ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയുണ്ടായ അക്രമം ദൗർഭാഗ്യകരമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ദേശീയ പതാകയും റിപ്പബ്ലിക് ദിനം പോലുള്ള വിശേഷ ദിനവും കഴിഞ്ഞ ദിവസങ്ങളില്‍ അപമാനിക്കപ്പെട്ടുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അഭിപ്രായ സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്നു ഭരണഘടന. നിയമവും നിയമങ്ങളും ഗൗരവമായി പാലിക്കേണ്ടതുണ്ടെന്നും നമ്മെ പഠിപ്പിക്കുന്നതും അതേ ഭരണഘടന തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർലമെന്റിൽ ഇരു സഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. 17-ാമത് ലോക്സഭയുടെ അഞ്ചാം സെഷന് തുടക്കമായി. ജനുവരി 29 മുതൽ ഫെബ്രുവരി 15 വരെയും മാർച്ച് 8 മുതൽ ഏപ്രിൽ 8 വരെയും രണ്ട് ഭാഗങ്ങളായി സമ്മേളനം നടക്കും. 35 സിറ്റിങ്ങുകൾ ഉണ്ടായിരിക്കും. ആദ്യ ഭാഗത്ത് 11 ഉം രണ്ടാം ഭാഗത്ത് 24 ഉം സിറ്റിങ്ങുകളുമാണുള്ളത്.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം തുടങ്ങിയത്. എന്നാൽ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം അർപ്പിച്ച് നയപ്രഖ്യാപന പ്രസംഗമടക്കം ബഹിഷ്കരിക്കുകയാണ് പ്രതിപക്ഷം. ശിരോമണി അകാലിദളും പ്രസംഗം ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പാര്‍ലമെന്റ് നടപടികളുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്.
Also Read: മരിച്ചാലും പിന്നോട്ടില്ലെന്ന് കർഷകർ; ഒടുവിൽ പൊലീസും കേന്ദ്രസേനയും പിന്മാറി
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ഡൽഹിയിൽ കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും പർലമെന്റ് സമ്മേളനത്തിന്റെ ഭാഗമായി സുരക്ഷാ മുൻകരുതലുകൾ പഴയ പോലെ തന്നെ തുടരും. ഇരുചേംബറിലുമായി വ്യത്യസ്ത സമയത്താണ് ലോക്സഭയും രാജ്യസഭയും ചേരുക. അഞ്ച് മണിക്കൂർ വീതമായിരിക്കും സഭ ചേരുക. കഴിഞ്ഞ സമ്മേളനകാലത്ത് നാലുമണിക്കൂർ മാത്രമേ സഭകള്‍ സമ്മേളിച്ചിരുന്നുള്ളൂ.
അതേസമയം, കർഷക പ്രക്ഷോഭം സർക്കാരിന് ഈ സമ്മേളനകാലത്ത് വലിയ ഭീഷണി തന്നെയാകുമെന്നാണ് കരുതുന്നത്. കർഷക സമരത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. 16 പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കുമെന്ന് സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു.
Also Read: നിർദേശം അംഗീകരിച്ചാൽ മാത്രം ഇനി ചർച്ച; കർഷക പ്രക്ഷോഭത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്രം
സമരം തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഹീന ശ്രമങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും കോൺഗ്രസും ഇടതുപാർട്ടികളും തൃണമൂൽ കോൺഗ്രസും അടക്കം ഒപ്പുവച്ച പ്രസ്താവന പറയുന്നു. ഇതിനു പുറമേ ആം ആദ്മി പാർട്ടി, അകാലിദൾ എന്നീ കക്ഷികളും ബഹിഷ്കരണം പ്രഖ്യാപിച്ചിട്ടുണ്ട്. നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കുന്ന പ്രതിപക്ഷം ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി പാർലമെന്റിൽ ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഭവങ്ങള്‍ അറിയിക്കുന്നതിന് രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച ഉണ്ടായോ എന്ന ചോദ്യവും പ്രതിപക്ഷം ഉന്നയിക്കുന്നു.