ന്യൂഡൽഹി: നേപ്പാൾ വിമാന ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അപകടത്തിനു തൊട്ടുമുൻപായി യാത്രക്കാരിൽ ഒരാൾ മൊബൈൽ ഫോൺ കാമറയിൽ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പുറംകാഴ്ചകൾ ചിത്രീകരിക്കുന്നതിനിടയിൽ പെട്ടെന്ന് വിമാനം കുലുങ്ങുന്നതായും തീ പടർന്നു പിടിക്കുന്നതായും വീഡിയോയിൽ കാണാം. അതേസമയം, ഇന്ത്യൻ എക്സ്പ്രസിന് വീഡിയോ സ്വതന്ത്രമായി പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല.
ഇന്നലെയാണ് 72 യാത്രക്കാരുമായി പോയ യതി എയർലൈൻസ് എടിആർ 72 വിമാനം അപകടത്തിൽപ്പെട്ടത്. യാത്രക്കാരിൽ അഞ്ച് ഇന്ത്യക്കാരുമുണ്ടായിരുന്നു. നേപ്പാളിലെ പൊഖാറയിലുണ്ടായ വിമാനാപകടത്തില്‍ കുറഞ്ഞത് 68 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. കാണാതായ നാലുപേർക്കായുള്ള തിരച്ചിൽ തുടരുന്നുണ്ട്.
കാഠ്മണ്ഡുവില്‍നിന്ന് യാത്ര ആരംഭിച്ച് 20 മിനുറ്റിനുശേഷമാണ് അപകടം. പൊഖാറയ്ക്ക് കിലോ മീറ്ററുകള്‍ അകലെയാണു തകർന്നുവീണ വിമാനം പൂര്‍ണമായും കത്തിനശിച്ചു. 15 വര്‍ഷം പഴക്കമുള്ളതാണു തകര്‍ന്ന എ ടി ആര് 72 വിമാനമെന്നാണു ഫ്ളൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ‘ഫ്ളൈറ്റ് റഡാര്‍ 24’ പറയുന്നത്.