ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനങ്ങളുമായി മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനമന്ത്രിയും ആയിരുന്ന യശ്വന്ത് സിന്‍ഹ രംഗത്ത്. ജിഎസ്ടി താറുമാറായ സംവിധാനമാണെന്നും അറ്റകുറ്റപ്പണി നടത്തി ഇത് പരിഹരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാരഡൈസ് പേപ്പേഴ്സില്‍ കുറ്റാരോപിതരായ തന്റെ മകന്‍ ജയന്ത് സിന്‍ഹയുടേയും അമിത് ഷായുടെ മകന്‍ ജയ് ഷായുടേയും പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യൻ എക്സ്പ്രസും ഐസിഐജെയും ചേർന്നാണ് രാജ്യത്തിന് പുറത്തുള്ള കമ്പനികളെ ആവരണമാക്കി നടത്തിയിട്ടുള്ള ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകളുടെ രേഖകൾ പുറത്തു കൊണ്ട് വന്നത്. എന്നാല്‍ തന്റെ ഇടപാട് നിയമപരമായിട്ട് ആയിരുന്നു എന്നാണ് പാരഡൈസ് പേപ്പേഴ്സിൽ പേര് പരാമർശിക്കുന്ന കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ പ്രതികരിച്ചത്.

എന്നാല്‍ പതിനഞ്ചോ മുപ്പതോ ദിവസത്തിനുളളില്‍ ഇത് സംബന്ധിച്ച് കേന്ദ്രം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് യശ്വന്ത് സിന്‍ഹ അറിയിച്ചു. ജയന്തിനെതിരെ അന്വേഷണം നടത്തുന്നുണ്ടെങ്കില്‍ അമിത് ഷായുടെ മകനെതിരേയും അന്വേഷണം നടത്തേണ്ടതില്ലേ?’ അദ്ദേഹം ചോദിച്ചു.

ബിജെപി സര്‍ക്കാര്‍ അധികാരമേറ്റമുതല്‍ 2016 ജൂലൈവരെ കേന്ദ്ര ധനകാര്യ സഹമന്ത്രികൂടിയായിരുന്നു ജയന്ത് സിന്‍ഹ. പ്രധാനമായും ആപ്പിള്‍ബൈ, സിംഗപ്പൂർ ആസ്ഥാനമായ ഏഷ്യസിറ്റി ട്രസ്റ്റ്‌ എന്നിവരുടേതടക്കം ‘നികുതി പറുദീസ (Tax Paradise)’ എന്നറിയപ്പെടുന്ന, 19 രഹസ്യ നിയമാധികാര പരിധികളിലായി സര്‍ക്കാര്‍ കാത്തുസൂക്ഷിക്കുന്ന കോർപറേറ്റ് റജിസ്ട്രികള്‍ എന്നിവ ചേര്‍ന്നതാണ് പാരഡൈസ് പേപ്പഴ്‌സ്. ഇന്ത്യയിലെ കോർപറേറ്റ് ഭീമന്മാരുടെയും ചില പ്രമുഖ വ്യക്തികളുടെയും രാജ്യാന്തര സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പുറത്തുകൊണ്ടുവരുന്നത് രാജ്യത്തിന് പുറത്തുള്ള കമ്പനികളെ ആവരണമാക്കി നടത്തിയിട്ടുള്ള ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകളാണ്.

കോർപറേറ്റുകള്‍ക്ക് പുറമേ പല പ്രമുഖവ്യക്തികളുടെ വിവരങ്ങളും പുറത്തുവരുന്നുണ്ട്. ബോളിവുഡ് താരം അമിതാബ് ബച്ചന്‍, ബോളിവുഡ് താരം സഞ്ജയ്‌ ദത്തിന്‍റെ ഭാര്യ ദില്‍നാശിന്‍ (ആദ്യ പേര്), നീരാ റാഡിയ തുടങ്ങിയവരുടെ പേരുകളും ഇതില്‍ ഉൾപ്പെടുന്നു. സെക്യൂരിറ്റി ആന്റ് ഇന്റലിജന്‍സ് സർവീസ് സ്ഥാപകനായ ബിജെപിയുടെ രാജ്യസഭാ എംപി ആർ.കെ.സിന്‍ഹ മാള്‍ട്ടയില്‍ നിന്നുമുള്ള സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook