ന്യൂഡൽഹി: പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. വായ്പ തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദി അടക്കമുള്ളവരുടെ വിഷയങ്ങൾ ഉന്നയിച്ച് സർക്കാരിനെതിരെ പാർലമെന്റിൽ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം. അതുകൊണ്ട് തന്നെ സഭ ഇന്ന് പ്രക്ഷുബ്ധമാകും.
15,000 കോടിയുടെ പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പു കേസിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. റഫാൽ യുദ്ധവിമാന ഇടപാടിനെ കുറിച്ചുള്ള ചോദ്യങ്ങളും സർക്കാർ നേരിടേണ്ടി വരും.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ വിജയതിളക്കത്തിൽ നിൽക്കുന്ന ബിജെപി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം അഴിമതിക്കേസിൽ അറസ്റ്റിലായ വിഷയം സഭയിൽ ഉയർത്തിക്കാട്ടുമെന്നും സൂചനകൾ ഉണ്ട്. ഇരുസഭകളിലും മാർച്ച് 31നു മുൻപ് ബജറ്റ് പാസാക്കേണ്ടതുണ്ട്.