സാന്തത്തി (കർണാടക): കേന്ദ്ര സര്‍ക്കാരിനേയും ബിജെപി നേതൃത്വത്തേയും പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി റാഫേല്‍ കരാറില്‍ മാറ്റം വരുത്തിയതിനെ കുറിച്ച് മുന്‍ പ്രതിരോധ മന്ത്രിയായ മനോഹര്‍ പരീക്കറിന് യാതൊരു അറിവുമില്ലായിരുന്നു എന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. കര്‍ണ്ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ ജാഥയില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍.

മോദി റാഫേല്‍ കരാറില്‍ മാറ്റം വരുത്തുമ്പോള്‍ പ്രതിരോധ മന്ത്രിയായിരുന്ന പരീക്കര്‍ ഗോവയിലെ മീന്‍ മാര്‍ക്കറ്റില്‍ മീന്‍ വാങ്ങുകയായിരുന്നു എന്നാണ് രാഹുലിന്റെ പരിഹാസം. ‘പ്രതിരോധ മന്ത്രി ഗോവയിലായിരുന്നു. മീന്‍ മാര്‍ക്കറ്റില്‍ നിന്നും മീന്‍ വാങ്ങുകയായിരുന്നു. ഇതിനിടെ മോദി ജി റാഫേല്‍ കരാറില്‍ മാറ്റം വരുത്തിയതിനെ കുറിച്ച് അദ്ദേഹത്തിന് യാതൊരു അറിവുമുണ്ടായിരുന്നില്ല.’ രാഹുല്‍ പറയുന്നു. സാന്തത്തിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ, റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയ പ്രസ്താവനയേയും രാഹുല്‍ വിമര്‍ശിച്ചിരുന്നു. കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കുകയില്ലെന്ന മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് രാഹുല്‍ രംഗത്തെത്തിയത്. മോദി നേരിട്ട് പാരിസില്‍ പോയി കരാറില്‍ ഒപ്പിടുകയായിരുന്നുവെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

‘പ്രതിരോധ മന്ത്രി പറയുന്നത് ഞങ്ങള്‍ റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ എത്ര പണം നല്‍കിയെന്ന് വെളിപ്പെടുത്തുകയില്ലെന്നാണ്. എന്താണ് ഇത് വ്യക്തമാക്കുന്നത്? അഴിമതിയുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. മോദിജി നേരിട്ട് പാരിസില്‍ പോയി കരാറില്‍ ഒപ്പിടുകയായിരുന്നു. അദ്ദേഹം കരാറില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് രാജ്യത്തുള്ളവര്‍ക്കെല്ലാം അറിയാം’ എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍.

കരാറില്‍ തിരിമറി നടന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. നേരത്തെ ഉറപ്പിച്ചിരുന്നതിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണ് പുതിയ കരാറില്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങിയതെന്നാണ് ആരോപണം. ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയാത്തതിനെതിരേയും രാഹുല്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

അതേസമയം, കര്‍ണ്ണാടകയില്‍ തിരഞ്ഞെടുപ്പ് ചൂട് കനക്കുകയാണ്. ബിജെപിയും കോണ്‍ഗ്രസും ആരോപണ-പ്രത്യാരോപണങ്ങളിലൂടെ ഏറ്റുമുട്ടുകയാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തമ്മിലുള്ള വാക്പോരും തിരഞ്ഞെടുപ്പിനെ ശക്തമായ പോരാട്ടമാക്കി മാറ്റിയിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook