ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം രാഹുല്‍ ഗാന്ധി നടത്തിയ മികച്ച പ്രസംഗങ്ങളില്‍ ഒന്നായിരുന്നു ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ലോക്സഭയില്‍ നടത്തിയത്. പതര്‍ച്ചകളില്ലാതെ പ്രധാനമന്ത്രിയുടേയും ബിജെപി സര്‍ക്കാരിന്റേയും വീഴ്ചകളെ വസ്തുതാപരമായി തുറന്നുകാട്ടുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍. മുന്‍കൂട്ടി എഴുതി തയ്യാറാക്കാതെയും മറ്റ് കടലാസു കഷ്ണങ്ങളുടെ സഹായമൊന്നും കൂടാതെയായിരുന്നു രാഹുല്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ചത്.

രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി എംപിയും നടനുമായ പരേഷ് റാവല്‍ നടത്തിയ വെല്ലുവിളിയാണ് ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായത്. വെള്ളിയാഴ്ച എഎന്‍ഐയോട് ആയിരുന്നു രാഹുലിനെ പരിഹസിക്കുന്ന തരത്തില്‍ റാവല്‍ പ്രസ്താവന നടത്തിയത്. ‘തെറ്റൊന്നും കൂടാതെ കടലാസില്‍ നോക്കാതെ 15 മിനിറ്റ് നേരം രാഹുല്‍ ലോക്സഭയില്‍ സംസാരിച്ചാല്‍ ഭൂമി കുലുങ്ങും’ എന്നായിരുന്നു പരേഷ് റാവല്‍ പറഞ്ഞത്.

‘കടലാസിലൊന്നും നോക്കാതെ, യാതൊരു പരുങ്ങലും ഇല്ലാതെ, തെറ്റൊന്നും കൂടാതെ 15 മിനിറ്റ് നേരം രാഹുല്‍ ലോക്സഭയില്‍ സംസാരിച്ചാല്‍ ഭൂമി ഒന്ന് കുലുങ്ങും. കുലുങ്ങുക മാത്രമല്ല, ഭൂമി ഡാന്‍സ് കളിക്കും’, പരേഷ് റാവല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി ലോക്സഭയില്‍ വസ്തുതാപരമായ പ്രസംഗം നടത്തിയതോടെ പരേഷിന്റെ പ്രസ്താവനയാണ് പരുങ്ങലിലായത്.

2016 ഡിസംബറില്‍ നോട്ട് നിരോധനം നടത്തിയതിന് പിന്നാലെ രാഹുല്‍ നടത്തിയ ഭൂമികുലുക്ക പരാമര്‍ശമായിരുന്നു ഇതിനൊക്കെ അടിസ്ഥാനം. നോട്ട് നിരോധന വിഷയത്തില്‍ പാര്‍ലമെന്റില്‍ തന്നെ സംസാരിക്കാന്‍ അനുവദിച്ചാല്‍ ഒരു ഭൂമികുലുക്കം തന്നെ ഉണ്ടാവും എന്നായിരുന്നു അന്ന് രാഹുല്‍ പറഞ്ഞത്. ഇതിനെ പരിഹസിച്ച് അന്ന് മോദി രംഗത്തെത്തി. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനിടെയായിരുന്നു മോദി രാഹുലിനെ പരിഹസിച്ചത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ വികസനങ്ങളെ കുറിച്ച് സംസാരിക്കാനായിരുന്നു മോദിയുടെ വെല്ലുവിളി. ‘കുറിപ്പൊന്നും നോക്കാതെ ഇംഗ്ലീഷിലോ ഹിന്ദിയിലോ രാഹുലിന്റെ മാതൃഭാഷയിലോ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നേട്ടത്തെക്കുറിച്ച് 15 മിനിറ്റ് സംസാരിക്കാനാവുമോ’, മോദി അന്ന് ചോദിച്ചു.

ഇതിന് മറുപടി പറഞ്ഞ അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യുടെ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. ‘കടലാസില്‍ നോക്കിയാലും കുഴപ്പമില്ല, ബി.എസ്.യെഡിയൂരപ്പ സര്‍ക്കാര്‍ കര്‍ണാടകയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് മോദിക്ക് 15 മിനിറ്റ് സംസാരിക്കാനാവുമോ?’.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook