ന്യൂഡല്‍ഹി: ഒക്ടോബര്‍ 25-നു ഭാഗിക സൂര്യഗ്രഹണം സംഭവിക്കാനിരിക്കുകയാണ്. യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്കയുടെ വടക്കു-കിഴക്കന്‍ ഭാഗങ്ങള്‍, പടിഞ്ഞാറന്‍ ഏഷ്യ, വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രം, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം എന്നിവ ഉള്‍ക്കൊള്ളുന്ന മേഖലയ്‌ക്കൊപ്പം ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഗ്രഹഹം ദൃശ്യമാകും.
രാജ്യത്ത് സൂര്യാസ്തമയത്തിനു മുമ്പ് ഗ്രഹണം ആരംഭിക്കുമെന്നും മിക്ക സ്ഥലങ്ങളിലും ദൃശ്യമാകുകമെന്നുമാണു ഭൗമശാസ്ത്ര മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഗ്രഹണം ദൃശ്യമാകില്ല. ചെന്നൈയും ബെംഗളുരുവുമാണു ഗ്രഹണം കാണാന്‍ കഴിയുന്ന കേരളത്തിന് ഏറ്റവും അടുത്തുള്ള സ്ഥലങ്ങള്‍.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഐസ്വാള്‍, ദിബ്രുഗഢ്, ഇംഫാല്‍, ഇറ്റാനഗര്‍, കൊഹിമ, സിബ്‌സാഗര്‍, സില്‍ച്ചാര്‍, തമേലോങ് തുടങ്ങിയ വടക്കുകിഴക്കന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഗ്രഹണം കാണാന്‍ കഴിയില്ല.
സൂര്യാസ്തമയത്തിനു ശേഷമാണു സംഭവിക്കുകയെന്നതിനാല്‍ ഗ്രഹണത്തിന്റെ അവസാനഘട്ടം ഇന്ത്യയില്‍ ദൃശ്യമാകില്ല. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഗ്രഹണത്തിന്റെ ഉയര്‍ന്ന സമയത്ത് ചന്ദ്രന്‍ സൂര്യനെ മറയ്ക്കുന്നത് 40 മുതല്‍ 50 ശതമാനം വരെ ആയിരിക്കും. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇതിനേക്കാള്‍ കുറവായിരിക്കും. ഡല്‍ഹിയില്‍ 44 ശതമാനവും മുംബൈയില്‍ 24 ശതമാനവും ആയിരിക്കുമിത്.
ദ്വാരകയില്‍ ഒരു മണിക്കൂര്‍ 44 മിനുറ്റും അഹമ്മദാബാദിലും അമൃത്സറിലും ഒരു മണിക്കൂറും 27 മിനുറ്റമായിരിക്കും സൂര്യാസ്തമയം വരെയുള്ള ഗ്രഹണ ദൈര്‍ഘ്യം. അജ്മീര്‍-1.23 മണിക്കൂര്‍, മുംബൈ-1.19 മണിക്കൂര്‍, ഡല്‍ഹി-1.13 മണിക്കൂര്‍, ഭോപ്പാാല്‍-1.04 മണിക്കൂര്‍ എന്നിങ്ങനെയാണു മറ്റു പ്രധാന നഗരങ്ങളിലെ ദൈര്‍ഘ്യം. ചെന്നൈയില്‍ 31 മിനുറ്റും കൊല്‍ക്കത്തയില്‍ 12 മിനുറ്റും മാത്രമാണു സൂര്യാസ്തമയം വരെയുള്ള ദൈര്‍ഘ്യം.
ചെന്നൈയില്‍ വൈകിട്ട് 5.14 നും ബെംഗളൂരുവില്‍ 5.12 നുമാണു ഗ്രഹണം ആരംഭിക്കുക. മറ്റു നഗരങ്ങളില്‍ ആരംഭിക്കുന്ന സമയം: ജമ്മു-4.17, അമൃത്സര്‍-4.20, ചണ്ഡീഗഡ്-4.23, ഹരിദ്വാര്‍-4.25, ഡെറാഡൂണ്‍-4.26, ഡല്‍ഹി- 4.29, അജ്മീര്‍-4.32, ജയ്പുര്‍-4.32, അഹമ്മദാബാദ്-4.38, ഭോപ്പാല്‍-4.42, മുംബൈ-4.49.
