പാരിസ്: ഫ്രാന്‍സില്‍ കെട്ടിടത്തിന് താഴേക്ക് വീഴാന്‍ പോയ കുട്ടിയെ മാലിയന്‍ കുടിയേറ്റക്കാരന്‍ സാഹസികമായി രക്ഷപ്പെടുത്തി. നാല് നില കെട്ടിടത്തില്‍ തൂങ്ങിപ്പിടിച്ച് നിന്ന കുട്ടിയെ ജനങ്ങള്‍ നോക്കി നില്‍ക്കെയാണ് സ്വന്തം ജീവന്‍ പണയം വച്ച് ഇദ്ദേഹം രക്ഷിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 22കാരനായ മമൂദു ഗസ്സമ എന്ന മാലിദ്വീപ് സ്വദേശിയാണ് കുട്ടിയെ രക്ഷിച്ചത്.
യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാതെ നാലാം നിലയിലേക്ക് സാഹസികമായി ഇയാള്‍ കയറുമ്പോള്‍ ആര്‍ത്തുവിളിക്കുന്ന കാഴ്‌ചക്കാരേയും വീഡിയോയില്‍ കാണാം. ‘യഥാര്‍ത്ഥ സ്‌പൈഡര്‍മാന്‍’ എന്ന അടിക്കുറിപ്പോടെ വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായി മാറി. കുട്ടി എങ്ങനെയാണ് കെട്ടിടത്തിന്റെ അറ്റത്തെത്തിയതെന്ന് വ്യക്തമല്ല.
This man did not hesitate a second, risked his life and saved the kid! #truehero #spiderman #paris pic.twitter.com/u1fvid3i1j
— Fred (@FredBC77) May 27, 2018
താന്‍ റോഡിലൂടെ കടന്നുപോകുമ്പോഴാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍ തൂങ്ങിക്കിടക്കുന്ന കുട്ടിയെ കണ്ടതെന്ന് ഗസ്സമ പറഞ്ഞു. ഗസ്സമയുടെ പ്രവൃത്തിയെ പാരിസ് മേയര്‍ അന്നെ ഹിഡലോഗ് പുകഴ്ത്തി. ഫ്രാന്‍സില്‍ സ്ഥിരതാമസമാക്കാനുളള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് സഹായം നല്‍കുമെന്നും മേയര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പാണ് ഗസ്സമ മാലിയില്‍ നിന്നും ഫ്രാന്‍സിലെത്തിയത്. വീഡിയോ പുറത്തുവന്നതോടെ ഗസ്സമയെ പുകഴ്ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞു.