ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കമായി. കോൺഗ്രസും സിപിഎമ്മും അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്. ആന്ധ്ര പ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ടിഡിപിയും സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് ലോക്സഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്. മറ്റു പ്രതിപക്ഷ പാർട്ടികളും വിവിധ വിഷയങ്ങളിൽ അവിശ്വാസ പ്രമേയ നോട്ടീസ് നൽകുന്നതോടെ സഭ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്.

എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നാണ് സമ്മേളനത്തിനെത്തിയ നരേന്ദ്ര മോദി മാധ്യമങ്ങളോട് പറഞ്ഞത്. മൺസൂൺ കാലമാണ്. പല ഭാഗങ്ങളിലും വെളളപ്പൊക്കമാണ്. ജനങ്ങൾ ദുരിതം അനുഭവിക്കുന്നു. ഈ കാര്യങ്ങളൊക്കെ ചർച്ച ചെയ്യണമെന്നാണ് സർക്കാർ കരുതുന്നത്. ഇതിനൊക്കെ പ്രതിപക്ഷം തയ്യാറാവുമെന്നാണ് കരുതുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു.

അതേസമയം, ആൾക്കൂട്ട കൊലപാതകം, ശശി തരൂരിന്റെ ഹിന്ദു പാക്കിസ്ഥാൻ പരാമർശം, ദലിത് പീഡനം എന്നിവയൊക്കെ സഭയിൽ ഉയർന്നേക്കും. വർഗീയ കലാപങ്ങളെക്കുറിച്ചും ആൾക്കൂട്ട കൊലപാതകങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സഭയിൽ മറുപടി പറയണമെന്ന നിലപാട് ഇടതുപാർട്ടികൾ കൈകൊണ്ടിട്ടുണ്ട്. പ്രധാനമന്ത്രി മറുപടി പറയാത്ത പക്ഷം ഇത് സഭയിൽ പ്രതിപക്ഷ ബഹളത്തിന് ഇടയാക്കിയേക്കും.

ജൂലൈ 18 ന് തുടങ്ങുന്ന വർഷകാല സമ്മേളനം ഓഗസ്റ്റ് 10 നാണ് സമാപിക്കുക. കഴിഞ്ഞ സമ്മേളനം ബഹളത്തിൽ മുങ്ങിയതിനാൽ കാര്യമായ സംവാദമോ ബിൽ ചർച്ചകളോ പാർലമെന്റിലുണ്ടായില്ല. സഭ സുഗമമായി നടത്താൻ സഹകരിക്കണമെന്ന് ചൊവ്വാഴ്ച രാവിലെചേർന്ന സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook