ന്യൂഡല്‍ഹി: പാർലമെന്റിന്റെ മൺസൂൺ സെഷന്റെ ആദ്യ ദിനം വിവിധ വിഷയങ്ങളുന്നയിച്ചുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനും പെഗാസ് വിവരച്ചോർച്ച സംബന്ധിച്ച സംവാദങ്ങൾക്കും സാക്ഷ്യം വഹിച്ചു. ഇന്ധന വില, കർഷക പ്രക്ഷോഭം, കോവിഡ് മഹാമാരി കൈകാര്യം ചെയ്ത രീതി തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം സർക്കാരിനെ ചോദ്യം ചെയ്തു.
ഇന്ത്യയിൽ മാധ്യമപ്രവർത്തകർ, രാഷ്ട്രീയക്കാർ, ബിസിനസ്സുകാർ എന്നിവരുൾപ്പെടെ 300 മൊബൈൽ നമ്പറുകൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ടാവാം എന്ന പെഗാസസ് പ്രോജക്ട് വെളിപ്പെടുത്തലുകൾ സഭയുടെ ആദ്യ ദിവസം പ്രധാന ചർച്ചകളിലൊന്നായി. എന്നാൽ ഇത് സംബന്ധിച്ച വാർത്തകൾ സർക്കാരിനെ താറടിച്ച് കാട്ടാനുള്ള ശ്രമമാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഇന്ധനവില ഉയരുന്നതിൽ പ്രതിഷേധിച്ച് ആറ് തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപിമാർ തിങ്കളാഴ്ച പാർലമെന്റിൽ സൈക്കിൾ ചവിട്ടിയാണ് വന്നത്. എംപിമാരായ ഡെറക് ഓബ്രിയൻ, കല്യാൺ ബന്ദോപാധ്യായ, അർപിത ഘോഷ്, നാദിമുൽ ഹക്ക്, ശാന്താനു സെൻ, അബിർ രഞ്ജൻ ബിശ്വാസ് എന്നിവരാണ് ഇത്തരത്തിൽ വന്നത്.
കാർഷിക നിയമങ്ങൾക്കെതിരെ പാർലമെന്റിന് പുറത്ത് ശിരോമണി അകാലിദൾ അംഗങ്ങൾ പ്രതിഷേധിക്കുകയും ചെയ്തു.
Read More: Pegasus: പെഗാസസ്: രാഹുൽ ഗാന്ധിയും പ്രശാന്ത് കിഷോറും അടക്കമുള്ളവരുടെ ഫോൺ നമ്പറുകൾ പട്ടികയിൽ
“എന്തുകൊണ്ടാണ് സർക്കാർ കർഷകരെ ശ്രദ്ധിക്കാത്തത്? അഞ്ഞൂറിലധികം കർഷകർ ആത്മഹത്യ ചെയ്തു. കാർഷിക നിയമങ്ങൾ റദ്ദാക്കാൻ ഞങ്ങൾ ആവശ്യപ്പെടും, ”എസ്എഡി നേതാവ് ഹർസിമ്രത്ത് സിംഗ് ബാദൽ പറഞ്ഞു.
പ്രതിപക്ഷ പ്രതിഷേധം തുടരുന്ന സാഹഹചര്യത്തിൽ ലോക്‌സഭാ നടപടികൾ വൈകിട്ട് 3.30 വരെയും രാജ്യസഭ ചൊവ്വാഴ്ച രാവിലെ 11 വരെയും നിർത്തിവച്ചിരുന്നു.
Also Read: പെഗാസസ്; ചോർത്തിയത് ഇന്ത്യൻ എക്സ്പ്രസ്സ് എഡിറ്റർമാരടക്കം 40-ലധികം മാധ്യമപ്രവർത്തകരുടെ ഫോൺ
ഓഗസ്റ്റ് 13 വരെ നീളുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തിങ്കളാഴ്ച 11 മണിക്കാണു തുടക്കമായത്. ലോക്സഭയിൽ പുതിയ മന്ത്രിമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിചയപ്പെടുത്തുന്നതിനിടെ പ്രതിപക്ഷം ബഹളം വച്ചു. തുടർന്ന് ഉച്ചയ്ക്കു രണ്ടു വരെ സഭ നിർത്തി വച്ചു. വീണ്ടും സമ്മേളിച്ചെങ്കിലും പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ 3.30 വരെ നിർത്തിവയ്ക്കുകയായിരുന്നു.
ലോക്സഭയിലെ കോൺഗ്രസിന്റെ പെരുമാറ്റം ദുഖകരവും ദൗർഭാഗ്യകരവും അനാരോഗ്യകരവുമാണെന്ന് ഇതിനെതിരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. പ്രധാനമന്ത്രി മന്ത്രിമാരെ പരിചയപ്പെടുത്തുമ്പോഴുള്ള ഇത്തരമൊരു സംഭവും തന്റെ 24 വർഷത്തെ പാർലമെന്റി അനുഭവത്തിനിടെ കണ്ടിട്ടില്ലെന്ന് അദ്ദേഹം രാവിലെ പറഞ്ഞു.
രാവിലത്തെ ബഹളത്തെത്തുടർന്ന് 12.25 വരെ നിർത്തിവച്ച രാജ്യസഭ വീണ്ടും ചേർന്നെങ്കിലും സ്ഥിതിക്കു മാറ്റമുണ്ടായില്ല. തുടർന്ന് രണ്ടു മണിവരെയും പിന്നീട് മൂന്നുവരെയും ഒടുവിൽ നാളെ രാവിലെ 11 വരെയും നിർത്തിവയ്ക്കുകയായിരുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ 11 മുതല്‍ വൈകിട്ട് ആറ് മണി വരെയാകും ലോക്സഭയും രാജ്യസഭയും ചേരുക.
കേരളത്തില്‍ നിന്നുള്ള രാജ്യസഭാ അംഗം അബ്ദുള്‍വഹാബിന്റെ സത്യപ്രതിജ്ഞ നടന്നു. സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനായി 17 പുതിയ ബില്ലുകൾ സർക്കാർ പട്ടികയിൽ പെടുത്തിയിരുന്നു.
മൂന്ന് ബില്ലുകൾ അടുത്തിടെ പുറപ്പെടുവിച്ച ഓർഡിനൻസുകൾ മാറ്റിസ്ഥാപിക്കാനുള്ളതാണ്. ഒരു സമ്മേളനം ആരംഭിച്ചുകഴിഞ്ഞാൽ 42 ദിവത്തിനുള്ളിലോ ആറ് ആഴ്ചയ്ക്കുള്ളിലോ ഒരു ഓർഡിനൻസ് ബില്ലായി പാസാക്കണം, അല്ലാത്തപക്ഷം അത് അസാധുവാകും.
അവശ്യ പ്രതിരോധ സേവനങ്ങളിൽ ഏർപ്പെടുന്ന ആളുകൾ പ്രക്ഷോഭമോ പണിമുടക്കോ നടത്തുന്നത് തടഞ്ഞുകൊണ്ടുള്ള ഓർഡിനൻസാണ് വർഷകാല സമ്മേളനത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്ന നിയമനിർമാണങ്ങളിലൊന്ന്. ജൂൺ 30 നാണ് ഈ ഓർഡിനൻസ് പുറപ്പെടുവിച്ചത്.