ന്യൂഡല്‍ഹി: ഭേദഗതി വരുത്തിയ മുത്തലാഖ് ബിൽ പാസാക്കാതെ രാജ്യസഭ മാറ്റിവച്ചു. ബില്ലിന്റെ കാര്യത്തില്‍ സഭയില്‍ ‘ഐക്യം ഇല്ല’ എന്ന് ചെയര്‍മാന്‍ വെങ്കയ്യ നായിഡു പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പിനെത്തുടര്‍ന്നാണ് രാജ്യസഭയില്‍ ബില്‍ പാസാക്കാതിരുന്നത്. നിരവധി ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് ബില്‍ സഭയില്‍ എത്തിയത്. പാർലമെന്‍റ് വര്‍ഷകാല സമ്മേളനത്തിന്‍റെ അവസാന ദിവസമാണ് ബില്‍ സഭയില്‍ അവതരിപ്പിക്കാനിരുന്നതെങ്കിലും പ്രതിപക്ഷം ഇതിനെ എതിര്‍ത്തു.

കഴിഞ്ഞ ദിവസമാണ് കുറ്റാരോപിതരായ പുരുഷന്‍മാര്‍ക്ക് ജാമ്യം നല്‍കുന്നതിനുള്ള വകുപ്പ് കൂടി മുത്തലാഖ് ബില്ലില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. മുത്തലാഖ് വഴി വിവാഹമോചനം നടത്തിയാല്‍ ഭര്‍ത്താവിന് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നല്‍കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഭര്‍ത്താക്കന്മാര്‍ക്ക് ജാമ്യം അനുവദിക്കണമെന്നത് പ്രതിപക്ഷത്തിന്‍റെ ആവശ്യമായിരുന്നു. ഈ ബില്ലില്‍ പരാമര്‍ശിക്കുന്നത് അനുസരിച്ച് ജാമ്യം നല്‍കാന്‍ മജിസ്‌ട്രേറ്റിന് അധികാരമുണ്ടാകും.

ജീവനാംശം ആവശ്യപ്പെട്ട് ഭാര്യയ്ക്ക് മജിസ്‌ട്രേറ്റിനെ സമീപിക്കാം, പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ സംരക്ഷണാവകാശവും ഭാര്യയ്ക്ക് ആവശ്യപ്പെടാം തുടങ്ങിയ വ്യവസ്ഥകളെല്ലാം ഭേദഗതി വരുത്തിയ ബില്ലില്‍ പരാമര്‍ശിക്കുന്നുണ്ട്.

2007 ഓഗസ്റ്റ് 22നാണ് മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്. ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ള ലോക്സഭയിൽ ബിൽ പാസായെങ്കിലും രാജ്യസഭയിൽ ജാമ്യവ്യവസ്ഥയ്ക്ക് വ്യക്തത വേണമെന്ന പ്രതിപക്ഷ ആവശ്യത്തെ തുടർന്ന് നീളുകയായിരുന്നു. ബിൽ രാജ്യസഭയിൽ പാസായില്ലെങ്കിൽ നിയമം ഓർഡിനൻസായി പുറത്തിറക്കാൻ സർക്കാർ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook