ന്യൂഡല്‍ഹി: യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണല്‍ കപ്പല്‍ കമ്പനി യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കി. കമ്പനിയുടെ വോയേജര്‍ ഓഫ് ദ സീ എന്ന കപ്പലില്‍ സെപ്റ്റംബറില്‍ സിംഗപ്പൂരില്‍ നിന്നും ഓസ്ട്രേലിയയിലേക്കുളള യാത്രയ്ക്കിടെ 1300ഓളം ഇന്ത്യന്‍ യാത്രക്കാര്‍ മോശമായി പെരുമാറിയെന്നായിരുന്നു പരാതി. ഒരു പുകയില കമ്പനിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരാണ് അശ്ലീല ഡാന്‍സ് പാര്‍ട്ടിയും മറ്റും നടത്തി മറ്റ് യാത്രക്കാരെ ബുദ്ധിമുട്ടിച്ചത്. കൂടാതെ കപ്പലിന്റെ ഭൂരിഭാഗം മേഖലകളിലും ഇടംപിടിച്ച ഇവര്‍ പെണ്‍കുട്ടികളോടും മോശമായി പെരുമാറിയതായി പരാതി ഉയര്‍ന്നു.

സെപ്റ്റംബര്‍ 6ന് സിംഗപ്പൂരില്‍ നിന്നും തിരിച്ച് മൂന്ന് രാത്രി പിന്നിട്ടാണ് ഓസ്ട്രേലിയയില്‍ എത്തിയത്. ഓസ്ട്രേലിയയില്‍ എത്തിയതിന് ശേഷമാണ് ഒരു സംഘം യാത്രക്കാര്‍ പരാതിപ്പെട്ടതെന്ന് റോയല്‍ കരീബിയന്‍ വ്യക്തമാക്കിയതായി ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സംഭവത്തില്‍ യാത്രക്കാര്‍ക്ക് തൃപ്തിയാവുന്ന രീതിയില്‍ പരിഹാരം കണ്ടതായും കമ്പനി വ്യക്തമാക്കി.

സ്ത്രീകള്‍ അടക്കമുളള ഇന്ത്യന്‍ യാത്രക്കാര്‍ കപ്പലില്‍ മോശമായ രീതിയില്‍ വസ്ത്രം ധരിച്ചും അശ്ലീലമായ രീതിയില്‍ ഡാന്‍സ് പാര്‍ട്ടിയും നടത്തിയതായി ഒരു യാത്രക്കാരന്‍ പ്രതികരിച്ചു. കപ്പലിന്റെ എല്ലാ ഭാഗങ്ങളും ഇവര്‍ കൈയ്യടക്കിയതായും യാത്രക്കാരനെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം ആറ് യാത്രക്കാര്‍ മാത്രമാണ് പരാതിപ്പെട്ടതെന്ന് ഇന്ത്യക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കിയ ഏജന്‍സിയായ തിരുണ്‍ ട്രാവല്‍ മാര്‍ക്കറ്റിങ് അധികൃതര്‍ വ്യക്തമാക്കി.

‘ഇന്ത്യന്‍ സംഘം മാന്യമായ രീതിയിലാണ് വസ്ത്രം ധരിച്ചിരുന്നത്. യാതൊരു മോശം പെരുമാറ്റവും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അങ്ങനെ എന്തെങ്കിലും തെറ്റായ പെരുമാറ്റം കണ്ടിരുന്നെങ്കില്‍ എന്ത് കൊണ്ട് അപ്പോള്‍ തന്നെ കപ്പല്‍ അധികൃതരെ അറിയിച്ചില്ല? യാത്ര കഴിഞ്ഞപ്പോള്‍ മാത്രമാണ് അവര്‍ പരാതിപ്പെട്ടത്. 3,900 യാത്രക്കാരുണ്ടായിരുന്ന കപ്പലില്‍ ആറ് പേര്‍ക്ക് മാത്രമാണ് പ്രശ്നം ഉണ്ടായിരുന്നത്,’ തിരുണ്‍ ട്രാവല്‍ മാര്‍ക്കറ്റിങ് അധികൃതര്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook