scorecardresearch
Latest News

ദക്ഷിണാഫ്രിക്കയില്‍നിന്ന് മുംബൈയിലെത്തിയ യാത്രക്കാരന് കോവിഡ്; നിരീക്ഷണത്തില്‍

കേപ്ടൗണില്‍നിന്ന് ദുബായ് വഴി ഡല്‍ഹിയിലെത്തി മുംബൈയിലേക്കു സഞ്ചരിച്ച മുപ്പത്തിരണ്ടുകാരനാണു കോവിഡ് സ്ഥിരീകരിച്ചത്. ക്വാറന്റൈനിൽ കഴിയുന്ന ഇദ്ദേഹത്തിനു രോഗലക്ഷണങ്ങളൊന്നുമില്ല

ദക്ഷിണാഫ്രിക്കയില്‍നിന്ന് മുംബൈയിലെത്തിയ യാത്രക്കാരന് കോവിഡ്; നിരീക്ഷണത്തില്‍
ഫയൽ ഫൊട്ടോ

മുംബൈ: ഒമിക്രോണ്‍ ആശങ്കകള്‍ വര്‍ധിക്കുന്നതിനിടെ, ദക്ഷിണാഫ്രിക്കയില്‍നിന്ന് മുംബൈയിലെത്തിയ മുപ്പത്തിരണ്ടുകാരനു കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി വഴി നവംബര്‍ 24നാണ് ഡോംബിവ്‌ലി സ്വദേശി എത്തിയത്. അതേസമയം, ഇയാള്‍ക്ക് ഒമിക്രോണ്‍ വകഭേദമാണോ ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

”യാത്രക്കാരന്‍ കേപ്ടൗണില്‍നിന്ന് ദുബായ് വഴി ഡല്‍ഹിയിലെത്തി. ഡല്‍ഹിയില്‍നിന്ന് സാമ്പിള്‍ നല്‍കിയതിനെത്തുടര്‍ന്നു മുംബൈയിലേക്കുള്ള കണക്റ്റിങ് ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചു. മുംബൈയില്‍ എത്തിയപ്പോള്‍ പോസിറ്റീവാണെന്ന് കണ്ടെത്തി. രോഗലക്ഷണങ്ങളില്ലാത്ത ഇദ്ദേഹം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കോര്‍പ്പറേഷന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലേക്കു മാറ്റി,” കല്യാണ്‍ ഡോംബിവ്ലി മുനിസിപ്പല്‍ കോര്‍പറേഷന്റെ (കെഡിഎംസി) ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രതിഭ പന്‍പാട്ടീല്‍ പറഞ്ഞു.

വിവരം വിമാനത്താവള അധികൃതരെ അറിയിച്ചതായും രോഗിയുടെ സഹയാത്രികരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കെഡിഎംസി ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇയാള്‍ക്കു ഒമിക്രോണ്‍ വകഭേദമാണോ ബാധിച്ചതെന്ന് അറിയാന്‍ സാമ്പിളുകള്‍ ജിനോം സീക്വന്‍സിങ്ങിന് അയച്ചതായി മഹാരാഷ്ട്ര അഡീഷണല്‍ ചീഫ് സെക്രട്ടറി (ആരോഗ്യം) ഡോ. പ്രദീപ് വ്യാസ് പറഞ്ഞു.

ഒമിക്രോണ്‍ ആശങ്കയുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര യാത്രക്കാരുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നവംബര്‍ 11നു പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റിനു വിധേയമാകണം. തുടര്‍ന്ന് വിമാനത്താവളത്തില്‍നിന്നു പോകാമെങ്കിലും ഏഴു ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. എട്ടാം ദിവസം വീണ്ടും ടെസ്റ്റ് നടത്തണം.

അതിനിടെ, ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള ഒമിക്രോണ്‍ ആശങ്കയുള്ള രാജ്യങ്ങളില്‍നിന്ന് 15 ദിവസത്തിനിടെ മുംബൈയിലെത്തിയ 466 യാത്രക്കാരെ കണ്ടെത്താന്‍ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) അധികൃതര്‍ ശ്രമമാരംഭിച്ചു. ഇവരില്‍നിന്ന്, ആര്‍ടി-പിസിആര്‍ ടെസ്റ്റിനായി സ്രവസാമ്പിളുകൾ ശേഖരിക്കും.

ഈ 466 യാത്രക്കാരില്‍ 97 പേരും നഗരവാസികളാണെന്ന് അധികൃതര്‍ പറഞ്ഞു. മുംബൈയില്‍ താമസിക്കുന്ന യാത്രക്കാര്‍ക്കു രോഗലക്ഷണങ്ങളില്ലെന്നും എല്ലാവരും വീടുകളില്‍ ക്വാറന്റൈനിലാണെന്നും ബിഎംസി അഡീഷണല്‍ കമ്മിഷണര്‍ സുരേഷ് കക്കാനി പറഞ്ഞു. ഇവരെ ഇന്ന് ആര്‍ടി-പിസിആര്‍ ടെസ്റ്റിനു വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒമിക്രോണ്‍ ആശങ്ക നിലനില്‍ക്കുന്ന രാജ്യങ്ങളില്‍നിന്ന് മുംബൈയിലെത്തുന്നതോ മുംബൈ വഴി സഞ്ചരിക്കുന്നതോ യാത്രക്കാര്‍ക്കു മഹാരാഷ്ട്ര സര്‍ക്കാര്‍ ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിനു ലഭിച്ച വിവരം. അഭ്യന്തര യാത്രക്കാര്‍ പ്രവേശിക്കുന്നതിനു നിര്‍ബന്ധമായും നെഗറ്റീവ് ആര്‍ടി-പിസിആര്‍ പരിശോധനാ ഫലം കരുതണമെന്ന ചട്ടം സര്‍ക്കാര്‍ തിരികെ കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇറങ്ങി ആഭ്യന്തര വിമാനങ്ങള്‍, റോഡുകള്‍, റെയില്‍വേ എന്നിവ വഴി മഹാരാഷ്ട്രയിലേക്കു യാത്ര ചെയ്യുകയും ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാരെ ‘യുദ്ധകാലാടിസ്ഥാനത്തില്‍’ നിരീക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു ആരോഗ്യമന്ത്രി രാജേഷ് തോപെ നിര്‍ദേശം നല്‍കി.

Also Read: ഒമിക്രോൺ: യാത്രാ മാർഗനിർദേശങ്ങൾ കേന്ദ്രം പുതുക്കി; വിമാനയാത്രാ ഇളവുകൾ പുനപ്പരി ശോധിക്കും

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Passenger from s africa tests positive in delhi then travels to mumbai