കോണ്‍ഗ്രസില്‍ സംഘടനപരമായ മാറ്റത്തിനായി ശ്രമിക്കുന്ന ജി-23 ഗ്രൂപ്പിന്റെ ഭാഗമാണ് കോണ്‍ഗ്രസ് എംപിയായ മനീഷ് തീവാരി. കൂട്ടായ നേതൃത്വമാണ് കോണ്‍ഗ്രസിന് ആവശ്യമെന്ന് നിര്‍ദേശിച്ചുകൊണ്ട് ജി-23 ഗ്രൂപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ ഒപ്പിട്ട നേതാക്കന്മാരിലും മനീഷ് ഉള്‍പ്പെടുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേരിടുന്ന അസ്തിത്വ പ്രതിസന്ധിയെക്കുറിച്ച് മനീഷ് തീവാരി ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിന് ശേഷം ജി-23 നേതാക്കള്‍ കൂട്ടായ നേതൃത്വത്തിന്റെ ആവശ്യകതയെക്കുറിച്ച് ചൂണ്ടിക്കാണിച്ചിരുന്നു. ഇപ്പോൾ തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കുന്നുണ്ടോ?
18 മുതിര്‍ന്ന നേതാക്കളാണ് ഗുലാം നബി ആസാദിന്റെ വസതിയില്‍ യോദം ചേര്‍ന്നത്. മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമെല്ലാം യോഗത്തിന്റെ ഭാഗമായിരുന്നു. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായ ചില പരിഷ്‌കാരങ്ങൾ ഞങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടും തുടരുന്ന തിരിച്ചടികളിൽ ആശങ്കയുണ്ട്. 11 സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസിന് നഷ്ടമായിട്ടുള്ളത്. യാഥാര്‍ത്ഥ്യം മനസിലാക്കാതെയാണ് പല തീരുമാനങ്ങളും ഉണ്ടാകുന്നതെന്ന ഗുരുതര പ്രശ്നം നിലനില്‍ക്കുന്നുണ്ട്. ഞങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കെയായിരുന്നു പരാജയങ്ങള്‍ സംഭവിച്ച സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അഞ്ച് പേരെ നിയോഗിച്ച വാര്‍ത്ത എത്തുന്നത്. നിയോഗിച്ചപ്പെട്ട പലരും പല സംസ്ഥാനങ്ങളിലേയും സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചവരില്‍ ഉള്‍പ്പെട്ടവരാണ് എന്നതാണ് കൗതുകം.
തിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ തുടര്‍ തോല്‍വികളെക്കുറിച്ചുള്ള അഭിപ്രായം?
കോണ്‍ഗ്രസ് ഒരു അസ്തിത്വ പ്രതിസന്ധി നേരിടുന്നു എന്ന് ഊന്നിപ്പറയാനാകില്ല, ശെരിക്കും കോണ്‍ഗ്രസില്ലാത്ത ഭാരതത്തിലേക്കാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 49 നിയമസഭാ തിരഞ്ഞെടുപ്പില്‍ 39 എണ്ണത്തിലും തോല്‍വിയറിഞ്ഞു. പരിതാപകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഒരു ആത്മപരിശോധനയല്ല ഇവിടെ ആവശ്യം, ഈ തകര്‍ച്ചയെ തടയാനുള്ള ശസ്ത്രക്രിയയാണ് വേണ്ടത്.
ഒരു ശസ്ത്രക്രിയ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രസ്ഥാനങ്ങളും ഒരു ആശയമാണ് മുന്നോട്ട് വയ്ക്കുന്നത്. 1885 ല്‍ മുതല്‍ നിലനില്‍ക്കുന്ന ഒരു ആശയത്തിന്റെ അസ്തമനം അടുത്തതായി തോന്നുന്നു. ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും അഞ്ച് ഘടകങ്ങൾ ആവശ്യമാണ്, ആശയം, നേതൃത്വം, ആഖ്യാനം, സംഘടന, വിഭവങ്ങള്‍. ദേശീയ തലത്തിൽ മാത്രമല്ല, സംസ്ഥാന-ജില്ലാ തലങ്ങളിൽ പോലും ഈ ഓരോ ഘടകവും കോണ്‍ഗ്രസിന് ഇപ്പോള്‍ ആവശ്യമാണ്. 1998 മുതൽ 2017 വരെ സോണിയാഗാന്ധി നയിച്ച നേതൃത്വം,കോൺഗ്രസിലെ ഒരു വലിയ വിഭാഗം ജനങ്ങൾക്ക് ഇപ്പോഴും സ്വീകാര്യമായ ഒന്നാണ്. നഷ്ടപ്പെട്ട നേതൃത്വ പാഠവം തിരികെയെത്തിക്കാന്‍ സാധിക്കണം.
ഭൂരിഭാഗം പേര്‍ക്കും ഏറ്റവും സ്വീകാര്യയായ നേതാവ് സോണി ഗാന്ധിയാണെങ്കിൽ, രാഹുൽ ഗാന്ധിക്ക് പാര്‍ട്ടിയില്‍ സ്വീകാര്യതയില്ലേ?
