ഡൽഹി: പാർലമെന്രിന്രെ ശീതകാല സമ്മേളനം ഡിസംബർ 15 മുതൽ ജനുവരി അഞ്ച് വരെ ചേരും.  ഡിസംബർ 14 ന് ഗുജറാത്തിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് അവസാനിക്കും. അതിന് അടുത്ത ദിവസമാണ് ശീതകാല സമ്മേളനം ആരംഭിക്കുക.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തിയതികളുമായി കൂടിക്കലരാതെയായിരിക്കും ശീതകാല സമ്മേളനം നടത്തുകയെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്‌റ്റ്‌ലി  നേരത്തെ  വാർത്താസമ്മേളനത്തിൽ പറഞ്ഞു. ” ശീതകാല സമ്മേളനം നടത്തുമെന്നത് ഉറപ്പുളള കാര്യമാണ്. എന്നാൽ, പാർലമെന്ര് സമ്മേളനവും തിരഞ്ഞെടുപ്പ് തിയതികളും തമ്മിൽ പരസ്പരം ഇടകലരാതെയുളള തിയതി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വർഷം നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പാർലമെന്രിന്രെ ശീതകാല സമ്മേളനം ആരംഭിച്ചു. നവംബർ എട്ടിന് നോട്ട് നിരോധനം പ്രഖ്യാപിച്ചു. 2016 നവംബർ 16ന് ശീതകാല സമ്മേളനം ആരംഭിച്ചു. ഡിസംബർ 16 വരെയായിരുന്നു സമ്മേളനം. 31 ദിവസ കാലയളവിൽ 21 ദിവസം സമ്മേളനം ചേർന്നിരുന്നു.

പാർലമെന്രിന്രെ ശീതകാല സമ്മേളനം നടക്കുന്ന കാലയളിവിൽ തന്നെയായിരിക്കും ഹിമാചൽ പ്രദേശിലെയും ഗുജറാത്തിലെയും നിയമസഭാ തിരഞ്ഞുടുപ്പ് ഫലം പുറത്തുവരിക. ഡിസംബർ 18 ന് രണ്ട് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

ശീതകാല സമ്മേളനത്തിന്രെ തിയതി പ്രഖ്യാപിച്ചിക്കാൻ വൈകിയതിനെതിരെ കോൺഗ്രസ്സും ബി ജെ പിയും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ വാക്പോര് നടന്നിരുന്നു. മോദി സർക്കാർ അഴിമതി, തൊഴില്ലായ്മ തുടങ്ങിയ ഗുരുതരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിൽ നിന്നും ഒളിച്ചോടുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.

പാർലമെന്രിന്രെ ശീതകാല സമ്മേളനം അനാവശ്യകാരണങ്ങളുന്നയിച്ച് അട്ടമറിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് സോണിയാഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. കോൺഗ്രസിന്രെ പ്രവർത്തക സമിതിയിൽ സംസാരിക്കുകയായിരുന്നു സോണിയ. “ഉന്നതങ്ങളിലെ അഴിമതിയെ കറിച്ചുയരുന്ന ചോദ്യങ്ങളും, സംശയാസ്പദമായ പ്രതിരോധ കരാറുകളും മന്ത്രിമാരുടെ താൽപര്യ സംഘർഷവുമെല്ലാം” ചർച്ചകളിൽ നിന്നൊഴിവാക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്ന് സോണിയ പറഞ്ഞു. പിഴവുകളോടെയും തെറ്റായും ചരക്ക് സേവന നികുതി (ജി എസ് ടി) നടപ്പാക്കിയ പ്രധാനമന്ത്രിക്ക് പാർലമെന്രിനെ അഭിമുഖീകരിക്കാൻ ധൈര്യക്കുറവുണ്ടെന്നും സോണിയ പറഞ്ഞു.

സോണിയാഗാന്ധിയുടെ ആരോപണങ്ങളെ നിഷേധിച്ച് കേന്ദ്രമന്ത്രി അരുൺ ജെയ്‌റ്റ്‌ലി രംഗത്തുവന്നു. തിരഞ്ഞെടുപ്പുകളുമായി കൂടികലരാതിരിക്കാൻ പാർലെമന്ര് സമ്മേളനങ്ങൾ ചിലപ്പോഴൊക്കെ പുനക്രമീകരിക്കാരുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ കോൺഗ്രസ് നിരവധി തവണ പാർലമെന്ര് സമ്മേളനങ്ങൾ മാറ്റി വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ” തിരഞ്ഞെടുപ്പ് നടക്കുന്ന കാലങ്ങളിൽ പാർലമെന്ര് സമ്മേളനം മാറ്റിവച്ചിട്ടുളളത് മുൻകാലങ്ങളിലും സംഭവിച്ചിട്ടുണ്ട്.” അദ്ദേഹം നേരത്തെ രാജ് കോട്ടിൽ  മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മുത്തലാക്ക് വിഷയത്തിൽ ഈ ശീതകാല സമ്മേളനത്തിൽ നിയമനിർമ്മാണം നടത്താൻ ബില്ല് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുത്തലാക്കിനെതിരെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ്  ബില്ല് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുളളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