ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘റേപ്പ് ഇൻ ഇന്ത്യ’ പരാമർശത്തിൽ പാർലമെന്റിൽ ബഹളം. രാഹുൽ ഗാന്ധി മാപ്പു പറയണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലും ലോക്‌സഭയിലും ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചു. ബിജെപി എംപിമാർ രാഹുലിനെതിരെ മുദ്രാവാക്യം വിളിച്ചു. ഭരണപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് ലോക്‌സഭ പലതവണ നിർത്തിവച്ചു.

രാഹുലിനെ രൂക്ഷമായ ഭാഷയിലാണ് സ്‌മൃതി ഇറാനി വിമർശിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ വനിതകളെ ബലാത്സംഗം ചെയ്യണമെന്ന് ഒരു നേതാവ് ആഹ്വാനം ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി പറഞ്ഞു. ”ഇതാണോ രാജ്യത്തെ ജനങ്ങൾക്കുളള രാഹുലിന്റെ സന്ദേശം. അദ്ദേഹം ശിക്ഷിക്കപ്പെടണം” സ്‌മൃതി ഇറാനി ആവശ്യപ്പെട്ടു.

എല്ലാ പുരുഷന്മാരും ബലാത്സംഗികളല്ല. ഇന്ത്യയെ അപമാനിക്കുന്നതാണിത്. രാഹുൽ ഗാന്ധി അൻപതിനോട് അടുക്കുന്നു, ഇത്തരമൊരു പ്രസ്താവന ഇന്ത്യയിൽ ബലാത്സംഗത്തിനുള്ള ക്ഷണം പോലെയാണെന്ന് അദ്ദേഹത്തിന് മനസിലാവില്ലേയെന്നു സ്‌മൃതി ചോദിച്ചു. തന്റെ വാക്കുകളിലൂടെ ഇന്ത്യയിലെ എല്ലാ സ്ത്രീകളെയും രാഹുൽ ഗാന്ധി അപമാനിച്ചുവെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു.

Read Also: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കും

കഴിഞ്ഞ ദിവസം ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. ”’മേക്ക് ഇൻ ഇന്ത്യ’ എന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ നിങ്ങൾ എവിടെ നോക്കിയാലും ‘റേപ്പ് ഇൻ ഇന്ത്യ’ ആണ്. ഉത്തർപ്രദേശിൽ നരേന്ദ്ര മോദിയുടെ എംഎൽഎ സ്ത്രീയെ ബലാത്സംഗം ചെയ്തു, അതിനുശേഷം ആ പെൺകുട്ടി അപകടത്തിൽപ്പെട്ടു. എന്നിട്ടും മോദി ഒരു വാക്കുപോലും മിണ്ടിയില്ല. നരേന്ദ്ര മോദി ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ പറയുന്നു, എന്നാൽ ആരുടെ പക്കൽനിന്നാണ് പെൺമക്കളെ രക്ഷിക്കേണ്ടതെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. ബിജെപി എംഎൽഎമാരിൽ നിന്നാണ് അവരെ രക്ഷിക്കേണ്ടത്” ഇതായിരുന്നു രാഹുൽ പറഞ്ഞത്.

അതേസമയം, രാഹുൽ പ്രസ്താവന നടത്തിയത് സഭയ്ക്കകത്ത് അല്ലെന്ന് ഡിഎംകെ എംപി കനിമൊഴി പറഞ്ഞു. ‘മേക്ക് ഇൻ ഇന്ത്യ’ എന്ന് പ്രധാനമന്ത്രി പറഞ്ഞു, ഞങ്ങൾ അത് ബഹുമാനിക്കുന്നു, പക്ഷേ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? അതാണ് രാഹുൽ ഗാന്ധി പറയാൻ ഉദ്ദേശിച്ചത്. നിർഭാഗ്യവശാൽ മേക്ക് ഇൻ ഇന്ത്യ സംഭവിക്കുന്നില്ല, മറിച്ച് രാജ്യത്തെ സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുന്നു. ഇത് ആശങ്കപ്പെടേണ്ട കാര്യമാണെന്നും കനിമൊഴി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook