ന്യൂഡല്‍ഹി : 2017 ഫിബ്രവരി 2നാണ് ആറുവര്‍ഷമായി വിചാരണ തുടര്‍ന്നുകൊണ്ടിരിക്കുന്ന എയര്‍സെല്‍- മാക്സിസ് കേസിലെ കുറ്റാരോപിതരെ വെറുതെവിട്ടുകൊണ്ട് സിബിഐയുടെ പ്രത്യേക കോടതി വിധി പുറപ്പെടുവിക്കുന്നത്. ആരോപണങ്ങള്‍ തെളിയിക്കാന്‍ വേണ്ടത്ര രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു കേസ് തള്ളിപോയതിന് കാരണമായത്. അന്ന് ജഡ്ജിയായിരുന്ന ഒപി സൈനിയുടെ , 424 പേജ് വരുന്ന ഉത്തരവും വിശദീകരണങ്ങളും കമ്പനിയുടെ ആന്തരിക രേഖകളും ഇപ്പോള്‍ ആപ്പിള്ബേയില് നിന്നും ലഭിച്ച ആസ്ട്രോയുടെ രേഖകളോടൊപ്പം ചേർത്ത് വായിക്കണം.
അന്നത്തെ യുപിഎ സര്‍ക്കാരിലെ ദയാനിധി മാരനുമേല് ഉയര്‍ന്ന ആരോപണ പ്രകാരം ആസ്ട്രോയുടെ കീഴിലുള്ള മറ്റൊരു കമ്പനി ദയാനിധിയുടെ സഹോദരന് കലാനിധി മാരന്റെ കമ്പനിയില്‍ നിന്നും 20% ഓഹരി വാങ്ങിയതിന്റെ പേരില്‍ 122 ദശലക്ഷം ഡോളര്‍ നല്കി എന്നായിരുന്നു സിബിഐ ഉയര്‍ത്തിയ ആരോപണം. അത് ആസ്ട്രോയുമായി ബന്ധപ്പെട്ട മറ്റൊരു കമ്പനിയായ ( എയര്‍സെല്‍ ടെലിവെഞ്ച്വര്‍ ലിമിറ്റഡിനു കീഴിലുള്ള) മാക്സിസില്‍ നിന്നും ഓഹരി വാങ്ങിയതിന്റെ പ്രത്യുപകാരമായാണ് എന്നും സിബിഐ ആരോപിക്കുന്നു.
സിബിഐ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ആസ്ട്രോ ആള് ഏഷ്യാ നെറ്റ്വര്ക്സ്, മാക്സിസ് കമ്മ്യൂണിക്കേഷന്‍ എന്നിവയ്ക്ക് ഒരുപോലെ പ്രൊമോട്ടര്‍ ആയിരുന്നത് ടി അനന്ദ കൃഷ്ണന് ആണ്. അനന്ദ കൃഷ്ണന് അദ്ധ്യക്ഷനായ മലേഷ്യയിലെ നിക്ഷേപക കമ്പനിയായ ഉസാഹ തെഗാസിന് ഈ രണ്ടു കമ്പനികളിലും ഓഹരി ഉള്ളതായും ഈ മൂന്നു കമ്പനികളുടെയും ഡയറക്ടര്‍ റാല്‍ഫ് മാര്‍ഷല്‍ ആണ് എന്നും സിബിഐ ആരോപിക്കുന്നു.
എന്തിരുന്നാലും ഈ കുറ്റാരോപണങ്ങളൊക്കെ തള്ളിക്കൊണ്ടുള്ള കോടതി വിധിയില്‍ പറഞ്ഞത് ” സംശയത്തിന്റെ പേരില്‍ മാത്രം ഒരാളെ കുറ്റവാളിയാക്കാന്‍ സാധിക്കില്ല. സംശയങ്ങള്‍ അന്വേഷിക്കുകയും നിയമസാധുതയുള്ള തെളിവുകള്‍ സ്വരൂപിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ കേസില്‍ അത് നടന്നിട്ടില്ല” എന്നായിരുന്നു.
മാരന്മാരുടെ 742കോടി രൂപ വരുന്ന സ്വത്തുവിവരങ്ങള്‍ കണ്ടുകെട്ടിക്കൊണ്ടുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറുടെ നടപടിക്ക് രണ്ടു വര്‍ഷത്തിനു ശേഷമാണ് കേസ് തള്ളിപോകുന്നത്.
