ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്രെയും മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുടെയും  ദേശസ്നേഹം പ്രധാനമന്ത്രി നരേന്ദ്രമോദി ചോദ്യം ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വിശദീകരണം. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് കേന്ദ്ര സർക്കാരിന് വേണ്ടി വിശദീകരണം രാജ്യസഭയിൽ അറിയിച്ചത്. ഈ നേതാക്കളോട് തങ്ങൾക്ക് അങ്ങേയറ്റം ആദരവാണുളളതെന്നും രാജ്യത്തോടുള്ള അവരുടെ പ്രതിജ്ഞാബദ്ധതയെയും ഞങ്ങൾ ബഹുമാനിക്കുന്നുവെന്നും ജെയ്‌റ്റി പറഞ്ഞു.

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മൻമോഹൻ സിങ്ങിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ഇതേ തുടർന്ന് പാർലമെന്രിന്രെ ഇരുസഭകളിലും ശീതകാല സമ്മേളന വേള തുടങ്ങിയത് മുതൽ കോൺഗ്രസ്സ് ഈ വിഷയം നിരന്തരം ഉന്നയിക്കുന്നുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയത്തിൽ മാപ്പ് പറയണമെന്നും കോൺഗ്രസ്സ് ആവശ്യപ്പെട്ടിരുന്നു. ഈ വിവാദത്തെ തുടർന്ന് സഭാ നടപടികൾ പലപ്പോഴും തടസ്സപ്പെട്ടിരുന്നു. വിശദീകരണം തൃപ്തികരമാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. അരുൺ ജെയ്‌റ്റ്‌ലിയുടെ പ്രസ്താവനയ്ക്ക്  ഗുലാം നബി ആസാദ്  നന്ദി അറിയിച്ചു.

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന വേളയിൽ ഡൽഹിയിൽ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ പാക്കിസ്ഥാൻ മുൻ വിദേശകാര്യമന്ത്രി പങ്കെടുത്ത അത്താഴ വിരുന്നിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പങ്കെടുത്തിരുന്നു. ഇതേക്കുറിച്ച് മോദി നടത്തിയ പരാമർശത്തിനാണ് കേന്ദ്രസർക്കാർ ഇപ്പോൾ വിശദീകരണവുമായി രംഗത്തെത്തിയത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നുവെന്ന ആരോപണവും മോദി തിരഞ്ഞടുപ്പ് കാലത്ത് ഉന്നയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook