ന്യൂഡൽഹി: സിപിഎം ശക്തികേന്ദ്രങ്ങളിൽ വലിയ രീതിയിലുള്ള വോട്ട് ചോർച്ചയുണ്ടായെന്ന് പോളിറ്റ് ബ്യൂറോ. ഇത് സംബന്ധിച്ച വിശദമായ പരിശോധന നടത്താനും പോളിറ്റ് ബ്യൂറോ തീരുമാനിച്ചു. ആവശ്യം വേണ്ട തിരുത്തലുകൾ വരുത്തുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദേശീയ തലത്തിൽ പാര്‍ട്ടി നേതൃത്വം കോണ്‍ഗ്രസിനോട് സ്വീകരിച്ച മൃദുസമീപനം തിരിച്ചടിക്ക് കാരണമായെന്ന് കേരള ഘടകം പിബിയിൽ ആരോപിച്ചു. കോണ്‍ഗ്രസുമായി നീക്കുപോക്കുണ്ടാക്കാന്‍ നടത്തിയ ശ്രമം തിരിച്ചടിച്ചെന്നായിരുന്നു പിബിയില്‍ സംസ്ഥാന നേതാക്കളുടെ വിമര്‍ശനം. ദേശീയ തലത്തിൽ കോൺഗ്രസിനോട് സ്വീകരിച്ച സമീപനവും കേരളത്തിലെ തിരിച്ചടിക്ക് കാരണമായെന്നു സംസ്ഥാന നേതൃത്വം നിലപാട് എടുത്തു. അക്കാര്യം കേന്ദ്ര കമ്മിറ്റി പരിശോധിക്കുമെന്ന് സിപിഎം ജന.സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ശബരിമലയും പരാജയകാരണമായോ എന്ന കാര്യവും പരിശേധിക്കും.
തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് ആത്മപരിശോധന നടത്തി മുന്നോട്ടുപോകുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്നും എന്നാൽ പാർട്ടി കൂട്ടായിട്ടാണ് മുന്നോട്ട് പോകുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.
പതിനേഴാം ലോക്‌സഭയിലേക്ക് മൂന്ന് സീറ്റുകളിൽ മാത്രമാണ് സിപിഎമ്മിന് ജയിക്കാൻ സാധിച്ചത്. കേരളത്തിൽ നിന്ന് ഒരു സീറ്റും തമിഴ്നാട്ടിൽ നിന്നും രണ്ട് സീറ്റിലും ജയിക്കാൻ സിപിഎമ്മിന് സാധിച്ചു. കേരളത്തിൽ ഇടത് കോട്ടകൾ എന്ന് കരുതിയിരുന്ന പല മണ്ഡലങ്ങളും യുഡിഎഫ് സ്വന്തമാക്കിയപ്പോൾ പശ്ചിമ ബംഗാളിൽ പാര്‍ട്ടി വോട്ടുകൾ ഏതാണ്ട് പൂര്‍ണമായി തന്നെ ചോര്‍ന്നുപോയി.
പശ്ചിമ ബംഗാളില്‍ സീറ്റുകളൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, സിറ്റിങ്ങ് സീറ്റുകളിലടക്കം പാര്‍ട്ടി കോണ്‍ഗ്രസ്സിനും പിന്നാലെ നാലാമതായിരുന്നു. ത്രിപുരയിലും കോണ്‍ഗ്രസ്സിനു പിന്നാലെ മൂന്നാമതാണ് സിപിഎം. ഇരു സംസ്ഥാനത്തും പത്ത് ശതമാനത്തില്‍ താഴെയാണ് പാര്‍ട്ടി നേടിയ വോട്ട് വിഹിതം. റായ്ഗഞ്ചില്‍ മത്സരിച്ച പിബി അംഗം മുഹമ്മദ് സലീം പരാജയപെട്ടതും നാലാമതായാണ്.