2019 ന് ശേഷമാണ് തോല്‍വികള്‍ പതിവായത്. ഹരിയാനയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായി. മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിച്ചു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ പ്രതീക്ഷ നല്‍കുന്ന ചിലതൊക്കെ സംഭവിച്ചിരുന്നു. പിന്നീട് തിരിച്ചടികള്‍ തുടര്‍ച്ചയായി സംഭവിച്ചു. ഇതിനെല്ലാം ആരെങ്കിലും കാരണക്കാരായിരിക്കുമല്ലോ.
പഞ്ചാബിലെ തോല്‍വിയെ അല്ലെ കൂടുതല്‍ ഭയക്കേണ്ടത്, കാരണം പുതിയൊരു പാര്‍ട്ടിയാണ് അവിടെ അധികാരത്തിലെത്തിയത്?
ഒരേ സമയം കഴുത്തും കാലുകളും അറത്തു കളയുന്നതിന് സമാനമായ ഒന്നായിരുന്നു പഞ്ചാബിലേത്. 2021 മേയ് മാസത്തിൽ കോൺഗ്രസ് തിരിച്ചുവരുമെന്ന് പറയാത്തവരായി ആരുമുണ്ടായിരുന്നില്ല. 2021 മേയ് മുതൽ 2022 ഫെബ്രുവരി വരെ പാര്‍ട്ടിയെ പൂര്‍ണമായും നശിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളുണ്ടായി. മല്ലികാർജുൻ ഖാർഗെ കമ്മിറ്റിയുടെ നിയമനത്തിന് പിന്നാലെയാണ് എല്ലാത്തിന്റേയും ആരംഭം. പഞ്ചാബിൽ കോൺഗ്രസിന്റെ വീഴ്ചയുടെ ഉത്തരവാദി ഹരീഷ് റാവത്താണ്.
പഞ്ചാബിലെ സ്ഥിതി എന്താണെന്ന കാര്യത്തിൽ അദ്ദേഹം നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചു. നവജ്യോത് സിദ്ദുവിന് മുന്‍നിരയിലേക്ക് എത്തിച്ചാല്‍ ഉത്തരാഖണ്ഡിൽ കോണ്‍ഗ്രസിന്റെ മുഖമാകാമെന്ന് ആരോ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു. ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ മാറ്റാനുള്ള നടപടി തികച്ചും തെറ്റായ തീരുമാനമായിരുന്നു. 68 എംഎൽഎമാർ അമരീന്ദര്‍ സിങ്ങിനെ പുറത്താക്കണമെന്നും അദ്ദേഹത്തിന്റെ ജനപ്രീതി രണ്ട് ശതമാനം മാത്രമാണെന്നും ചിലര്‍ വര്‍ക്കിങ്ങ് കമ്മിറ്റിയിൽ പറഞ്ഞതായി ഞാൻ കേട്ടു. ഇതിനെപ്പറ്റിയെല്ലാം ഗൗരവമായ അന്വേഷണം ആവശ്യമായിരുന്നു.
സിദ്ധു പ്രിയങ്ക ഗാന്ധിയുടെ അടുത്തയാളാണെന്ന് പറയപ്പെടുന്നു, സിന്ധുവിന്റെ നിയമനത്തില്‍ പ്രിയങ്കയ്ക്ക് പങ്കുണ്ടോ?
നേതൃത്വത്തിന് അത്തരം പേരുകൾ നിർദ്ദേശിക്കുന്നവര്‍ തന്നെയാണ് ഉത്തരവാദികള്‍. പിസിസി പ്രസിഡൻറായ നിമിഷത്തില്‍ അദ്ദേഹത്തിന്റെ പെരുമാറ്റം വളരെ മോശമായിരുന്നു. പിസിസി അധ്യക്ഷൻ പഞ്ചാബിലെ കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും വലിയ ശത്രുവായി മാറി. നാല് മാസത്തിനുള്ളില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയും പൂര്‍ണമായി.
ഗാന്ധി കുടുംബം നേതൃത്വത്തില്‍ നിന്ന് മാറണമെന്നും മറ്റൊരാള്‍ക്ക് അവസരം കൊടുക്കണമെന്നുമുള്ള നിര്‍ദേശത്തിനെപ്പറ്റിയുള്ള താങ്കളുടെ കാഴ്ചപ്പാട്?
സ്ഥിതിഗതികൾ വളരെ ഗുരുതരമാണ്, സാധാരണപോലെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് എന്റെ അഭിപ്രായം. എഐസിസി യോഗം വിളിക്കേണ്ടത് അനിവാര്യമാണ് അല്ലെങ്കില്‍ പുതിയ വർക്കിംഗ് കമ്മിറ്റിയെ നിയമിക്കണം. പാർലമെന്ററി ബോർഡ് സ്ഥാപിക്കണം. നമ്മൾ എക്കാലവും ആവശ്യപ്പെടുന്ന കൂട്ടായ പ്രവർത്തന ശൈലി ഉണ്ടാകണം. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ആർക്കും എതിര്‍പ്പില്ല എന്നുള്ളതാണ്. ഞാൻ ഇത് പരസ്യമായി പറഞ്ഞിട്ടുണ്ട്, ആവർത്തിക്കാൻ എനിക്ക് ഒരു മടിയുമില്ല. അവരെ ഞാന്‍ ഏറെ ബഹുമാനിക്കുന്നുണ്ട്.
Also Read: ‘നേതൃത്വം വിചിത്ര ലോകത്ത്; അനിവാര്യസമയത്ത് മാറ്റം വേണം’: കപില്‍ സിബല്‍ അഭിമുഖം