ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും കസ്റ്റംസ് അധികൃതര്‍ പുലിക്കുട്ടിയെ പിടികൂടി. തായ്ലന്ഡില് നിന്നും ഇന്ന് രാവിലെ ചെന്നൈയിലെത്തിയ കാഹാ മൊയ്ദീന് (45) എന്നയാളില്‍ നിന്നാണ് പുലിക്കുട്ടിയെ കണ്ടെത്തിയത്. ബാങ്കോക്കില്‍നിന്നും ബാഗില്‍ വച്ചാണ് പുലിയെ എത്തിച്ചത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് അധികൃതര്‍ കാഹയെ തടഞ്ഞ് പരിശോധിക്കുന്നതിനിടയിലാണ് ബാഗില്‍ നിന്നും പുലിക്കുട്ടിയുടെ പതിഞ്ഞ കരച്ചിലും ആക്രോശവും കേട്ടത്. പൂച്ചയാണെന്നാണ് ഉദ്യോഗസ്ഥര്‍ ആദ്യം കരുതിയത്. പിങ്ക് നിറത്തിലുളള ഒരു പ്ലാസ്റ്റിക് ബാസ്കറ്റിലായിരുന്നു പുലിക്കുട്ടിയെ ഒളിപ്പിച്ചിരുന്നത്. പരിഭ്രാന്തനായ രീതിയിലായിരുന്നു പുലിക്കുട്ടി ഉണ്ടായിരുന്നത്. കസ്റ്റംസ് അധികൃതര്‍ പുലിക്കുട്ടിക്ക് കുപ്പിയില്‍ പാല് നല്കി. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരും വിമാനത്താവളത്തിലെത്തി.
പന്തേര പാര്‍ദസ് ഇനത്തില്‍പെട്ട പെണ്‍കടുവ കുട്ടിയാണ് ഇതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. 1.1 കിലോഗ്രാം ഭാരവും 54 സെന്റിമീറ്റര്‍ നീളവുമായിരുന്നു പുലിക്കുട്ടിക്ക് ഉണ്ടായിരുന്നത്. പുലിക്കുട്ടിയെ തമിഴ്നാട് വനംവകുപ്പിന് കൈമാറി. 1972 വനംവന്യജീവി സംരക്ഷണ നിയമപ്രകാരം പ്രതിക്കെതിരെ കേസ് ഫയല്‍ ചെയ്തു.