കൊച്ചി: നിങ്ങളുടെ വാഹനം നിയമ ലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞതിന് ലഭിച്ച നോട്ടീസിലെ പിഴ ഇതുവരെ അടച്ചില്ലേ?. ഇല്ലെങ്കില്‍ വേഗം പോയി അടയ്ക്കൂ. മാര്‍ച്ച് 31-നകം അടച്ചില്ലെങ്കില്‍ വാഹനം കരിമ്പട്ടികയില്‍പ്പെടും.

രാജ്യത്തെ വാഹനങ്ങളുടെ വിവരങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന പരിവാഹന്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക് സംസ്ഥാനങ്ങളുടെ മോട്ടോര്‍ വാഹനവകുപ്പുകള്‍ മാറുന്ന സാഹചര്യത്തിലാണ് ആര്‍ടിഒ മുന്നറിയിപ്പ് നല്‍കുന്നത്.

Read Also: മാനസികാരോഗ്യ വൈകല്യങ്ങൾ ഗർഭിണികളെയും അവരുടെ കുഞ്ഞുങ്ങളെയും ബാധിക്കുമോ?

ക്യാമറകള്‍ കണ്ടെത്തിയിരിക്കുന്ന നിയമലംഘനത്തിന് നോട്ടീസ് ലഭിച്ചതും വിവിധ കാരണങ്ങളാല്‍ നോട്ടീസ് ലഭിക്കാത്തതുമായ വാഹന ഉടമകൾ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റായ www.mvd.kerala.gov.inലെ ‘Fine Remittance Camera Surveilance’ എന്ന ലിങ്കിലൂടെ വാഹനങ്ങള്‍ ശിക്ഷാര്‍ഹമായിട്ടില്ലെന്ന് ഉറപ്പ് വരുവരുത്തണം. ശിക്ഷാര്‍ഹരായവര്‍ ഉടന്‍ പിഴയടച്ച് നിയമനടപടികളില്‍ നിന്നും ഒഴിവാകണമെന്നും ഇത് സംബന്ധിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുകയില്ലെന്നും എറണാകുളം എന്‍ഫോഴ്സ്‌മെന്റ് ആര്‍ടിഒ ആനന്ദ കൃഷ്ണൻ അറിയിച്ചു.

രാജ്യത്തെ വാഹനങ്ങളുടെ വിവരങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന പരിവാഹന്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക് മോട്ടോര്‍ വാഹനവകുപ്പുകള്‍ മാറുന്ന സാഹചര്യത്തില്‍ വാഹന ഉടമകള്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് ഏതെങ്കിലും ശിക്ഷാ നടപടികള്‍ നേരിടുന്നുണ്ടോയെന്ന് അടിയന്തരമായി പരിശോധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: Explained: യുപിയിലെ സ്വര്‍ണ നിക്ഷേപ വാര്‍ത്തയ്ക്ക് പിന്നിലെന്ത്?

വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പരുകള്‍ വാഹന്‍ സോഫ്റ്റ്‌വെയറിലേക്ക് പോര്‍ട്ട് ചെയ്യുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ക്യാമറകളില്‍ കണ്ടെത്തിയ നിയമലംഘനങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ പിഴ ഒടുക്കിയില്ലെങ്കില്‍ പുതിയ സംവിധാനത്തിലെ കരിമ്പട്ടികയില്‍ ഉള്‍പ്പെടും. ഇത്, മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട തുടര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിന് തടസ്സങ്ങള്‍ ഉണ്ടാക്കും.വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഉടമസ്ഥാവകാശം കൈമാറുന്നതിനും മറ്റും ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.

പരിവാഹനിലേക്ക് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പുകളുടെ സോഫ്റ്റ്‌വെയറുകള്‍ ലയിക്കുന്ന പ്രക്രിയ തുടങ്ങിയിട്ട് കുറച്ച് കാലമായി. ക്യാമറയില്‍ പതിഞ്ഞ നിയമ ലംഘനങ്ങള്‍ ഒഴിച്ചുള്ള ലംഘനങ്ങള്‍ കഴിഞ്ഞ മാസം ഒന്നാം തിയതിയോടുകൂടി പരിവാഹനില്‍ ലയിച്ചു. നിരവധി വാഹനങ്ങള്‍ കരിമ്പട്ടികയില്‍പ്പെട്ടിട്ടുണ്ടെന്ന് എന്‍ഫോഴ്സ്‌മെന്റ് ആര്‍ടിഒ പറഞ്ഞു. കരിമ്പട്ടികയില്‍പ്പെട്ട വാഹനങ്ങള്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ വാഹനം രജിസ്റ്റര്‍ ചെയ്ത ആര്‍ടിഒ ഓഫീസുമായി ബന്ധപ്പെടണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook