ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ), ചരിത്രപരമാണെന്നും ഇതു നടപ്പാക്കിയതിലൂടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഉള്‍പ്പെടെയുള്ള സ്ഥാപക പിതാക്കന്മാരുടെ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെട്ടുവെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് അവതരണത്തിന്റെ ഭാഗമായി ആരംഭിച്ച പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

സിഎഎ നടപ്പാക്കിയതുവഴി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്വപ്നം പൂര്‍ത്തീകരിച്ചതില്‍ താന്‍ സന്തുഷ്ടനാണെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.കശ്മീർ വിഭജനം, മുത്തലാഖ് നിയമം എന്നിവയും നയപ്രഖ്യാപന പ്രസംഗത്തിൽ പരാമർശിച്ചു.

ഭരണഘടനയുടെ അനുച്ഛേദം 370, 35എയും എന്നിവ റദ്ദാക്കിയതു ചരിത്രപരമായ കാര്യം മാത്രമല്ല, ജമ്മു കശ്മീരിലും ലഡാക്കിലും തുല്യവികസനത്തിനു വഴി തുറക്കുന്നതുമാണ്. മുത്തലാഖ് നിയമം മുസ്ലിം സ്ത്രീകള്‍ക്ക് ശാക്തീകരണം നല്‍കി. പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച രാഷ്ട്രപതി ഇക്കാര്യത്തില്‍ ആവശ്യമായ നടപടിയെടുക്കാന്‍ ആഗോള സമൂഹത്തോട് അഭ്യര്‍ഥിച്ചു.

പരസ്പരമുള്ള സുതാര്യമായ സംവാദവും ചര്‍ച്ചകളും  ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്നാണു സര്‍ക്കാര്‍ കരുതുന്നത്. എന്നാൽ പ്രതിഷേധത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ രാജ്യത്തെ ദുര്‍ബലമാക്കുന്നു. പുതിയ ഇന്ത്യ സൃഷ്ടിക്കാന്‍ സര്‍ക്കാരിനു രാജ്യത്തെ ജനങ്ങള്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also: സാമ്പത്തിക സർവേ, പൊതു ബജറ്റ്; അറിയേണ്ടതെല്ലാം

ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ യാഥാര്‍ഥ്യത്തിലേക്ക് എത്താനായി സമ്പദ് വ്യവസ്ഥയുടെ എല്ലാ തലത്തിലും പ്രവര്‍ത്തിക്കുകയും ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയുമാണ്. ലോകം വെല്ലുവിളി നേരിടുമ്പോഴും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ശക്തമായി തുടരുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. പ്രാദേശികവും തദ്ദേശീയവുമായ ഉല്‍പ്പന്നങ്ങള്‍ക്കു മുന്‍ഗണന നല്‍കാന്‍ എല്ലാ നേതാക്കളോടും ജനങ്ങളോടും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിൽ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി അഭ്യര്‍ഥിച്ചു.

അതേസമയം, സിഎഎയെ രാഷ്ട്രപതി ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പാര്‍ലമെന്റില്‍ അല്‍പ്പനേരം ബഹളംവച്ചു. നയപ്രഖ്യാപനപ്രസംഗസമയത്ത് കറുത്ത ബാഡ്ജ് ധരിച്ചാണ് കോൺഗ്രസ് എംപിമാർ എത്തിയത്. ഭരണഘടനയെ സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി പാര്‍ലമെന്റിന് അകത്തും പുറത്തും കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ റജിസ്റ്ററിനുമെതിര രാജ്യത്ത് പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണു ബജറ്റ് സമ്മേളനത്തിനു തുടക്കമായിരിക്കുന്നത്. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിനു ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും.  ബജറ്റ് സമ്മേളനം ഏപ്രില്‍ മൂന്നു വരെ നീളും. ഫെബ്രുവരി 11 നു അവസാനിക്കുന്ന സഭാ നടപടികൾ മാര്‍ച്ച് രണ്ടിനു പുനഃരാരംഭിക്കും.

Read Also: വരും വർഷം വളർച്ച 6.5 ശതമാനം വരെ; സാമ്പത്തിക സർവേ

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ തയാറാക്കിയ 2019-20 വര്‍ഷത്തെ സാമ്പത്തിക സർവേ സീതാരാമന്‍ സഭയുടെ മേശപ്പുറത്തുവയ്ക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ രാജ്യത്തിന്റെ സമ്പദ് സ്ഥിതി, സമ്പദ്വ്യവസ്ഥ പ്രതീക്ഷിക്കുന്ന പ്രധാന വെല്ലുവിളികള്‍, സാധ്യമായ പരിഹാരങ്ങള്‍ എന്നിവയെക്കുറിച്ച് സര്‍ക്കാര്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടാണു സര്‍വേ.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത് സാമ്പത്തിക വിഷയങ്ങളിലായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബജറ്റ് സമ്മേളനത്തിനായി പാര്‍ലമെന്റിലെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗത നിയമത്തെച്ചൊല്ലി രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങളെ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് ഇന്നലെ നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബജറ്റ് അവതരണത്തിനു മുന്നോടിയായി നടന്ന യോഗത്തില്‍ 26 പാര്‍ട്ടികളുടെ നേതാക്കളാണു പങ്കെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook