ന്യൂഡല്‍ഹി : 13.4 ദശലക്ഷം കോര്‍പ്പറേറ്റ് രേഖകളുടെ ശേഖരമാണ് പാരഡൈസ് പേപ്പഴ്സ്. പ്രധാനമായും ആപ്പിള്‍ബൈ, സിംഗപ്പൂർ ആസ്ഥാനമായ ഏഷ്യസിറ്റി ട്രസ്റ്റ് എന്നിവരുടേതടക്കം ‘നികുതി സ്വര്‍ഗ്ഗം (Tax Paradise)’ എന്നറിയപ്പെടുന്ന, 19 രഹസ്യ നിയമാധികാര പരിധികളിലായി സര്‍ക്കാര്‍ കാത്തുസൂക്ഷിക്കുന്ന കോര്‍പ്പറേറ്റ് റജിസ്ട്രികള്‍ എന്നിവ ചേര്‍ന്നതാണ് പാരഡൈസ് പേപ്പഴ്സ്.
ഇന്ത്യയിലെ കോര്‍പ്പറേറ്റ് ഭീമന്മാരുടെയും ചില പ്രമുഖ വ്യക്തികളുടെയും രാജ്യാന്തര സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പുറത്തുകൊണ്ടുവരുന്നത് രാജ്യത്തിന് പുറത്തുള്ള കമ്പനികളെ ആവരണമാക്കി നടത്തിയിട്ടുള്ള ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകളാണ്.
അപ്പിള്‍ബൈയുടെ രണ്ടാമത്തെ വലിയ ഇടപാടുകാരന് ഒരു ഇന്ത്യന്‍ കമ്പനിയാണ് എന്നതാണ് അതിലെ ശ്രദ്ധേയമായ വസ്തുത. നന്ദ് ലാല്‍ ഖേംകയുടെ സണ്‍ ഗ്രൂപ്പാണ് അന്താരാഷ്ട്ര തലത്തില്‍ തന്നെ രണ്ടാമതായുള്ളത്. 118 വ്യത്യസ്ത സ്ഥാപനങ്ങളാണ് ഈ കമ്പനിയുടെ പേരിലുള്ളത്. പ്രമുഖ കോര്‍പ്പറേറ്റുകളാണ്. സിബിഐയുടേയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്രെ അന്വേഷണങ്ങളില്‍ പലതവണ വന്നിട്ടുള്ള സ്ഥാപനങ്ങളാണ് ഇതില്‍ പലതും. സണ്‍ ടിവി- എയര്‍സെല്‍- മാക്സിസ് കേസില്‍ ഉള്‍പ്പെട്ട കമ്പനികള്‍, മലയാളികൾക്ക് സുപചരിചിതമായ കനേഡിയൻ കമ്പനിയായ എസ്എന്‍സി ലാവ്ലിന്, മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായി വയലാർ രവിയുടെ മകൻ രവി കൃഷ്ണ ഡയറക്ടറായ സീക്വിറ്റ്സാ ഹെല്‍ത്ത്കെയര്‍ തുടങ്ങി പലരും ഇതില്‍ പെടുന്നു.
കോര്‍പ്പറേറ്റുകള്‍ക്ക് പുറമേ പല പ്രമുഖവ്യക്തികളുടെ വിവരങ്ങളും പുറത്തുവരുന്നുണ്ട്. ബോളിവുഡ് താരം അമിതാബ് ബച്ചന്, ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ഭാര്യ ദില്‍നാശിന്‍ (ആദ്യ പേര്), നീരാ റാഡിയ തുടങ്ങിയവരുടെ പേരുകളും ഇതില്‍ ഉൾപ്പെടുന്നു. ഇ- ബേയുടെ സ്ഥാപകരായിരുന്ന ഓമിദ്യാര് നെറ്റ് വര്‍ക്കുമായി ബന്ധമുണ്ടായിരുന്ന കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയുടെ പേരും രേഖകളില്‍ പരാമര്‍ശിക്കപ്പെടുന്നു. 2014ല ബിജെപി സര്‍ക്കാര്‍ അധികാരമേറ്റമുതല്‍ 2016 ജൂലൈവരെ കേന്ദ്ര ധനകാര്യ സഹമന്ത്രികൂടിയായിരുന്നു ജയന്ത് സിന്‍ഹ. സെക്യൂരിറ്റി ആന്റ് ഇന്റലിജന്‍സ് സര്‍വ്വീസ് സ്ഥാപകനായ ബിജെപിയുടെ രാജ്യസഭാ എംപി ആര്‍കെ സിന്‍ഹ മാള്‍ട്ടയില്‍ നിന്നുമുള്ള സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.
പലായനം ചെയ്ത മദ്യ രാജാവ് വിജയ് മല്ല്യയാണ് രേഖകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള മറ്റൊരു പ്രമുഖന്. പിന്നീട് മല്ല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് മുഴുവനായി സ്വന്തമാക്കിയ ഡിയാഗോ എങ്ങനെയാണ് അദ്ദേഹത്തിന്റെ സ്വകാര്യകമ്പനികളില്‍ നിന്നും എടുത്ത കടങ്ങളെ എഴുതിത്തള്ളുന്നത് എന്നും രേഖകള്‍ കാണിക്കുന്നു. കഴിഞ്ഞവര്‍ഷം ആദായനികുതി വകുപ്പ് പരിശോധന നടത്തിയ അടിസ്ഥാന സൗകര്യവികസന കമ്പനിയായ ജിഎംആര്‍ ഗ്രൂപ്പിന്റെ ആയിരത്തോളം സ്വകാര്യ കമ്പനികള്‍ രേഖകളിലുണ്ട്. ബാംഗ്ലൂര്‍, ഹൈദരാബാദ് എയര്‍പോര്‍ട്ടുകള്‍ വികസിപ്പിച്ച ഈ കമ്പനിക്ക് ഊര്‍ജോത്പാദനത്തിലും താത്പര്യങ്ങളുണ്ട്. ആപ്പിള്‍ബേ സജ്ജമാക്കിയ 28 കമ്പനികള്‍ ഉപയോഗിച്ചാണ് ജിഎംആര്‍ നികുതി വെട്ടിച്ചത് എന്ന് രേഖകള്‍ തെളിയിക്കുന്നു.
ജിൻഡാൽ സ്റ്റീല്‍, അപ്പോളോ ടയര്‍സ്, ഹാവേല്‍സ്, ഹിന്ദുജാസ്, എമാര്‍ എംജിഎഫ്, വീഡിയോകോണ്‍, ഹിരാനന്ദാനി ഗ്രൂപ്പ്, ഡിഎസ് കണ്‍സ്ട്രക്ഷന്‍ എന്നിവരാണ് രേഖകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള മറ്റ് പ്രധാന ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍.