോകുന്ന വ്യക്തികള്‍ക്ക് ഉള്ളതാണ്.
എന്താണ് എമിഗ്രേഷന്‍ പരിശോധനാ ആവശ്യകത അഥവാ ECR?
1983ലെ എമിഗ്രേഷന്‍ നിയമം അനുസരിച്ച്, ചില ഇന്ത്യന്‍ പൗരന്മാര്‍ക്ക് ചില വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിനു പ്രോടക്ട്ടര്‍ ഓഫ് എമിഗ്രന്റ്സ് (POE) ഓഫീസില്‍ നിന്നും ‘എമിഗ്രേഷന്‍ ക്ലിയറന്‍സ്’ ആവശ്യമാണ്. അതുകൊണ്ട് എല്ലാ സാധാരണ പാസ്പോര്‍ട്ടുകളിലും ഒന്നുകില്‍ ECR അല്ലെങ്കില്‍ ECR-ആവശ്യമില്ല (ECNR) എന്ന് രേഖപ്പെടുത്തിയിരിക്കും. തൊഴിലെടുക്കാനായി ഇന്ത്യന്‍ പൗരന്മാര്‍ രാജ്യം വിട്ട് ചില വിദേശരാജ്യങ്ങളില്‍ പോകുന്നതിനെയാണ് എമിഗ്രേഷന്‍ എന്നതുകൊണ്ട് ആ നിയമത്തില്‍ ഉദ്ദേശിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ബഹറിന്‍. ബ്രൂണെയ്, കുവൈത്ത്, ഇന്തോനേഷ്യ, ജോര്‍ദ്ദാന്‍, ലെബനന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്തര്‍, സുഡാന്‍, സൗദി അറേബ്യ, സിറിയ, തായ്‌ലാന്‍ഡ്, യു.എ.ഇ., യെമന്‍ എന്നീ രാജ്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുക.
ആര്‍ക്കാണ് ECR-ആവശ്യമില്ല (ECNR) പദവി ലഭിക്കുന്നത്?
14 വിഭാഗത്തിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് സ്വാഭാവികമായും ECNR പദവി ലഭിക്കും. വരുമാനനികുതിദായകര്‍, 18നു താഴെയും 50നു മുകളിലും ഉള്ളവര്‍ ,പത്താം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസമുള്ളവര്‍ – ഇവര്‍ക്ക് എല്ലാവര്‍ക്കും ‘ECNR’ പദവി കിട്ടും. ഏറ്റവും താഴ്ന്ന സാമൂഹ്യ സാമ്പത്തിക തട്ടില്‍ നിന്ന് വരുന്നവർ, വിദ്യാഭ്യാസമില്ലാത്തവരും തൊഴില്‍ വൈദഗ്ധ്യമില്ലാതവരുമായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ചില രാജ്യങ്ങളില്‍ നിലവിലുള്ള നിയമവ്യവസ്ഥകളില്‍ സംരക്ഷണം നല്‍കുകയാണ് ECR വ്യവസ്ഥക്ക് പിന്നിലുള്ളത്.
ECR പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നത് എങ്ങിനെ?
2007ജനുവരിയ്ക്ക് മുന്‍പ് വിതരണം ചെയ്ത പാസ്പോര്‍ട്ടുകളില്‍ അവസാന പേജുകളില്‍ രേഖപ്പെടുത്തല്‍ ഇല്ലെങ്കില്‍ അത് ECR ആയിരിക്കും. 2007ജനുവരിയിലോ അതിനു ശേഷമോ രേഖപ്പെടുത്തല്‍ ഇല്ലെങ്കില്‍ അത് ECNR’ ആയിരിക്കും.എമിഗ്രേഷന്‍ പരിശോധന ആവശ്യം എങ്കില്‍ പാസ്സ്പോർട്ടിന്റെ അവസാന പേജില്‍ അതിനെ കുറിച്ചുള്ള ഒരു അംഗീകാര പ്രമാണം ഉണ്ടായിരിക്കും.
ഈ വ്യവസ്ഥയ്ക്ക് പകരം ഇനി ഓറഞ്ച് നിറപാസ്പ്പോര്‍ട്ട് ആയിരിക്കും. അതുള്ളവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ സഹായം കിട്ടും,എമിഗ്രേഷന്‍ പരിശോധന കൂടുതല്‍ എളുപ്പമാകും, ECR കൂടുതല്‍ കാര്യക്ഷമം ആകും.
‘ECR’ വിഭാഗക്കാരായ പൗരന്മാര്‍ക്ക് ഓറഞ്ച് നിറപാസ്പ്പോര്‍ട്ട് വിതരണം ചെയ്യുന്നതിനുള്ള തീരുമാനം വിമര്‍ശനം വിളിച്ചു വരുതിയതെന്തു കൊണ്ട്?
‘ECR’ വിഭാഗക്കാരായ പൗരന്മാര്‍ക്ക് ഓറഞ്ച് നിറപാസ്പ്പോര്‍ട്ട് നല്‍കുന്നത് സ്വന്തം സാമൂഹ്യ സാമ്പത്തിക പദവിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ വിവേചനവും വേര്‍തിരിവും ഉണ്ടാക്കും എന്നാണ് വിമര്‍ശകര്‍ പറയുന്നത്.ഗള്‍ഫ് രാഷ്ട്രങ്ങളിലേയ്ക്കും മറ്റും തൊഴില്‍ തേടി പോകുന്ന ദരിദ്രരായ ഇന്ത്യന്‍പ്രവാസികള്‍ പാസ്സ്പോര്ട്ടിന്റെ നിറത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം ക്ലാസ് പൗരന്മാര്‍ ആകും.നേവി ബ്ലൂ പാസ്സ്പോര്‍ട്ട് പുതുതായി തയ്യാറാക്കുമ്പോള്‍ ECNR/ECR എന്ന പദവി അതില്‍ വേറിട്ട് അടയാളപ്പെടുത്താമല്ലോ.
ECR-ആവശ്യമില്ല (ECNR) പാസ്സ്പോര്‍ട്ട് ഉള്ളവരുടെ പാസ്സ്പോർട്ടില്‍ നിന്ന് അവസാന പേജ് നീക്കുന്നത് കൊണ്ട് എന്തെങ്കിലും അസൗകര്യം ഉണ്ടാകുമോ?
അവസാന പേജ് നീക്കുന്നത് കൊണ്ട് ഇന്ത്യന്‍ പൗരന്‍ എന്ന വിലാസം സാക്ഷ്യപ്പെടുത്തുന്ന ഒരു രേഖയായി പാസ്സ്പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ല എന്ന കുഴപ്പം ഉണ്ട്.പോലീസ് സാക്ഷ്യപത്രം നിയമപരമായി അവശ്യം വേണ്ടുന്ന ഒരേ ഒരു ഔദ്യോഗിക രേഖയാണ് പാസ്സ്പോര്‍ട്ട് എന്നതിനാല്‍ ഇന്ത്യന്‍ പൗരന്‍റെ ഏറ്റവും ആധികാരികമായ മേല്‍വിലാസരേഖയാവില്ല ഇനി.ചില അവസരങ്ങളില്‍ വിവാഹം, രക്ഷാകര്‍തൃത്വം എന്നിവയ്ക്കുള്ള രേഖയായി പാസ്പോര്‍ട്ട് ഉപയോഗിക്കുന്നതും നടക്കില്ല.
പരിഭാഷ: ആർദ്ര എൻ ജി