ന്യൂ ഡല്‍ഹി: ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ എഡിറ്റര്‍ സ്ഥാനത്തുനിന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പരഞ്ജോയ് ഗുഹ താക്കുര്‍ത്താ രാജിവെച്ചു. അദാനി ഗ്രൂപ്പിനെതിരായ ഇപിഡബ്ലിയൂ പ്രസിദ്ധീകരിച്ച ലേഖനത്തിനും തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കും പിന്നാലെയാണ് രാജി.

എന്നാല്‍ രാജിയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് അദ്ദേഹം ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. തന്റെ കുടുംബത്തോടൊപ്പം ഇനിയുള്ള കാലം ഡല്‍ഹിയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കഴിഞ്ഞ 15 മാസങ്ങള്‍ ഇപിഡബ്ലിയൂ എഡിറ്റര്‍ സ്ഥാനത്തിരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും അതൊരു അംഗീകാരമായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read More: ‘ദി വയറി’നു പിന്നാലെ ‘ഇപിഡബ്ല്യു’വിനും അദാനിയുടെ മാനനഷ്ടക്കേസ്

‘അദാനി ഗ്രൂപ്പ് 1000കോടി നികുതി വെട്ടിച്ചോ?,’അദാനി ഗ്രൂപ്പിന് 500കോടിയുടെ ബമ്പര്‍ നല്‍കി മോദി സര്‍ക്കാര്‍’ എന്നീ തലക്കെട്ടുകളില്‍ ജനുവരി, ജൂണ്‍ മാസങ്ങളില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പ്രത്യേക സാമ്പത്തിക മേഖല അടക്കമുളള കാര്യങ്ങളില്‍ അദാനി ഗ്രൂപ്പിനായി കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ മാറ്റുന്നുവെന്ന് ആരോപിച്ചായിരുന്നു ലേഖനം. ഇതിനെതിരെ അദാനി പവര്‍ നിയമനടപടി സ്വീകരിക്കുകയും ഇപിഡബ്ലിയുവിനെതിരെ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇതിനുളള വിശദീകരണം നല്‍കുകയും തുടര്‍ന്ന് ലേഖനം സൈറ്റില്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

മാധ്യമപ്രവര്‍ത്തകനായ പരഞ്ജോയ് ഗുഹ തക്കുര്‍ത്ത അദ്ധ്യാപകനും ഡോക്യമെന്ററി സംവിധായകനുമാണ്. ‘ഗാസ് വാര്‍സ്; ക്രോണി ക്യാപിറ്റലിസം ആന്റ് ദി അംബാനീസ്’ എന്ന കൃതി ഇന്ത്യയിലെ പ്രകൃതിവാതകങ്ങളുടെ വിലനിയന്ത്രണങ്ങളിലെ ക്രമക്കേടുകളെ തുറന്നു കാട്ടുന്നതാണ്. കോര്‍പ്പറേറ്റ് ചൂഷണങ്ങളെ വെളിപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ മറ്റു കൃതികളും

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