ന്യൂഡൽഹി: വിമാനയാത്രക്കിടെ ബോളിവുഡ് താരത്തെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. വികാസ് സച്ദേവ് എന്ന മുപ്പത്തിയൊന്പതുകാരനെയാണ് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. കുട്ടികൾക്കെതിരെയുള്ള കുറ്റം തടയുന്ന പോക്സോ ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തത്.

ഡൽഹിയിൽ നിന്നു മുംബൈയിലേക്കുള്ള വിമാന യാത്രയ്‌ക്കിടെ സഹയാത്രികനിൽ നിന്ന് ദുരനുഭവം നേരിടേണ്ടി വന്ന കാര്യം ഇൻസ്‌റ്റഗ്രാമിലൂടെയാണ് നടി അറിയിച്ചത്. ഇൻസ്റ്റഗ്രാം വിഡിയോ വിവാദമായതിനെത്തുടർന്ന് പ്രശ്‌നത്തിൽ ഇടപെട്ട ദേശീയ വനിതാ കമ്മിഷനും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സിവിൽ ഏവിയേഷൻ ഡയറക്‌ടറേറ്റ് ജനറലും എയർ വിസ്‌താരയോടു വിശദീകരണം ആവശ്യപ്പെട്ടു.

സീറ്റിന് പിന്നിലിരുന്ന വ്യക്തി താൻ പാതിയുറക്കത്തിലായിരിക്കുമ്പോൾ കാലുകൊണ്ട് പിന്നിൽനിന്ന് കഴുത്തുവരെ ഉരസി അപമാനിച്ചുവെന്നാണ് താരത്തിന്റെ ആരോപണം. തനിക്കുണ്ടായത് വളരെ മോശം അനുഭവമാണെന്നും ഇവർ പറയുന്നു. ‘അയാൾ ചെയ്‌തതു ശരിയായില്ല. ഒരു പെൺകുട്ടിക്കും ഇത്തരം അനുഭവം ഇനിയുണ്ടാകരുത്. ഇത് ഭീകരമാണ്. പെൺകുട്ടികളുടെ സുരക്ഷയുറപ്പാക്കുന്നത് ഇങ്ങനെയാണോ? നമ്മെ സഹായിക്കാൻ നാം സ്വയം തീരുമാനിച്ചില്ലെങ്കിൽ ആരും സഹായത്തിനുണ്ടാകില്ല’– ഈ വ്യക്തിയുടെ ചിത്രം പകർത്താൻ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവു മൂലം സാധിച്ചില്ലെന്നും നടി വ്യക്തമാക്കുന്നു.

സംഭവത്തിനു പിന്നാലെ നടിയുടെ മുംബൈയിലെ താമസസ്ഥലത്തെത്തിയ പൊലീസ് മൊഴിയെടുത്തിരുന്നു. അതിന്‍റെ അടിസ്ഥാനത്തിനാണ് മുംബൈ പൊലീസ് കേസെടുത്തത്. കേന്ദ്രവ്യോമയാന മന്ത്രാലയവും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലും വിമാനക്കന്പനിയിൽ നിന്ന് വിശദീകരണവും തേടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook