ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ രാജ്യസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം. രാജ്യസഭയിൽ പ്രതിപക്ഷ എം.പിമാരുടെ ബഹളത്തെ തുടർന്ന് സഭാ നടപടികൾ നിർത്തിവെച്ചു. കാവേരി വിഷയത്തിലാണ് എ.ഐ.എ.ഡി.എം.കെ എം.പിമാർ ബഹളം വെച്ച് സഭയുടെ നടുത്തളത്തിൽ ഇറങ്ങിയത്. ഉച്ചക്ക് രണ്ട് മണിക്കാകും രാജ്യസഭ വീണ്ടും ചേരുക.

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും. കേന്ദ്ര നിയമമന്ത്രി രവി ശങ്കർ പ്രസാദ് ബിൽ സഭയുടെ പരിഗണനയ്ക്ക് വെയ്ക്കും. കഴിഞ്ഞ ആഴ്ച്ച് ബില്‍ ലോകസഭ പാസാക്കിയിരുന്നു. ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസഭയില്‍ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം.

ബില്ലിനെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ പ്രധാനലക്ഷ്യമെന്നും അതിനായി എല്ലാം അംഗങ്ങളും ഇന്ന് സഭയിലെത്തുമെന്ന് ഉറപ്പ് വരുത്തിയതായും കോണ്‍ഗ്രസ് അറിയിച്ചു. മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ബില്‍ അതേപടി നടപ്പിലാക്കുന്നത് ശരിയല്ലെന്നും ബില്ലില്‍ പിഴവുകളുണ്ടെന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം.

പഴയ ബില്‍ പിന്‍വലിക്കാതെയാണ് പുതിയ ബില്‍ അവതരിപ്പിക്കുന്നതെന്നും പുതിയ ബില്ലും നിലവിലുള്ള ഓര്‍ഡിനന്‍സും തള്ളിക്കളയണമെന്നും കോണ്‍ഗ്രസ് അംഗം സുബ്ബരാമി റെഡ്ഡി നിരാകരണ പ്രമേയം അവതരിപ്പിക്കും. കൂടാതെ ബില്ലിനെ കുറിച്ച് കൂടുതല്‍ പരിശോധന നടത്താന്‍ സെലക്ട് കമ്മിറ്റിക്ക് നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook