ന്യൂഡൽഹി: ലോക്‌സഭയുടെ ഇരു സഭകളിലും പ്രതിക്ഷ ബഹളം. തുടർന്ന് രാജ്യസഭ ഉച്ചയ്ക്ക് രണ്ടുവരെ നിർത്തിവച്ചു. ജെഎൻയു വിദ്യാർഥി പ്രതിഷേധം, കശ്മീർ വിഷയം എന്നിവയെ ചൊല്ലിയായിരുന്നു പ്രതിപക്ഷം രാജ്യസഭയിൽ ബഹളം വച്ചത്. സിപിഐ എംപി ബിനോയ് വിശ്വമാണ് ജെഎൻയു വിഷയം സഭയിൽ ഉന്നയിച്ചത്.

ലോക്‌സഭയിൽ ബഹളം വച്ച പ്രതിപക്ഷ എംപിമാർക്ക് സ്പീക്കർ  ഓം ബിർല മുന്നറിയിപ്പ് നൽകി. ഇനി മുതൽ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചാൽ നടപടിയെടുക്കുമെന്നായിരുന്നു സ്പീക്കറുടെ മുന്നറിയിപ്പ്. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എസ്‌പിജി സുരക്ഷ പിൻവലിച്ചതിൽ അടിയന്തരപ്രമേയത്തിന് കോൺഗ്രസ് അനുമതി തേടിയെങ്കിലും സ്പീക്കർ നിഷേധിച്ചു. കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് വിഷയം ലോക്സഭയിൽ ഉന്നയിച്ചത്.

ലോക്സഭയിൽ ജെഎൻയു വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി ആർഎസ്‌പി, ഐയുഎംഎൽ, തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ നോട്ടീസ് നൽകി. സ്പീക്കർ അനുമതി നിഷേധിച്ചതോടെ ചോദ്യവേളയിൽ 20 ഓളം വരുന്ന കോൺഗ്രസ് എംപിമാർ നടുത്തളത്തിലിറങ്ങി കേന്ദ്രസർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി. കോൺഗ്രസിനൊപ്പം ഡിഎംകെ എംപിമാരും പ്രതിഷേധിച്ചു.

അതേസമയം, രാജ്യസഭയിലെ മാർഷൽമാർക്ക് സൈനികരുടേതിനു സമാനമായ യൂണിഫോം നൽകിയ തീരുമാനം പുനഃപരിശോധിക്കാൻ രാജ്യസഭ സെക്രട്ടറിയേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധ്യക്ഷൻ വെങ്കയ്യ നായിഡു അറിയിച്ചു. പുതിയ യൂണിഫോമിനെതിരേ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.

രാജ്യസഭാ അധ്യക്ഷനെ സഹായിക്കുന്ന മാർഷൽമാരുടെ യൂണിഫോം ഇന്നലെ രാവിലെ മുതലാണ് മാറിയത്. കഴിഞ്ഞ സമ്മേളനം പരമ്പരാഗത വേഷത്തിലാണ് മാർഷൽമാർ എത്തിയിരുന്നത്. എന്നാൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ച ഇന്നലെ സൈനികരുടെ യൂണിഫോമിന് സമാനമായ വേഷം ധരിച്ചാണ് മാർഷൽമാർ എത്തിയത്. മാർഷൽമാർക്ക് സൈനികരുടേതിന് സമാനമായ യൂണിഫോം നൽകിയ നടപടി ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുൻ സൈനിക മേധാവി വേദ് മാലിക് അടക്കമുളളവർ രംഗത്തുവന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook