കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ പാർലമെന്റ് പാസാക്കി

കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ആണ് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത്

Parliament

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയും പാസാക്കി. ചർച്ച അനുവദിക്കാതെ ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്.

കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ആണ് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് ഇടയിൽ ശബ്‌ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. ബില്ലിന്മേൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കർ തള്ളിയിരുന്നു. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ ഉച്ചയ്ക്ക് രണ്ടു വരെ നിർത്തിവയ്ക്കുകയും ചെയ്തു.

ജനഹിതത്തിന് യോജിച്ച തീരുമാനങ്ങൾ ഉണ്ടാകുമെന്നും ഇത്തവണത്തെ സമ്മേളനം നിർണായകമാണെന്നും പ്രധാനമന്ത്രി സഭാ നടപടികൾ ആരംഭിക്കുന്നിനു മുൻപ് മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യതാല്പര്യത്തിനു അനുസരിച്ചുള്ള ചർച്ചകൾ പാർലമെന്റിൽ നടക്കണം. രാജ്യത്തിന്റെ പുരോഗതിക്ക് ഗുണകരമായ തീരുമാനങ്ങളുണ്ടാകണം. ബഹളം വയ്ക്കുന്നതിലല്ല കാര്യം. ക്രിയാത്മകമായാ ഇടപെടലുകളും തുറന്ന ചർച്ചകളും ഉണ്ടാകണം.

ഏത് ചോദ്യത്തിനും മറുപടി നൽകാൻ സർക്കാർ തയാറാണെന്നും സ്‌പീക്കറോടുള്ള ബഹുമാനം സഭയിലെ അംഗങ്ങൾ കൈവിടരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ സംരക്ഷണം നൽകണമെന്ന് ബിജെപിയുമായി അടുത്തുനിൽക്കുന്ന ചിലർ ഉൾപ്പടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

കർഷക സമരത്തിനിടയിൽ മരിച്ച കർഷകർക്ക് അനുശോചനമർപ്പിച്ച് പ്രമേയം പാസാക്കണമെന്ന ആവശ്യവും കോൺഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ട്. ബിൽ പാസാക്കുന്ന സമയത്ത് എല്ലാവരും ഹാജരായിരിക്കണമെന്ന് എംപിമാർക്ക് കോൺഗ്രസും ബിജെപിയും നിർദേശം നൽകിയിരുന്നു.

ഇന്നലെ നടന്ന സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല. ഇതിൽ പ്രതിപക്ഷ പാർട്ടികൾ അതൃപ്തി പ്രകടപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പങ്കെടുക്കാത്തതിനെ പ്രതിപക്ഷ നേതാക്കളായ മല്ലികാർജുൻ ഖാർഗെയും ബിനോയ് വിശ്വവും ചോദ്യം ചെയ്തിരുന്നു.

നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോഡ്രോപിക് സബ്സ്റ്റാൻസ് ബിൽ, ക്രിപ്റ്റോ കറൻസി നിയന്ത്രണ ബിൽ, പട്ടികജാതി-പട്ടിക വർഗ ഭേദഗതി ബിൽ, എമിഗ്രേഷൻ ബിൽ, മെട്രോ റെയിൽ ബിൽ, ഇന്ത്യൻ മാരിടൈം ഫിഷറീസ് ബിൽ എന്നിവയടക്കം 25 ഓളം പ്രധാന ബില്ലുകളാണ് ശീതകാല സമ്മേളന കാലയളവിൽ സഭയിൽ എത്തുക. ഡിസംബർ 23 വരെയാണ് ശീതകാല സമ്മേളനം.

Also Read: ഒമിക്രോൺ: യാത്രാ മാർഗനിർദേശങ്ങൾ കേന്ദ്രം പുതുക്കി; വിമാനയാത്രാ ഇളവുകൾ പുനപരിശോധിക്കും

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Parliament winter session begins today govt to push for farm laws repeal today

The moderation of comments is automated and not cleared manually by malayalam.indianexpress.com