ഇന്റർനാഷണൽ കൊളീജിയം ഓഫ് ഇൻവസ്റ്റിഗേറ്റീവ് ജേണലിസ്റ്റിനൊപ്പം ഇന്ത്യൻ എക്സ്‌പ്രസ് കൂടി പങ്കാളികളായ പാരഡൈസ് പേപ്പർ റിപ്പോർട്ടിൽ കോർപ്പറേറ്റ് ഇടനിലക്കാരി നീര റാഡിയയും. കോർപ്പറേറ്റുകൾക്ക് അനുകൂലമായി ഭരണരംഗത്ത് തീരുമാനങ്ങൾ എടുപ്പിച്ചിരുന്ന മാധ്യമപ്രവർത്തകയും കള്ളക്കമ്പനികളുടെ പേരിൽ വിദേശത്ത് പണം നിക്ഷേപിച്ചു.
മാൾട്ടയിലെ രണ്ട് ഷെൽ കമ്പനികളിലാണ് നീര റാഡിയ തന്റെ പണം നിക്ഷേപിച്ചിരിക്കുന്നത്. ഏപ്രിൽ 2012 മുതൽ സൂസ് ലാ വാലറ്റ് എന്ന കമ്പനിയുടെ ഡയറക്ടറാണ് നീര റാഡിയ എന്ന് രേഖകൾ വ്യക്തമാക്കുന്നു. 2011 ഓഗസ്റ്റ് മുതൽ പെഗാസസ് ഇന്റർനാഷണൽ അഡ്വൈസേർസ് ലിമിറ്റഡ് എന്ന ഷെൽ കമ്പനിയുടെയും ഡയറക്ടറാണ് ഇവർ.
2014 ൽ സ്യൂസ് ലാ വാലറ്റിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് റാഡിയയെ ഒഴിവാക്കിയതായും ഇതേ വർഷം തന്നെ പെഗാസസിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് നീര റാഡിയ രാജിവച്ചതായും രേഖകൾ വ്യക്തമാക്കുന്നു.
പെഗാസസിന്റെ പേര് പിന്നീട് എസ്എൽവി എഫ്‌ജി ടെക്നോപോളോ എന്നാക്കി മാറ്റി. സ്യൂസ് ലാ വാലറ്റിനെ ആദ്യം പെഗാസസ് മാനേജ്മെന്റ് സർവ്വീസ് എന്ന പേരിലേക്കും പിന്നീട് 2015 നവംബറിൽ സ്യൂസ് ഹോൾഡിംഗ്സ് ലിമിറ്റഡ് എന്ന പേരിലേക്കും മാറ്റി.