പാരീസ്: പാരീസില്‍ ഒരാളെ കുത്തിക്കൊലപ്പെടുത്തിയ അക്രമിയെ പൊലീസ് വെടിവച്ച് കൊന്നു. ഇയാളുടെ അക്രമത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. സെൻട്രൽ പാരീസിലെ ഒപ്പേറ ഗാർണിയറിനു സമീപമാണ് സംഭവമുണ്ടായത്. ‘അളളാഹു അക്ബര്‍’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞാണ് ഇയാള്‍ അക്രമം നടത്തിയതെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ പോരാളിയാണ് അക്രമം നടത്തിയതെന്ന് ഭീകരസംഘടന അറിയിച്ചു.
കത്തി ഉപയോഗിച്ച് നടത്തിയ അക്രമത്തില്‍ 29കാരനാണ് കൊല്ലപ്പെട്ടത്. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മറ്റ് രണ്ട് പേരുടെ പരുക്ക് സാരമുളളതല്ല. തുടര്‍ന്ന് അക്രമിയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. പൊലീസിന് ആക്രമണത്തിന്റെ വിവരം ലഭിച്ച് 9 മിനിറ്റിനുളളില്‍ അക്രമിയെ കൊലപ്പെടുത്തിയതായി ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പ് വ്യക്തമാക്കി.