ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും പെട്ട് തന്റെ അഞ്ച് വയസുകാരനായ മകന് ജുമാദില്‍ മരിച്ച് പോയെന്നായിരുന്നു സുസി റഹ്മത്തിയ എന്ന യുവതി കരുതിയിരുന്നത്. എന്നാല്‍ കുട്ടിയെ കാണാതായി ഏഴാം ദിവസം അത്ഭുതകരമായൊരു കൂടിച്ചേരലാണ് ഇന്തോനേഷ്യയില്‍ ഉണ്ടായത്. കടലോര നഗരമായ പാലുവില്‍ ഭൂമികുലുക്കം ഉണ്ടാവുന്നതിന് തൊട്ടുമുമ്പ് തന്റെ മുത്തശ്ശിയായ അജാര്ണിയുടെ വീട്ടിനടുത്ത് കളിക്കുകയായിരുന്നു ജുമാദില്‍.
പ്രദേശത്ത് സുനാമി കൂടി വന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരായി പരക്കം പാഞ്ഞു. 48കാരിയായ അജാര്ണി കൊച്ചുമകനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. സുനാമി തിരകള്‍ ആഞ്ഞടിച്ചതോടെ ജനങ്ങള്‍ തീരപ്രദേശത്ത് നിന്നും ജീവനും കൊണ്ട് പാഞ്ഞു. കൊച്ചുമകനെ കണ്ടെത്താനാവാതെ അജാര്ണിക്കും മറ്റുളളവരോടൊത്ത് ജീവനും കൊണ്ട് ഓടേണ്ടി വന്നു.
പ്രദേശത്ത് നിന്നും മുഴവന്‍ പേരേയും മാറ്റിപ്പാര്‍പ്പിച്ചെങ്കിലും ജുമാദിലിനെ മാത്രം കണ്ടെത്താനായില്ല. നൂറ് കണക്കിന് പേര് സുനാമിയില്‍ മരിച്ചതോടെ ജുമാദിലും കടലില്‍ ഒഴുകിപ്പോയിട്ടുണ്ടാവുമെന്ന് ഇവര്‍ കരുതി. ദിവസങ്ങളോളം ജുമാദിലിന് വേണ്ടി പ്രദേശത്ത് കുടുംബം തിരച്ചില്‍ നടത്തി. മരിച്ചെന്ന് കരുതി മകന്റെ മൃതദേഹത്തിനായാണ് തങ്ങള്‍ തിരഞ്ഞതെന്ന് ജുമാദിലിന്റെ പിതാവ് മുഹമ്മദ് ആരിഫ് പറഞ്ഞു. എന്നാല്‍ അവന് ഇപ്പോഴും ജീവനോടെ ഇരിക്കുന്നുണ്ടെന്നായിരുന്നു തന്റെ ഭാര്യ പറഞ്ഞതെന്നും ആരിഫ് വ്യക്തമാക്കി.
എന്നാല്‍ തിരയില്‍ പെട്ട ജുമാദിലിനെ പൊലീസുകാര്‍ രക്ഷിച്ച് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു.
മാതാപിതാക്കളുടെ പേര് പറയാത്തത് കാരണം ജുമാദിലിനെ മറ്റുളളവര്‍ക്കൊപ്പം ക്യാംപില്‍ പാര്‍പ്പിച്ചു. ഇതിനിടെയാണ് ജുമാദിലിന്റെ അമ്മാവന് ഫെയ്സ്ബുക്കില്‍ കുട്ടിയുടെ ചിത്രങ്ങളും വിവരങ്ങളും പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയില്‍ പെട്ട പൊലീസാണ് കുടുംബത്തെ വിവരം അറിയിച്ചത്. വൈകാരികമായൊരു ഒത്തുചേരലിനാണ് കഴിഞ്ഞ ദിവസം ഇന്തോനേഷ്യന്‍ ജനത സാക്ഷ്യം വഹിച്ചതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.