ന്യൂഡല്‍ഹി: മണ്‍സൂണ്‍ സമ്മേളനത്തില്‍ ബഹളം വച്ച എളമരം കരീമും ബിനോയ് വിശ്വവും ഉള്‍പ്പെടെ രാജ്യസഭയിലെ 12 പ്രതിപക്ഷ എംപിമാര്‍ക്കു സസ്‌പെന്‍ഷന്‍. ശീതകാലസമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി അവതരിപ്പിച്ച പ്രമേയം, പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെയാണു പാസാക്കിയത്.
ഓഗസ്റ്റില്‍ നടന്ന മണ്‍സൂണ്‍ സമ്മേളനത്തിലെ എംപിമാരുടെ ‘അനിയന്ത്രിതമായ’ പെരുമാറ്റത്തിന്റെ പേരിലാണു നടപടി. കോണ്‍ഗ്രസില്‍നിന്ന് ആറും തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന എന്നീ പാര്‍ട്ടികളില്‍നിന്നു രണ്ടു വീതവും സിപിഐ, സിപിഎം കക്ഷികളില്‍നിന്ന് ഓരോ അംഗവുമാണ് നടപടി നേരിട്ടത്.
എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ) എന്നിവരെ കൂടാതെ, ഫൂലോ ദേവി നേതം, ഛായാ വെര്‍മ, റിപുണ്‍ ബോറ, രാജാമണി പട്ടേല്‍, സയ്യിദ് നാസിര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിങ് (കോണ്‍ഗ്രസ്), ഡോല സെന്‍, തൃണമൂല്‍ കോണ്‍ഗ്രസിലെ ശാന്ത ഛേത്രി (തൃണമൂല്‍ കോണ്‍ഗ്രസ്) പ്രിയങ്ക ചതുര്‍വേദി അനില്‍ ദേശായി (ശിവസേന) എന്നിവർക്കാണു സസ്‌പെന്‍ഷന്‍.
”സഭാധ്യക്ഷന്റെ അധികാരത്തോടുള്ള തികഞ്ഞ അവഗണന, സഭയുടെ ചട്ടങ്ങള്‍ തുടര്‍ച്ചയായി ദുരുപയോഗം ചെയ്യുക, അതുവഴി മുന്‍പ് കണ്ടില്ലാത്ത തരത്തിലുള്ള പെരുമാറ്റത്തിലൂടെ സഭയുടെ പ്രവര്‍ത്തനങ്ങളെ മനഃപൂര്‍വം തടസപ്പെടുത്തുക, 254-ാമതു സമ്മേളനത്തിന്റെ അവസാന ദിവസം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെയുള്ള നിന്ദ്യവും അനിയന്ത്രിതവും അക്രമാസക്തവുമായ പെരുമാറ്റവും മനഃപൂര്‍വമായ ആക്രമണവും എന്നിവയെ സഭ ശക്തമായി അപലപിക്കുന്നു,” പ്രമേയം അവതരിപ്പിച്ചുകൊണ്ട് മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു.
രാജ്യസഭയിലെ നടപടിക്രമങ്ങളും പെരുമാറ്റവും സംബന്ധിച്ച ചട്ടം 256 പ്രകാരമാണ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തത്. സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവ് വരെ സസ്‌പെന്‍ഷന്‍ തുടരും.
വിവിധ വിഷയങ്ങളില്‍ പ്രതിഷേധം ഉയര്‍ത്തിയ പ്രതിപക്ഷ അംഗങ്ങളും മാര്‍ഷലുകളും തമ്മിലുള്ള സംഘര്‍ഷഭരിതമായ രംഗങ്ങള്‍ക്കാണു വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിവസം രാജ്യസഭ സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷം നടുത്തളത്തില്‍ അനിയന്ത്രിത രംഗങ്ങള്‍ സൃഷ്ടിച്ചുവെന്നും അവരില്‍ ചിലര്‍ വനിതാ മാര്‍ഷലിനോട് ചിലര്‍ മോശമായി പെരുമാറിയെന്നും സര്‍ക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ ആളുകളെ വിളിച്ചുവരുത്തി ചില നേതാക്കളെ ആക്രമിച്ചുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
Also Read: ഒമിക്രോണ്‍: ‘റിസ്‌ക്’ രാജ്യങ്ങളില്‍നിന്നുള്ളവർക്ക് പരിശോധന, ഏഴു ദിവസത്തെ ക്വാറന്റൈന്‍