ഈ ഇടപാടുകളുടെ പിന്നാമ്പുറക്കഥകള്‍ വെളിപ്പെടുത്തുന്നതാണ് അപ്പിള്ബേയില് നിന്നും ലഭിക്കുന്ന രേഖകള്‍. 2012 മേയ് 22നു മലേഷ്യന്‍ സര്‍ക്കാരിനു സിബിഐ കത്തെഴുതുന്നു എന്നായപ്പോള്‍ ആപ്പിള്ബേയില് രേഖകള്‍ തയ്യാറാക്കുകയായിരുന്നു. 2015 ഏപ്രില്‍ 22നു ആപ്പിള്ബേയില് തയ്യാറാക്കിയ രേഖയില്‍ ഇങ്ങനെ പറയുന്നു. ‘ സണ്‍ ഡയറക്ട് ടിവിയുടെ നിക്ഷേപത്തെ വേണ്ട ജാഗ്രതയോടെ കാണുവാനും മൗറീഷ്യസിലെ നിയമങ്ങള്‍ അനുശാസിക്കുന്ന പ്രകാരം നിക്ഷേപങ്ങള്‍ നടത്തുവാനും സൗത്ത് ഏഷ്യ എന്റര്‍ടെയിന്‍മെന്റ് ഹോള്‍ഡിങ് ലിമിറ്റഡ് ഡയറക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. ”
ആപ്പിള്‍ബേ പറയുന്ന ഈ റിപ്പോര്‍ട്ട് പ്രകാരം സണ്‍ ഡയറക്ടിലേക്കുള്ള നിക്ഷേപം 166 ദശലക്ഷം ഡോളര്‍ വരും. ഇന്ത്യയിലെ ടെലിവിഷന്‍ മാര്‍ക്കറ്റിലെ താഴെത്തട്ടിലാണ് ഈ നിക്ഷേപം നടന്നിട്ടുള്ളത്.
ബര്‍മുഡയില്‍ ആസ്ഥാനമുള്ളതും മലേഷ്യയില്‍ രജിസ്റ്റര്‍ ചെയ്തതുമായ ആസ്ട്രോ ഓവര്‍സീസ് ലിമിറ്റഡില്‍ നിന്നും ലഭിക്കുന്ന രേഖകള്‍ പ്രകാരം ആസ്ട്രോ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ (ഏഒഎല്) ഘടന വെളിപ്പെടുന്നു. സൗത്ത് ഏഷ്യ എന്റര്‍ടെയിന്‍മെന്റ് ഹോള്‍ഡിങ്സ് ലിമിറ്റഡിന്റെ ഉടമസ്ഥത മുഴുവനായി വഹിക്കുന്നത് ഏഒഎല് ആണ്. ഇതിനു പുറമേ സണ്‍ ഡയറക്ടിന്റെ 20% ഓഹരി കൈവശം വച്ചിരിക്കുന്നതും ഈ രണ്ട് സ്ഥാപനങ്ങളും സംയുക്തമായാണ്.
സണ്‍ ഡയറക്ടിലേക്കുള്ള ആസ്ട്രോയുടെ പ്രാരംഭ നിക്ഷേപമായ 122 ദശലക്ഷം ഡോളര്‍ സത്യസന്ധമല്ലാഎന്നും ” നിയമപരമായി സംതൃപ്തി” തരുന്നതല്ല എന്നുമായിരുന്നു സിബിഐയുടെ എഫ്ഐആറില്‍ പറഞ്ഞിരുന്നത്. എയര്‍സെല്ലിലെ ശിവശങ്കരന് ടെലികോം മേഖലയിലുള്ള അദ്ദേഹത്തിന്റെ ഓഹരികള്‍ മാക്സിസിനു വിറ്റതിനു പ്രത്യുപകാരമായി ദയാനിധി മാരനെ സഹായിക്കുകയായിരുന്നു എന്നും ആരോപണത്തില്‍ പറയുന്നു.
മറ്റൊരു വലിയ വാര്‍ത്ത എന്‍ഡിടിവിയുമായി സംബന്ധിച്ചതാണ്. കമ്പനികളും ഫോറിന് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന് ബോര്‍ഡും കമ്പനികളും തങ്ങളുടെ ഓഹരി പങ്കിനുമേല് എത്തിപ്പെട്ട കരാറില്‍ ( 2008 ജനുവരി 10 നുള്ളത്) എന്‍ഡിടിവിയും പങ്കാളിയാവുന്നുണ്ട്. 1.09% പങ്കാളിത്തമാണ് എന്ഡിടിവിയ്ക്കുള്ളത്. എന്നാല്‍ 20% വിദേശ നിക്ഷേപത്തിനു അപേക്ഷിക്കുമ്പോള്‍ അത് 2.39 % ആയി വര്‍ദ്ധിക്കും.
