ന്യൂഡൽഹി: കാസ്റ്റിങ് കൗച്ച് സിനിമാ മേഖലയിൽ മാത്രമല്ല എല്ലായിടത്തും ഉണ്ടെന്നും, പാർലമെന്റിനെ പോലും ഒഴിച്ചുനിർത്താനാവില്ലെന്നും കോൺഗ്രസ് നേതാവ് രേണുക ചൗധരി. ബോളിവുഡിലെ കാസ്റ്റിങ് കൗച്ചിനെ ന്യായീകരിച്ചുകൊണ്ട് പഴയകാല നൃത്ത സംവിധായിക സരോജ് ഖാന്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രേണുക.

”സിനിമാ മേഖലയിൽ മാത്രമല്ല അതുളളത്. എല്ലായിടത്തും ഉണ്ടെന്നുളളത് സത്യമാണ്. ഇക്കാര്യത്തില്‍ പാര്‍ലമെന്റും അതുപോലെ മറ്റ് തൊഴിലിടങ്ങളും ഭേദമാണെന്ന് വിചാരിക്കരുത്. ഇന്ത്യക്കാർ മുന്നോട്ടുവന്ന് മീ ടു എന്നു ഉറക്കെ പറയേണ്ട സമയമാണിത്”, രേണുക പറഞ്ഞു.

കാസ്റ്റിങ് കൗച്ച് ലൈംഗിക ചൂഷണമല്ലെന്നും, പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് ഇത് നടക്കുന്നതെന്നും സരോജ് ഖാന്‍ പറഞ്ഞിരുന്നു. മാത്രമല്ല, ലൈംഗിക ചൂഷണം നടക്കുന്നത് സിനിമയില്‍ മാത്രമാണോ എന്നും അവര്‍ ചോദിച്ചു.

രണ്ടായിരത്തിലധികം സിനിമകളില്‍ നൃത്തസംവിധായികയായി പ്രവര്‍ത്തിച്ച ആളാണ് സരോജ് ഖാന്‍. കാസ്റ്റിങ് കൗച്ച് പുതിയ കാര്യമൊന്നുമല്ലെന്നും, എല്ലാവര്‍ക്കും അറിയുന്നതാണെന്നും അവര്‍ പറഞ്ഞു. ഇത് പെണ്‍കുട്ടിക്ക് ജീവിത മാര്‍ഗം നല്‍കുന്നു എന്നും സരോജ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