ന്യൂഡൽഹി: രാജ്യസഭയിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഗുലാം നബി ആസാദിന് നൽകിയ യാത്രയയപ്പ് വേളയിൽ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഷ്ട്രീയത്തിൽ ഇടപെടുന്നത് എളുപ്പമാണ്. പക്ഷേ ഗുലാം നബി ആസാദ് ഇതിനെക്കാൾ മുകളിൽ എല്ലായ്പ്പോഴും രാജ്യത്തിന്റെ അഭിവൃദ്ധിക്ക് മുൻഗണന നൽകിയെന്ന് മോദി പറഞ്ഞു. വിരമിച്ച ശേഷവും അദ്ദേഹം രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിർദേശങ്ങൾ നൽകാൻ തയ്യാറാകണമെന്നും മോദി പറഞ്ഞു.
ഭീകരാക്രമണ സമയത്ത് കശ്മീരിൽ കുടുങ്ങിയ ഗുജറാത്തിൽനിന്നുളള വിനോദസഞ്ചാരികളെ തിരികെ നാട്ടിലെത്തിക്കാൻ ഗുലാം നബി ആസാദ് നടത്തിയ ഇടപെടലിനെക്കുറിച്ച് പറയവേ മോദിയുടെ കണ്ണുകൾ നിറഞ്ഞുപോയി. ”ആസാദിന്റെയും പ്രണബ് മുഖർജിയുടെയും ഇടപെടലുകൾ ഒരിക്കലും മറക്കില്ല. ഗുലാം നബി ആസാദ് നിരന്തരം വിഷയത്തിൽ ഇടപെട്ടുകൊണ്ടിരുന്നു. സ്വന്തം കുടുംബാംഗങ്ങൾ കുടുങ്ങിക്കിടന്നതുപോലെയാണ് അവരെ രക്ഷിക്കാൻ അദ്ദേഹം പരിശ്രമിച്ചത്.” ഇക്കാര്യങ്ങൾ പറയവേ വികാരാധീനനായി കുറേ നേരത്തേക്ക് വാക്കുകൾ കിട്ടാതെയായ മോദി ഗുലാം നബി ആസാദിനെ സല്യൂട്ട് ചെയ്തു.
#WATCH: PM Modi gets emotional while reminiscing an incident involving Congress leader Ghulam Nabi Azad, during farewell to retiring members in Rajya Sabha. pic.twitter.com/vXqzqAVXFT
— ANI (@ANI) February 9, 2021
അദ്ദേഹത്തെ വർഷങ്ങളായി അടുത്തറിയാം. ഒരേ സമയം ഞങ്ങൾ മുഖ്യമന്ത്രിമാരായിരുന്നു. ഒരു യഥാർത്ഥ സുഹൃത്തായാണ് അദ്ദേഹത്തെ ഞാൻ കണക്കാക്കുന്നതെന്ന് മോദി പറഞ്ഞു. രാജ്യത്തിനുവേണ്ടി ഗുലാം നബി ചെയ്ത സേവനങ്ങൾക്ക് മോദി നന്ദി പറഞ്ഞു. തന്റെ വീടിന്റെ വാതിൽ എപ്പോഴും ഗുലാം നബി ആസാദിനായി തുറന്നിരിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു.
Read More: റിപ്പബ്ലിക് ദിനത്തിലെ അതിക്രമം: മുഖ്യപ്രതി ദീപ് സിദ്ദു അറസ്റ്റിൽ
കോണ്‍ഗ്രസിന്റെ രാജ്യസഭാ കക്ഷി നേതാവാണ് ഗുലാം നബി ആസാദ്. നിലവില്‍ കശ്മീരില്‍നിന്നുള്ള രാജ്യസഭാംഗമാണ് ഇദ്ദേഹം.