മറ്റുപങ്കാളികളുടെ ഓഹരികള്‍ ഇങ്ങനെയാണ് : 86.85%ത്തോടെ ഭൂരിഭാഗം ഓഹരി സണിനാണ്. കലാനിതി മാരന്റെ പേരില്‍ 0.32% ഓഹരിയും എഎച്ച് മള്ട്ടിസോഫ്റ്റ് എന്ന കമ്പനിയുടെ പേരില്‍ 11.74% ഓഹരിയും ആണുള്ളത്. എന്‍ഡിടിവിയുടെ കോര്‍പ്പറേറ്റ് വിലാസമാണ് രേഖകളില്‍ കൊടുത്തിരിക്കുന്നത്.
2012 മാര്‍ച്ച് 21നു നടന്ന മറ്റൊരു സംഭാഷണത്തില്‍ എങ്ങനെയാണ് സണ്‍ ഡയറക്ട് ഇന്ത്യയിലെ ഏറ്റവുംവലിയ ഡിടിഎച്ച് സേവനദാതാക്കളായത് എന്നതിനെകുറിച്ച് ആസ്ട്രോ അദ്ധ്യക്ഷന്‍ സിബിഐ ഡയറക്ടറോടു വാചാലമാവുന്നുണ്ട്. മേയ് 2011ല്‍ തങ്ങളുടെ ഓഹരി 20%ത്തില്‍ നിന്നും 35% ആക്കുന്നതിനായി 125 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ആസ്ട്രോ എന്നും അദ്ധ്യക്ഷന്‍ മസ്രി
കൂട്ടിച്ചേര്‍ക്കുന്നുണ്ട്. “ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെയും തുടരുന്നതായ അനിശ്ചിതത്വത്തിന്റെയും പേരില്‍ കൂടുതല്‍ സാമ്പത്തികവും വ്യാവസായികവുമായ ഉത്തരവാദിത്തത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ആസ്ട്രോ” എന്നും അദ്ദേഹം പറയുന്നു.
എന്‍ഡിടിവിയുടെ മറുപടി :
എഫ്എം റേഡിയോ മേഖലയിലേക്കുള്ള എന്‍ഡിടിവിയുടെ പ്രവേശനത്തെകുറിച്ച് അറിയുന്നതിനു മുന്‍പ് മനസ്സിലാക്കേണ്ടത് 2005ല്‍ കലാനിതി മാരനും സണ്ണും റേഡിയോ കമ്പനികളില്‍ നിക്ഷേപിക്കുന്നതിനും മുന്‍പ് തന്നെ എന്‍ഡിടിവിക്ക് അങ്ങനെയൊരു താത്പര്യം ഉണ്ടായിരുന്നു എന്നാണ്. രണ്ടാമതായി, എപ്പോഴാണോ നിയമഭേദഗതി വരുത്തിക്കൊണ്ട് എഫ്എം റേഡിയോകള്‍ക്ക് വാര്‍ത്താ സംപ്രേക്ഷണാനുമതി നല്‍കുക അപ്പോള്‍ തന്നെ റേഡിയോ ആരംഭിക്കുക എന്ന ഉദ്ദേശത്തോടെ വളരെ ചെറിയൊരു തുക മാത്രമാണ് എന്‍ഡിടിവി ഓഹരിയിലേക്ക് ന്നിക്ഷേപിക്കുന്നത്. മൂന്നാമതായി, റേഡിയോ വാര്‍ത്ത ചെയ്യുക എന്നത് പ്രധാന ലക്ഷ്യമായതിനാല്‍ തന്നെ എന്‍ഡിടിവി എക്കാലത്തും ചെറിയൊരു ഓഹരി മാത്രമാണ് വച്ചുപോന്നിട്ടുള്ളത് എന്നാണു. മൂന്ന് ശതമാനത്തില്‍ കുറവ് ഓഹരി മാത്രമാണ് എന്ഡിടിവിക്കുള്ളത്. നാലാമതായി, ആസ്ട്രോയ്ക്ക് മേല്‍ അന്വേഷണം വരുന്നതിന് ഏറെ മുന്‍പ് 2009ല്‍ തന്നെ ഇന്ദിടിവി ന്യൂസ് റേഡിയോ കമ്പനി ഉപേക്ഷിക്കുകയുണ്ടായി. അവസാനമായി, എന്‍ഡിടിവി എടുത്തിട്ടുള്ളതായ ഓരോ പടികളും ബന്ധപ്പെട്ട അധികാരികളെ ബോധിപ്പിച്ചതാണ് എന്ന് മാത്രമല്ല, അത് നൂറു ശതമാനവും നിയമാനുസൃതവുമാണ്.
