ചെന്നൈ:  കനത്ത ചൂടിനെ തുടര്‍ന്ന് കേരള എക്‌സ്‌പ്രസില്‍ യാത്ര ചെയ്തിരുന്ന നാല് യാത്രക്കാര്‍ മരിച്ചു. നാല് പേരും മുതിര്‍ന്ന പൗരന്‍മാരാണ്. അമിത ചൂട് സഹിക്കാന്‍ വയ്യാതെയാണ് നാല് പേരും മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒരാളെ വളരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്നലെ വൈകീട്ടാണ് സംഭവം. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ചാണ് മരണം സംഭവിക്കുന്നത്. ഇവര്‍ക്ക് ചൂട് അമിതമായ സാഹചര്യത്തില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. മരിച്ച നാല് പേരും തമിഴ്‌നാട് സ്വദേശികളാണ്. നിര്‍ജലീകരണത്തെ തുടര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

Read More: സൂര്യാഘാതം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ മന്ത്രി

ആഗ്രയില്‍ നിന്ന് കോയമ്പത്തൂരിലേക്കാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. നോണ്‍ എസി – എസ് 9, എസ് 10 കോച്ചുകളിലായിരുന്നു ഇവര്‍ ഇരുന്നിരുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കോയമ്പത്തൂരിലേക്ക് കൊണ്ടുപോകും. വാരണാസിയും ആഗ്രയും സന്ദര്‍ശിച്ച ശേഷം മടങ്ങി പോകുകയായിരുന്നു 68 അംഗ സംഘം. ഈ സംഘത്തിലുള്ളവരാണ് മരിച്ചത്. ആഗ്രയില്‍ നിന്ന് ട്രെയിൻ പുറപ്പെട്ട് ഏറെ കഴിയും മുന്‍പാണ് യാത്രക്കാര്‍ ബുദ്ധിമുട്ട് പറയാന്‍ തുടങ്ങിയത്. ശാരീരിക അസ്വാസ്ഥ്യവും ശ്വാസോച്ഛാസം നടത്താന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടു. എവിടെ നിന്നെങ്കിലും സഹായം ലഭിക്കും മുന്‍പ് നാല് പേരും മരിച്ചതായി യാത്രാ സംഘത്തിലെ ഒരാള്‍ പറഞ്ഞു.

കോയമ്പത്തൂര്‍ സ്വദേശികളായ പച്ചയ്യ (80), ബാലകൃഷ്ണന്‍ (67), ധനലക്ഷ്മി (74), സുബറായിയ്യ (71) എന്നിവരാണ് മരിച്ചവര്‍. ഇതില്‍ രണ്ട് പേര്‍ സ്ത്രീകളും രണ്ട് പേര്‍ പുരുഷന്‍മാരുമാണ്. ഝാന്‍സിയില്‍ എത്തും മുന്‍പേ മൂന്ന് പേര്‍ മരിച്ചു കഴിഞ്ഞിരുന്നു. ഒരാളെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

Read More: കേരളത്തിൽ പലയിടത്തും ശക്തമായ മഴ, മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്. ഇന്നത്തെ താപനില 48 ഡിഗ്രി സെല്‍ഷ്യസാണ്. നാല് പേര്‍ മരിച്ച ദിവസമായ തിങ്കളാഴ്ച ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഝാന്‍സിയില്‍ രേഖപ്പെടുത്തിയത്. 48.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു തിങ്കളാഴ്ചത്തെ താപനില. ഉഷ്ണതരംഗത്തിനുള്ള മുന്നറിയിപ്പ് ഈ സ്ഥലങ്ങളില്‍ നല്‍കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook