ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന് എതിരെയുളള ആദ്യ അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് കളമൊരുങ്ങുന്നു. അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ സ്‌പീക്കർ സുമിത്ര മഹാജൻ അനുമതി നൽകി. ടിഡിപി നൽകിയ അവിശ്വാസ പ്രമേയത്തിനുളള ചർച്ചയ്ക്കാണ് സ്പീക്കർ അനുമതി നൽകിയത്. കഴിഞ്ഞ സമ്മേളനത്തിൽ അവിശ്വാസ പ്രമേയ നോട്ടീസുകൾ സ്പീക്കർ അംഗീകരിച്ചിരുന്നില്ല. ഇപ്പോൾ അപ്രതീക്ഷിതമായി സർക്കാർ നിലപാട് മാറ്റിയിരിക്കുകയാണ്.

നിരവധി അംഗങ്ങൾ തനിക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് സ്പീക്കർ പറഞ്ഞു. ആദ്യം നൽകിയത് ടിഡിപി അംഗമായ കെ.ശ്രീനിവാസാണ്. അതിനാലാണ് ടിഡിപിയുടെ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ അനുമതി നൽകിയതെന്ന് സ്പീക്കർ വ്യക്തമാക്കി. ടിഡിപിയുടെ നോട്ടീസിന് പിന്തുണയുണ്ടോയെന്ന് സ്പീക്കർ ചോദിച്ചപ്പോൾ കോൺഗ്രസ് ഉൾപ്പെടെയുളള പാർട്ടി അംഗങ്ങൾ എണീറ്റുനിന്ന് നോട്ടീസിനെ പിന്തുണച്ചു. ഇതോടെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകുകയാണെന്ന് സ്പീക്കർ അറിയിച്ചു.

അവിശ്വാസ പ്രമേയത്തിന്മേലുളള ചർച്ചയെന്നാമെന്ന് രണ്ടു ദിവസത്തിനകം അറിയിക്കാമെന്ന് സ്പീക്കർ പറഞ്ഞു. ചട്ട പ്രകാരം 10 ദിവസത്തിനുളളിൽ അവിശ്വാസ പ്രമേയത്തിൻ മേലുളള ചർച്ച നടക്കണം. അതിനിടെ, പ്രതിപക്ഷ ബഹളത്തോടെയാണ് പാർലമെന്റിന്രെ വർഷകാല സമ്മേളനത്തിന് തുടക്കമായത്. അതേസമയം, രാജ്യസഭാ അംഗങ്ങളായ എളമരിം കരീം, ബിനോയ് വിശ്വം, ജോസ് കെ.മാണി എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.

എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നാണ് സമ്മേളനത്തിനെത്തിയ നരേന്ദ്ര മോദി മാധ്യമങ്ങളോട് പറഞ്ഞത്. മൺസൂൺ കാലമാണ്. പല ഭാഗങ്ങളിലും വെളളപ്പൊക്കമാണ്. ജനങ്ങൾ ദുരിതം അനുഭവിക്കുന്നു. ഈ കാര്യങ്ങളൊക്കെ ചർച്ച ചെയ്യണമെന്നാണ് സർക്കാർ കരുതുന്നത്. ഇതിനൊക്കെ പ്രതിപക്ഷം തയ്യാറാവുമെന്നാണ് കരുതുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു.

ജൂലൈ 18 ന് തുടങ്ങുന്ന വർഷകാല സമ്മേളനം ഓഗസ്റ്റ് 10 നാണ് സമാപിക്കുക. കഴിഞ്ഞ സമ്മേളനം ബഹളത്തിൽ മുങ്ങിയതിനാൽ കാര്യമായ സംവാദമോ ബിൽ ചർച്ചകളോ പാർലമെന്റിലുണ്ടായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook