ചെന്നൈ: ദേശീയ പുരസ്കാര ജേതാവും തമിഴ് താരവുമായ ആര്‍ പാര്‍ത്ഥിപന്‍ പാവം ഉപ്പുമാവിനെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ചില ചാനലുകള്‍ക്ക് ചൂടുപിടിച്ച വിഷയം. രാജ്യത്ത് അസഹിഷ്ണുതയാണെന്നും ഭക്ഷണത്തില്‍ വരെ അധികാര കൈകടത്തലുകളാണെന്നുമുളള വിമര്‍ശനം ഉയരുന്നതിനിടെയാണ് പാര്‍ത്ഥിപന്റെ പരാമര്‍ശം വിവാദമാക്കിയത്.

പട്ടിണിക്കാലം അതിജീവിക്കാന്‍ താന്‍ ചെയ്തത് എന്തൊക്കെയാണെന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തികമായി താന്‍ തകര്‍ന്ന കാലത്ത് ഉപ്പുമാവ് രക്ഷകനായെത്തിയ കഥയാണ് അദ്ദേഹം ഹിന്ദുവിന് അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഒരുപാട് പണം ഉണ്ടായിരുന്ന നേരം താന്‍ ‘കേസരി’യാണ് പാചകം ചെയ്തതെന്നും എന്നാല്‍ പണമില്ലാതിരുന്നപ്പോള്‍ ചെലവ് ചുരുക്കാനായി ഉപ്പുമാവ് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

“ഇന്നത്തെ കാലത്ത് പോലും നിരവധി സഹസംവിധായകര്‍ ഉപ്പുമാവ് മാത്ര കഴിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് കുറഞ്ഞ ചേരുവകള്‍ മാത്രം ഉപയോഗിച്ച് ഉണ്ടാക്കാന്‍ കഴിയുമെന്നതാണ് ഉപ്പുമാവിന്റെ പ്രത്യേകത. അത്കൊണ്ട് തന്നെ ഉപ്പുമാവ് ദേശീയ ഭക്ഷണമാക്കണമെന്നാണ് എന്റെ അഭിപ്രായം”, പാര്‍ത്ഥിപന്‍ പറഞ്ഞു.

സ്വകാര്യജീവിതത്തില്‍ താന്‍ നേരിടേണ്ടി വന്ന കഷ്ടപ്പാടുകളെ കുറിച്ചാണ് താരം പറഞ്ഞതെങ്കിലും ചിലരത് ഏറ്റെടുത്തത് ഭക്ഷണസ്വാതന്ത്രത്തിന്റെ മേലുളള കടന്നുകയറ്റ ശ്രമമായിട്ടായിരുന്നു. ഇംഗ്ലീഷ് ന്യൂസ് ചാനലായ ന്യൂസ് എക്സ് വിഷയത്തില്‍ ഒരു ചര്‍ച്ചയും സംഘടിപ്പിച്ചു. ‘ഉപ്പുമാവ് ദേശീയ ഭക്ഷണമോ?’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ നടനെതിരെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ത്തി.

‘പാവപ്പെട്ട ഉപ്പുമാവിന്റെ പേരിലും രാഷ്ട്രീയം’ പറയുന്നത് ഉപ്പുമാവ് ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുളള ശ്രമമാണെന്നും അവതാരക ആരോപിച്ചു. ഇന്ത്യ പോലെ വിവിധ സംസ്കാരങ്ങള്‍ പിന്തുടരുന്ന ജനങ്ങളുളള രാജ്യത്ത് ഒരു ദേശീയ ഭക്ഷണമെന്നത് അസാധ്യമാണെന്നുമുളള പുതിയ കണ്ടെത്തലും നടത്തിയാണ് ചാനല്‍ ചര്‍ച്ച അവസാനിപ്പിക്കുന്നത്. എന്നാല്‍ ചാനലിന്റെ ചര്‍ച്ചയ്ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്യ കൂട്ടത്തില്‍ പാര്‍ത്ഥിപനും ഉണ്ടായിരുന്നു. പട്ടിണിക്കാലത്ത് ഉപ്പുമാവ് ആയിരുന്നു തന്റെ ദേശീയ ഭക്ഷണമാണെന്നാണ് ഉദ്ദേശിച്ചതെന്നും എന്നാല്‍ ഇത്തരക്കാര്‍ അതില്‍ മസാല കൂട്ടിച്ചേര്‍ത്തുവെന്നും പാര്‍ത്ഥിപന്‍ ട്വിറ്ററില്‍ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook