ന്യൂഡല്‍ഹി: 2047-ഓടെ ആധുനികതയുടെ എല്ലാ സുവര്‍ണ അധ്യായങ്ങളുമുള്ള ഒരു രാഷ്ട്രം നാം കെട്ടിപ്പടുക്കേണ്ടതുണ്ടെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ”ആത്മനിര്‍ഭര്‍’ ഭാരതവും മാനുഷിക കടമകള്‍ നിറവേറ്റാന്‍ പ്രാപ്തിയുള്ളതുമായ രാജ്യം നാം കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും
അവര്‍ പറഞ്ഞു. പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
പുതിയ സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന വിപുലീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ട്. ഈ പദ്ധതി ലോകമെമ്പാടും പ്രശംസിക്കപ്പെടുകയാണ്. സര്‍ക്കാര്‍ അവതരിപ്പിച്ച എല്ലാ പദ്ധതികളുടെയും കാതല്‍ സ്ത്രീ ശാക്തീകരണമാണ്. ഇന്ന്, ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ വിജയമാണ് നമ്മള്‍ കാണുന്നത്. രാജ്യത്ത് ആദ്യമായി സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ കൂടുതലാണ്. സ്ത്രീകളുടെ ആരോഗ്യവും മുമ്പത്തേക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ട്.
ഒരു വശത്ത്, നമ്മുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളും ചരിത്രപരമായ പൈതൃക കേന്ദ്രങ്ങളും നാം വികസിപ്പിക്കുന്നു, മറുവശത്ത്, ഇന്ത്യ ലോകത്തിലെ പ്രധാന ബഹിരാകാശ ശക്തിയായി മാറുന്നു. ഇന്ത്യ ആദ്യ സ്വകാര്യ ഉപഗ്രഹവും വിക്ഷേപിച്ചു. പുതിയ സംരംഭങ്ങളുടെ ഫലമായി നമ്മുടെ പ്രതിരോധ കയറ്റുമതി ആറ് മടങ്ങ് വര്‍ധിച്ചു. ഐ എന്‍ എസ് വിക്രാന്ത് ഉള്‍പ്പെടെയുള്ള ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലും നമ്മുടെ നാവികസേനയുടെ ഭാഗമായതിൽ അഭിമാനിക്കുന്നു.
സുസ്ഥിരവും നിര്‍ഭയവും നിര്‍ണായകവും വലിയ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണു രാജ്യത്തിന്റേത്. സത്യസന്ധതയെ മാനിക്കുകയും പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും അവരെ ശാശ്വതമായി ശാക്തീകരിക്കാനും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു. സമൂഹത്തിലെ നിരാലംബരായ വിഭാഗങ്ങളുടെ അഭിലാഷങ്ങളാണു സര്‍ക്കാര്‍ നിറവേറ്റിയതെന്നും രാഷ്ട്രപതി പറഞ്ഞു.