/indian-express-malayalam/media/media_files/uploads/2020/04/covid-test.jpg)
ന്യൂഡൽഹി: കോവിഡ്-19 പോസിറ്റീവായതിനെ തുടർന്ന് ഒൻപതു മാസം പ്രായമുളള മകന്റെ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ച് മാതാപിതാക്കൾ. ഡൽഹിയിലെ എയിംസിൽവച്ച് മേയ് 26 നാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന് കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചതോടെ മൃതദേഹം ആശുപത്രി അധികൃതരോട് സംസ്കരിക്കാൻ മാതാപിതാക്കൾ ആവശ്യപ്പെടുകയായിരുന്നു.
ആരോഗ്യനില മോശമായതിനെ തുടർന്ന് മേയ് 25 നാണ് റാംപൂർ സ്വദേശികളായ മാതാപിതാക്കൾ കുഞ്ഞിനെ എയിംസിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ തലയിൽ ഒരു മുഴ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം മുതൽ എയിംസിൽ ഇതിനുളള ചികിത്സയിലായിരുന്നു.
മകന്റെ മൃതദേഹം സ്വീകരിക്കാതെ കടന്നുകളഞ്ഞ മാതാപിതാക്കളെ കണ്ടുപിടിക്കണം എന്നാവശ്യപ്പെട്ട് എയിംസ് അധികൃതർ തങ്ങളെ സമീപിച്ചതായി റാംപൂർ ജില്ലാ ഭരണകൂടം പറഞ്ഞു. ''ഡൽഹിയിലേക്ക് തിരിച്ചുപോകാനും മകന്റെ മൃതദേഹം ഏറ്റുവാങ്ങാനും മാതാപിതാക്കൾ വിസമ്മതിച്ചു. മകന്റെ അന്ത്യകർമ്മങ്ങൾ നടത്താൻ എയിംസ് അധികൃതരോട് ആവശ്യപ്പെട്ടു കൊണ്ടുളള കത്ത് കുഞ്ഞിന്റെ അച്ഛൻ ഞങ്ങൾക്ക് നൽകിയിട്ടുണ്ട്. ഈ കത്തും മറ്റുളള രേഖകളും എയിംസ് അധികൃതർക്ക് ഞാൻ അയച്ചു കൊടുത്തിട്ടുണ്ട്,'' റാംപൂർ ജില്ലാ മജിസ്ട്രേറ്റ് ആഞ്ജനേയ കുമാർ സിങ് പറഞ്ഞു.
മൂന്നു ദിവസം കാത്തിരുന്നിട്ടും മകന്റെ മൃതദേഹം എയിംസ് അധികൃതർ വിട്ടു നൽകാതിരുന്നതിനെ തുടർന്നാണ് നാട്ടിലേക്ക് മടങ്ങിയതെന്ന് കുഞ്ഞിന്റെ പിതാവ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ മുതൽ മകൻ എയിംസിൽ ചികിത്സയിലായിരുന്നെന്നും അയാൾ പറഞ്ഞു. ''മാർച്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ എയിംസിലേക്ക് മകനെ കൊണ്ടുപോകാൻ കഴിഞ്ഞില്ല. കഴിഞ്ഞ ആഴ്ച മകന്റെ ആരോഗ്യനില മോശമായതോടെ റാംപൂറിലെ നഴ്സിങ് ഹോമിൽ പ്രവേശിപ്പിച്ചു. അവിടുത്തെ ഡോക്ടർമാർ ഡൽഹിയില എയിംസിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. വാടകയ്ക്കെടുത്ത കാറിൽ മകനെയും കൊണ്ട് എയിംസിലേക്ക് മേയ് 25 ന് പോയി. എന്റെ ഭാര്യയും കൂടെയുണ്ടായിരുന്നു. എയിംസിലെ ഡോക്ടർമാർ എന്റെയും ഭാര്യയുടെയും മകന്റെയും സാംപിളുകൾ കോവിഡ് പരിശോധനയ്ക്കായി എടുത്തു. മേയ് 26 ന് മകൻ മരിച്ചു. അതേ ദിവസമാണ് മകന് കോവിഡ് പോസിറ്റീവാണെന്നും, ഞങ്ങളുടേത് നെഗറ്റീവാണെന്നും പറഞ്ഞത്. മകന്റെ മൃതദേഹം ഞങ്ങൾക്ക് വിട്ടുനൽകാൻ എയിംസിലെ ഡോക്ടർമാർ വിസമ്മതിച്ചു. എല്ലാ നിയമാനുസൃത നടപടികൾക്കും ശേഷമേ മൃതദേഹം കൈമാറൂവെന്ന് അവർ അറിയിച്ചു,'' പിതാവ് ദി ഇന്ത്യൻ എക്‌സ്‌പ്രസിനോടു പറഞ്ഞു.
Read Also: ഉംപുന് ശേഷം ‘നിസർഗ’; പേരിട്ടത് ബംഗ്ലാദേശ്, അതിതീവ്ര ചുഴലിക്കാറ്റാകാൻ മണിക്കൂറുകൾ മാത്രം
''പിറ്റേ ദിവസം മകന്റെ മൃതദേഹം വാങ്ങാനായി ആശുപത്രിയിൽ എത്തിയപ്പോൾ എല്ലാ നടപടികളും പൂർത്തിയാകുമ്പോൾ ഞങ്ങളെ വിളിക്കാമെന്ന് ഡോക്ടർമാർ പറഞ്ഞു. മേയ് 29 വരെ ഞാൻ ആ കാറിൽ കഴിച്ചുകൂട്ടി. എന്റെ കയ്യിലെ പണമെല്ലാം തീർത്തു. മൃതദേഹം വാങ്ങാനായി കാത്തിരുന്ന് ഞാൻ തളർന്നു. തുടർന്നാണ് നാട്ടിലേക്ക് മടങ്ങിയത്,'' പിതാവ് പറഞ്ഞു. മോട്ടോർസൈക്കിൾ നന്നാക്കുന്ന വർക്‌ഷോപ്പ് നടത്തുകയാണ് ഇയാൾ.
''റാംപൂറിൽ മടങ്ങിയ എത്തിയശേഷം മേയ് 30 ന് എയിംസിലെ ഡോക്ടർ എന്നെ വിളിച്ചു. മൃതദേഹം കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ഡൽഹിയിലേക്ക് തിരികെ മടങ്ങി വരാൻ എനിക്ക് കഴിയില്ലെന്നും മൃതദേഹം അവിടെ തന്നെ സംസ്കരിക്കാനും ഞാൻ ആവശ്യപ്പെട്ടു,'' പിതാവ് പറഞ്ഞു
അതേസമയം, മാതാപിതാക്കളുടെ സാംപിളുകൾ കോവിഡ് പരിശോധനയ്ക്കായി റാംപൂർ ഭരണകൂടം ശേഖരിച്ചിട്ടുണ്ട്. ഇരുവരും ഇപ്പോൾ ഹോം ക്വാറന്റൈനിലാണ്. മുൻകരുതൽ നടപടികളുടെ ഭാഗമായി കുട്ടിയെ അഡ്മിറ്റ് ചെയ്ത നഴ്സിങ് ഹോം താൽക്കാലികമായി അടയ്ക്കുകയും അണുനശീകരണം നടത്താൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. നഴ്സിങ് ഹോമിലെ ഡോക്ടർമാരെയും ജീവനക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതായും ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.
Read in English: Parents refuse to take body of infant son who tested positive in AIIMS
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us