സൂര്യന്റെയും ഭൂമിയുടെയും പാതയ്ക്കിടയില്‍ ചന്ദ്രന്‍ വരുമ്പോള്‍ ഗ്രഹത്തില്‍ അതിന്റെ നിഴല്‍ പതിക്കുന്നതാണ് സൂര്യഗ്രഹണം. നഗ്‌നനേത്രങ്ങള്‍ കൊണ്ട് കുറച്ചുസമയത്തേക്കു പോലും സൂര്യഗ്രഹണം കാണുന്നതു സുരക്ഷിതമല്ല. ഗ്രഹണം പൂര്‍ണമാകുന്ന സമയത്തു പോലും നേരിട്ടു കണ്ണുകൊണ്ട് കാണുന്നതു ദോഷം ചെയ്യുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പറയുന്നു. ഇത് അന്ധതയിലേക്കു നയിക്കുന്ന സ്ഥിരമായ കേടുപാടുകള്‍ കണ്ണുകള്‍ക്കു വരുത്തും.
അലൂമിനൈസ്ഡ് മൈലാര്‍, ബ്ലാക്ക് പോളിമര്‍, ഷേഡ് നമ്പര്‍ 14 ന്റെ വെല്‍ഡിങ് ഗ്ലാസ് തുടങ്ങിയ ശരിയായ ഫില്‍ട്ടര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ ദൂരദര്‍ശിനി ഉപയോഗിച്ച് വൈറ്റ് ബോര്‍ഡില്‍ സൂര്യന്റെ ചിത്രം പ്രൊജക്ഷന്‍ ചെയ്‌തോ പിന്‍ഹോള്‍ പ്രൊജക്ടര്‍ ഉപയോഗിച്ചോ സൂര്യഗ്രഹണം നിരീക്ഷിക്കുന്നതാണു സുരക്ഷിത രീതി.
2027 ഓഗസ്റ്റ് രണ്ടിനാണ് അടുത്ത സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകുക. ഇതു പൂര്‍ണ സൂര്യഗ്രഹണമായിരിക്കുമെങ്കിലും ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും ഇത് ഭാഗികമായാണു ദൃശ്യമാകുക.
യു എ ഇയിലെ പള്ളികളിൽ പ്രത്യേക പ്രാർഥനകൾ
ഭാഗിക സൂര്യഗ്രഹണത്തിന്റെ ഭാഗമായി ദുബൈയിലെ പള്ളികളിലുടനീളം പ്രത്യേക പ്രാർത്ഥനകൾ നടത്തും. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.42 നും 4.54 നും ഇടയിലാണു യു എ ഇയിൽ ഗ്രഹണം ദൃശ്യമാവുക. അസർ നമസ്കാരാനന്തരം ഗ്രഹണ നമസ്കാരം നടത്തുമെന്ന് ദുബായ് ഇസ്ലാമിക അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റ് (ഐ എ സി ഐ ഡി)ആണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
ഗ്രഹണം ഉച്ചസ്ഥിതിയിൽ എത്തുമ്പോഴാണു “ഖുസൂഫ് എന്ന അറിയപ്പെടുന്ന ഗ്രഹണ നമസ്കാരം നടത്തുന്നത്. ഇസ്‌ലാം മത വിശ്വാസപ്രകാരം സന്മാർഗത്തിൽ ജീവിക്കാനുള്ള ദൈവികമായ ഓർമപ്പെടുത്തലായാണ് ഗ്രഹണത്തെ കണക്കാക്കുന്നത്. അതിനാൽ പ്രായപൂർത്തിയായ വിശ്വാസികൾ സാധാരണ നിർവഹിക്കാറുള്ള അഞ്ച് നേരത്തെ പ്രാർത്ഥനയിൽനിന്നു വ്യത്യസ്തമാണ് ഖുസൂഫ്. സാധാരണ നമസ്കാര രീതികളിൽനിന്ന് അൽപ്പം വ്യത്യസ്തമായി ഗ്രഹണ നമസ്കാരങ്ങളിൽ ദീർഘമായ ഖുർആൻ പാരായണമുണ്ടാവും. പ്രാർത്ഥനാ ദൈർഘ്യവും കൂടുതലായിരിക്കും.
ഭാഗിക സൂര്യഗ്രഹണത്തിന്റെ 40 ശതമാനമാണു യു എ ഇയിൽ ലഭ്യമാകുക. പ്രാദേശിക സമയം വൈകിട്ടു മൂന്നു മുതൽ നാലു വരെയാകും കാണാൻ സാധിക്കുകയെന്ന് എമിറേറ്റ്സ് അസ്‌ട്രോണോമി സൊസൈറ്റി ചെയർമാനും അറബ് ഫെഡറേഷൻ ഫോർ അസ്‌ട്രോണോമി ആൻഡ് സ്പേസ് അംഗവുമായ ഇബ്രാഹിം അൽ ജവാൻ പറഞ്ഞു.
2.42 നു പ്രത്യക്ഷമാവുന്ന ഗ്രഹണം 4.54 നു അവസാനിക്കും. ഗ്രഹണം ഏറ്റവും വ്യക്തമായി ദൃശ്യമാകുന്നത് ദുബായ് സമയം 3.52 നാണ്.