ന്യൂഡല്‍ഹി: പന്ത്രണ്ട് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ആവശ്യം തള്ളി രാജ്യസഭാ അധ്യക്ഷന്‍ എം വെങ്കയ്യനായിഡു. നടപടിയെടുക്കാന്‍ രാജ്യസഭാധ്യക്ഷന് അധികാരമുണ്ടെന്നും സഭയ്ക്കും നടപടിയെടുക്കാമെന്നുമായിരുന്നു വെങ്കയ്യ നായിഡുവിന്റെ മറുപടി. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രാജ്യസഭാ നടപടികള്‍ ബഹിഷ്‌കരിച്ചു.
വിഷയത്തില്‍ ലോക്‌സഭയിലും പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. ഇരു സഭകളും രണ്ടുമണി വരെ നിര്‍ത്തിവച്ചു. പ്രതിപക്ഷ നേതാക്കള്‍ പാര്‍ലമെന്റ് വളപ്പിലെ മഹാത്മാഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രതിഷേധിച്ചു.
അതേസമയം, മോശം പെരുമാറ്റത്തിന്, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ സ്പീക്കറോടും സഭയോടും മാപ്പ് പറഞ്ഞാല്‍ അക്കാര്യം തുറന്ന മനസോടെ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നു പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ”സഭയുടെ അന്തസ് നിലനിര്‍ത്താന്‍, സസ്‌പെന്‍ഷന്‍ നിര്‍ദേശം സഭയുടെ മുമ്പാകെ വയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി, എന്നാല്‍ ഈ 12 എംപിമാര്‍ മോശം പെരുമാറ്റത്തിന് സ്പീക്കറോടും സഭയോടും മാപ്പ് പറഞ്ഞാല്‍, അത് വിശാല ഹൃദയത്തോടെ പോസിറ്റീവായി പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറാണ്,” അദ്ദേഹം ട്വീറ്റ് ചെയ്തു.
എംപിമാരുടെ സസ്‌പെന്‍ഷന്‍ വിയഷത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വെങ്കയ്യ നായിഡുവിനെ സന്ദര്‍ശിച്ചിരുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള 16 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനു ശേഷമായിരുന്നു സന്ദര്‍ശനം. യോഗത്തില്‍ കോണ്‍ഗ്രസ്, ഡിഎംകെ, ശിവസേന, എന്‍സിപി, സിപിഎം, സിപിഐ, ആര്‍ജെഡി, മുസ്ലിം ലീഗ്, എംഡിഎംകെ, എല്‍ജെഡി, നാഷണല്‍ കോണ്‍ഫറന്‍സ്, ആര്‍എസ്പി, ടിആര്‍എസ്, കേരള കോണ്‍ഗ്രസ്, വിസികെ, ആം ആദ്മി പാര്‍ട്ടി എന്നീ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു.
”12 എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിക്കാനാണ് ഞങ്ങള്‍ നിങ്ങളുടെ ഓഫീസിലെത്തിയത്. കഴിഞ്ഞ മണ്‍സൂണ്‍ സമ്മേളനത്തിലാണ് സസ്പെൻഷനാധാരമായ സംഭവം. അപ്പോള്‍ എങ്ങനെ ഈ തീരുമാനം എടുക്കാനാകും,” രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വെങ്കയ്യ നായിഡുവിനോട് ചോദിച്ചു. വിഷയത്തിൽ ഖാർഗെയുടെ വസതിയിൽ പ്രതിപക്ഷ പാർട്ടികളുടെ മറ്റൊരു യോഗവും നടന്നു.
എംപിമാരെ സസ്പെന്‍ഡ് ചെയ്തതോടെ രാഷ്ട്രീയ ഭിന്നത രൂക്ഷമാകുകയും ശീതകാല സമ്മേളനം മുഴുവന്‍ ഇല്ലാതാകുമെന്ന സാഹചര്യം ഉടലെടുക്കുകയും ചെയ്തതോടെ, സൗഹാര്‍ദ്ദപരമായ തീർപ്പിനായി തിങ്കളാഴ്ച സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നെങ്കിലും അടിയന്തര പുരോഗതി ഉണ്ടായില്ല. അതേസമയം, ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഉടന്‍ മനസ് വെളിപ്പെടുത്തിയില്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു. സഭാ ബഹിഷ്‌കരണ തീരുമാനം കടുത്ത പ്രതികരണമാകുമെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍.
Also Read: നാവികസേനയെ നയിക്കാൻ മലയാളി; ആർ. ഹരികുമാർ ചുതലയേറ്റു