ന്യൂഡൽഹി: ഭരണഘടന സംബന്ധിച്ച് കേന്ദ്രമന്ത്രി അനന്തകുമാർ ഹെഗ്‌ഡെ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയുടെ പേരിൽ പാർലമെന്രിന്രെ ഇരുസഭകളും പ്രതിപക്ഷ നിലപാടിൽ സ്തംഭിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം രംഗത്തെത്തിയത്. കേന്ദ്ര പാർലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയൽ മന്ത്രിയുടെ പ്രസ്താവന തളളിക്കളഞ്ഞു. ഭരണഘടന മാറ്റാനാണ് ഞങ്ങളിവിടെയുളളതെന്ന് യുവജനകാര്യ മന്ത്രിയായ അനന്ത് കുമാർ നടത്തിയ പ്രസ്താവനയാണ് വിവാദത്തിന് വഴിയൊരുക്കിയത്.

ഭരണഘടനയിൽ വിശ്വാസമില്ലാത്ത ഒരാൾക്ക് പാർലമെന്റംഗമായിരിക്കാൻ യോഗ്യതയില്ലെന്ന്  രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. അനന്ത് കുമാർ ഹെഗ്‌ഡെയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങുകയായിരുന്നു. പല തവണ സഭാ നടപടികൾ തടസ്സപെടവേ, ഭരണഘടനയുമായി ബന്ധപ്പെട്ട്‌ അനന്ത് കുമാർ നടത്തിയ അഭിപ്രായ പ്രകടനം സർക്കാരിന്റേതല്ലെന്ന് കേന്ദ്ര സഹമന്ത്രി വിജയ് ഗോയൽ പറഞ്ഞു.

അനന്ത് കുമാറിന്റെ ഭരണഘടനാ പരാമർശം സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന് സഭ നടപടികൾ തുടങ്ങുന്നതിനു മുൻപ് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഭരണഘടന മാറ്റാനാണ് ബിജെപി വന്നതെന്ന അനന്തകുമാറിന്റെ പരാമർശത്തിന്മേൽ ബിജെപി അംഗങ്ങൾ മൗനം പാലിച്ചപ്പോൾ അനത്കുമാറിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. തുടർന്നാണ് പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ ഇറങ്ങിയത്. അംബേദ്കർക്കു നേരെയുള്ള അപമാനം പൊറുക്കുകയില്ല എന്ന് മുദ്രാവാക്യം മുഴക്കിയാണ് കോൺഗ്രസ് സഭയുടെ നടുത്തളത്തിലേക്കു ഇറങ്ങിയത്. ലോക്‌സഭയിൽ മല്ലികാർജുന ഖാർഗെയുടെ നേതൃത്വത്തിലും രാജ്യസഭയിൽ ഗുലാം നബി ആസാദിന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook