scorecardresearch

Latest News

ഇന്ത്യ നടത്തുന്നത് ഏറ്റവും വലിയ ഭക്ഷ്യവിതരണ യജ്ഞം; ക്ഷേമ പദ്ധതികളെ പ്രശംസിച്ച് രാഷ്ട്രപതി

അതേസമയം, ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയുടെ സാമ്പത്തിക പുരോഗതി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതാവും ഈ ബജറ്റ് എന്ന് പറഞ്ഞു

President Ram Nath Kovind, രാഷ്ട്രപതി രാം നാഥ് കോവിന്ദ്, Ram Nath Kovind News, രാം നാഥ് കോവിന്ദ് വാര്‍ത്തകള്‍. Malayalam News, IE Malayalam. ഐഇ മലയാളം
ഫയൽ ചിത്രം

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യവിതരണ യജ്ഞമാണ് ഇന്ത്യ നടത്തുന്നതെന്ന് കേന്ദ്രത്തിന്റെ ക്ഷേമപ്രവർത്തനങ്ങളെ പ്രശംസിച്ചു കൊണ്ട് രാഷ്ട്രപതി പറഞ്ഞു.

ആരും പട്ടിണിയായി വീട്ടിലേക്ക് മടങ്ങുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കുന്നുണ്ട്. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയുടെ ഭാഗമായി എന്റെ സർക്കാർ എല്ലാ മാസവും പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ വിതരണം ചെയ്യുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണ വിതരണ പദ്ധതി ഇന്ത്യയാണ് നടത്തുന്നത് അദ്ദേഹം പറഞ്ഞു.

കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ അഭിനന്ദിച്ച രാഷ്ട്രപതി, കോവിഡിനെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ കഴിവ്വാക്സിനേഷനിൽ പ്രകടമായിരുന്നു എന്ന് പറഞ്ഞു. “ഒരു വർഷത്തിനുള്ളിൽ, 150 കോടി ഡോസ് വാക്സിൻ നൽകി നമ്മൾ റെക്കോർഡ് സൃഷ്ടിച്ചു. നൽകിയ വാക്സിൻ ഡോസുകളുടെ എണ്ണമെടുത്താൽ അതിൽ മുൻപന്തിയിലുള്ള രാജ്യങ്ങളിൽ ഒന്നാണ് നമ്മൾ.”

കൊവിഡ് കാലത്ത് പാവപ്പെട്ടവർക്ക് എല്ലാവർക്കും സൗജന്യ ഭക്ഷണം നൽകാനായി. ആയുഷ്മാൻ ഭാരത് കാർഡ് പാവപ്പെട്ടവർക്ക് പ്രയോജനമായി. ജൻ ഔഷധി കേന്ദ്രത്തിൽ കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കിയതും വലിയ മുന്നേറ്റമായി. വഴിയോരക്കച്ചവടക്കാർക്ക് വേണ്ടിയുള്ള സ്വനിധി യോജനയിലൂടെ ഇതുവരെ 28 ലക്ഷം വഴിയോര കച്ചവടക്കാർക്ക് 2,900 കോടിയിലധികം രൂപയുടെ ധനസഹായം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീശാക്തീകരണത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. മുദ്ര യോജനയിലൂടെ സ്ത്രീകളുടെ സംരംഭകത്വത്തിനും കഴിവുകൾക്കും ഉത്തേജനം ലഭിച്ചു. “ബേഠി ബച്ചാവോ, ബേഠി പഠാവോ” എന്നതിലൂടെ നല്ല ഫലങ്ങൾ ഉണ്ടായോ. കൂടാതെ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ പദവി നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായി സർക്കാർ സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 18 ൽ നിന്ന് 21 ആയി ഉയർത്തുന്നതിനുള്ള ബിൽ അവതരിപ്പിച്ചു.

രണ്ടു കോടി വീടുകൾ പാവപ്പെട്ടവർക്ക് നിർമ്മിച്ചു നൽകി. ഹർ ഘർ ജൽ എന്ന പേരിൽ എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നു. കാർഷിക രംഗത്തെ വികസനങ്ങൾക്ക് കാരണം ചെറുകിട കർഷകരുടെ അധ്വാനമാണ്. 11 കോടി കർഷകർക്ക് കിസാൻ സമ്മാൻ നിധി പ്രകാരം 6000 രൂപ വീതം പ്രതിവർഷം നൽകി, അദ്ദേഹം കൂട്ടിച്ചേർത്തു.

ടോക്കിയോ ഒളിംപിക്സിലെ ഇന്ത്യയുടെ പ്രകടനത്തെ അദ്ദേഹം പ്രശംസിച്ചു. ഇന്ത്യയിലെ ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളെ കുറിച്ചും രാഷ്ട്രപതി പറഞ്ഞു.

അതേസമയം, ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയുടെ സാമ്പത്തിക പുരോഗതി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതാവും ഈ ബജറ്റ് എന്ന് പറഞ്ഞു. “ഇന്നത്തെ ആഗോള സാഹചര്യത്തിൽ ഇന്ത്യക്ക് ധാരാളം അവസരങ്ങളുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി, വാക്‌സിനേഷൻ പരിപാടി, ഇന്ത്യയിൽ നിർമ്മിച്ച വാക്‌സിനുകൾ എന്നിവയെക്കുറിച്ച് ഈ സമ്മേളനം ലോകത്തിന് ആത്മവിശ്വാസം പകരും,” അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വികസനത്തിനായുള്ള ച‌‌‌‍‍ർച്ച നടക്കണമെന്നും തിരഞ്ഞെടുപ്പ് പാ‌ർലമെന്റ് ച‌ർച്ചകളെ സ്വാധീനിക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Parliament budget session 2022 president address