ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിന്റെ പരിസരത്ത് പ്രകടനങ്ങളോ ധർണകളോ സത്യഗ്രഹമോ മതപരമായ ചടങ്ങുകളോ നടത്തുന്നതിന് വിലക്കേർപ്പെടുത്തി. വെള്ളിയാഴ്ച രാജ്യസഭാ സെക്രട്ടേറിയറ്റാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
“പ്രകടനത്തിനോ ധർണയ്‌ക്കോ സമരത്തിനോ സത്യാഗ്രഹത്തിനോ ഏതെങ്കിലും മതപരമായ ചടങ്ങുകൾക്കോ അംഗങ്ങൾക്ക് പാർലമെന്റ് മന്ദിരത്തിന്റെ പരിസരം ഉപയോഗിക്കാൻ കഴിയില്ല,” ഉത്തരവിൽ പറയുന്നു.
കോൺഗ്രസ് ജനറൽ സെക്രട്ടറിയും രാജ്യസഭയിലെ പാർട്ടി ചീഫ് വിപ്പുമായ ജയറാം രമേശാണ് ജൂലൈ 14ന് പുറപ്പെടുവിച്ച സർക്കുലറിന്റെ പകർപ്പ് ട്വിറ്ററിലൂടെ പങ്കുവച്ചത്. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായിട്ടായിരുന്നു ട്വിറ്റർ പോസ്റ്റ്.
ജൂലൈ 18ന് ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിന്റെ ഇരുസഭകളിലും അൺപാർലമെന്ററിയായി കണക്കാക്കുന്ന വാക്കുകളുടെയും പദപ്രയോഗങ്ങളും അടങ്ങിയ ബുക്ക്‌ലെറ്റ് ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയതിന് പിന്നാലെയാണ് ഈ ഉത്തരവും വരുന്നത്. പാര്‍ലമെന്റില്‍ ഉപയോഗിക്കാന്‍ പറ്റാത്ത വാക്കുകളുടെ പട്ടിക പുറപ്പെടുവിച്ചതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
‘ജൂംലജീവി’, ‘ബാല്‍ബുദ്ധി’, ‘കോവിഡ് പരത്തുന്നയാള്‍’, ‘സ്നൂപ്ഗേറ്റ്’ തുടങ്ങിയ 65 പദങ്ങളാണ് ലോക്സഭയിലും രാജ്യസഭയിലും ഇനി അണ്‍പാര്‍ലമെന്ററിയായി കണക്കാക്കുന്നത്.
വിമര്‍ശനങ്ങളില്‍നിന്നും പരുക്കന്‍ യാഥാര്‍ഥ്യത്തില്‍നിന്നും നരേന്ദ്ര മോദി സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള നിരോധന ഉത്തരവാണ് ‘അണ്‍ പാര്‍ലമെന്ററി പട്ടിക’യെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആക്ഷേപം.
പട്ടികയെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അണ്‍പാര്‍ലമെന്ററിയ്ക്കു പുതിയ ‘നിര്‍വചനം’ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ”സര്‍ക്കാരിനെ പ്രധാനമന്ത്രി കൈകാര്യം ചെയ്യുന്നതു കൃത്യമായി വിവരിക്കുന്നതിനു ചര്‍ച്ചകളിലും സംവാദങ്ങളിലും ഉപയോഗിക്കുന്നതും ഇപ്പോള്‍ തടയപ്പെട്ടിട്ടുള്ളതുമായ വാക്കുകള്‍,” എന്നാണ് രാഹുലിന്റെ പരിഹാസം. ”പുതിയ ഇന്ത്യയ്ക്കായുള്ള പുതിയ നിഘണ്ടു,” എന്നും അദ്ദേഹം കുറിച്ചു.
അതേസമയം, ഒരു വാക്കും നിരോധിച്ചിട്ടില്ലെന്നും അംഗങ്ങള്‍ക്ക് അവരുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും , ലോക്‌സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു. അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാവശം അംഗങ്ങളില്‍നിന്ന് ആര്‍ക്കും തട്ടിയെടുക്കാനാകില്ലെന്നും എന്നാല്‍ അത് പാര്‍ലമെന്റിന്റെ അന്തസിനു നിരക്കുന്നതായിരിക്കണമെന്നും ബിര്‍ള പറഞ്ഞു.