/indian-express-malayalam/media/media_files/uploads/2021/06/page-1.jpg)
ഡൽഹി: കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദിന്റെയും കോൺഗ്രസ്സ് എം.പി ശശി തരൂരിന്റെയും ട്വിറ്റർ അക്കൗണ്ടുകൾ തടഞ്ഞതിൽ ട്വിറ്ററിനോട് പാർലമെന്ററി സമിതി ചൊവ്വാഴ്ച മറുപടി തേടി. ഇതു സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളിൽ മറുപടി നല്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ട്വിറ്ററിന് കത്ത് അയച്ചതായി വൃത്തങ്ങൾ പറഞ്ഞു.
രവി ശങ്കർ പ്രസാദിന്റെയും മറ്റുള്ളവരുടെയും അക്കൗണ്ടുകൾ തടഞ്ഞത് സംബന്ധിച്ച് ട്വിറ്ററിൽ നിന്ന് മറുപടി തേടാൻ സമിതി ചെയർമാൻ ശശി തരൂർ നിർദേശം നൽകിയത് പ്രകാരമാണ് കത്തയച്ചത് എന്ന് വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രിയായ രവി ശങ്കർ പ്രസാദിന്റെ ട്വിറ്റർ അക്കൗണ്ട് ഉപയോഗിക്കുന്നതിൽ നിന്നും ട്വിറ്റർ തടഞ്ഞത്. പുതിയ ഐടി നിയമങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് ട്വിറ്ററുമായി നടക്കുന്ന തർക്കത്തിന്റെ ഭാഗമായാണിതെന്ന തോന്നലുണ്ടാക്കിയിരുന്നു.
യൂഎസ് ഡിജിറ്റൽ മില്ലേനിയം കോപ്പിറൈറ്റ് ആക്ട് ലംഘിച്ചു എന്ന കാരണത്താൽ കേന്ദ്ര മന്ത്രിയുടെ അക്കൗണ്ട് ഒരു മണിക്കൂറോളമാണ് ട്വിറ്റർ തടഞ്ഞത്. എന്നാൽ ട്വിറ്റർ പുതിയ ഐടി നിയമം ലംഘിക്കുകയാണ് ഉണ്ടായത് എന്നാണ് മന്ത്രി പറഞ്ഞത്. പുതിയ ഐടി നിയമം പ്രകാരം ഒരു അക്കൗണ്ട് തടയുന്നതിന് മുൻപ് ഉപയോക്താവിന് മുൻകൂർ അറിയിപ്പ് നൽകണം. ട്വിറ്റർ സ്വന്തം അജണ്ട നടപ്പിലാകുകയാണെന്നായിരുന്നു ഐടി മന്ത്രിയുടെ പ്രതികരണം.
Read Also: ഡ്രോൺ ആക്രമണം: രാജ്നാഥ് സിങ്, അജിത് ദോവൽ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
മന്ത്രി തന്റെ അക്കൗണ്ട് തടഞ്ഞ വിവരം പറഞ്ഞതിനു പിന്നാലെ ശശി തരൂരും തന്റെ അക്കൗണ്ട് സമാന രീതിയിൽ തടഞ്ഞതായി പറഞ്ഞു. ബോണി എം ഗാനമായ റാസ്പുട്ടിൻ കോപ്പിറൈറ്റഡ് ആണെന്ന കാരണത്താലാണ് തന്റെ അക്കൗണ്ട് തടഞ്ഞത് എന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു.
അതിനു ശേഷം, പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ രവി ശങ്കർ പ്രസാദിന്റെയും തന്റെയും അക്കൗണ്ടുകൽ തടഞ്ഞത് സംബന്ധിച്ച് ട്വിറ്റർ ഇന്ത്യയോട് വിശദീകരണം തേടുമെന്ന് തരൂർ ട്വീറ്റ് ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.