2005ല്‍ റേഡിയോ വാര്‍ത്താ വ്യവസായത്തിലേക്കുള്ള എന്‍ഡിടിവിയുടെ രംഗപ്രവേശം സ്വാഭാവികമായിരുന്നു. റേഡിയോ കമ്പനികള്‍ക്ക് വാര്ത്താവിനിമയരംഗത്തേക്ക് പ്രവേശിക്കാന്‍ നിയമഭേദഗതി വരുന്നുവെണ്ണ അഭ്യൂഹങ്ങളാണ് എന്‍ഡിടിവിയെ റേഡിയോ വാര്ത്താവ്യവസായത്തിലേക്ക് എത്തിക്കുന്നത്. എന്‍ഡിടിവി ന്യൂസ് 8.26 കോടി രൂപയുടെ വായ്പ്പ നല്കി എന്നത് വസ്തുതാപരവുമാണ്.
എന്നാല്‍ കലാനിതി മാരനുമായോ സണ്ണുമായോ എന്‍ഡിടിവിയ്ക്ക് നേരിട്ടുള്ള ബന്ധമുണ്ടായിരുന്നു എന്ന വാദം തെറ്റാണ്. അതുപോലെ തന്നെ റേഡിയോ വ്യവസായത്തില്‍ വലിയ ഓഹരികളുള്ള ആസ്ട്രോയും അര്ജുന് റാവു ഗ്രൂപ്പും (വാല്യൂ ലാബ്) ചേര്‍ന്നൊരു കൺസോർഷ്യത്തിന് തങ്ങളുടെ നിലവിലുള്ള റേഡിയോ വ്യവസായത്തെ രാജ്യവ്യാപകമായി വികസിപ്പിക്കേണ്ടതായുണ്ടായിരുന്നു. അങ്ങനെയാണ് ചെറുതെങ്കിലും ഓഹരി പങ്കാളിയായി എന്‍ഡിടിവി അവരോടൊപ്പം ചേരുന്നത്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കരാറില്‍ ഏര്‍പ്പെടുന്ന കലാനിതി മാറാന്‍ രാഷ്ട്രീയക്കാരനല്ല. വ്യാപനത്തില്‍ താത്പര്യമുള്ളതും രാജ്യമൊട്ടാകെ മാധ്യമ സ്ഥാപനങ്ങളുള്ളതുമായ വ്യവസായിയാണ്.
അര്ജുന് റാവു ഗ്രൂപ്പും ആസ്ട്രോയും അടങ്ങുന്ന ഓഹാരിക്കാര് അടങ്ങിയ എസ്എഎഫ്എല്‍ രാജ്യമൊട്ടാകെ റേഡിയോ വ്യവസായം വ്യാപിപിക്കാന്‍ തുടങ്ങിയ കൺസോർഷ്യത്തിലേക്ക് എന്‍ഡിടിവി പ്രവേശിക്കുന്നത് നിയമാനുസൃതമായ കരാറുകളൊക്കെ പാലിച്ചുകൊണ്ടാണ്. എന്തിരുന്നാലും റേഡിയോ വാര്‍ത്തയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരാത്തതിനെ തുടര്‍ന്ന് 2009ല്‍ എന്‍ഡിടിവി കരാര്‍ അവസാനിപ്പിക്കുന്നു. ഈ കാലയളവിലൊക്കെ എന്‍ഡിടിവി കൃത്യമായി തന്നെ ആദായനികുതി അടച്ചുംപോന്നു.
ഗാനങ്ങളുടെ ലൈബ്രറിക്കായുള്ള ലൈസന്‍സിങ്ങിനും വാര്‍ഷിക റേഡിയോ ലൈസന്‍സിനുമായി ഭീമമായൊരു തുകയാണ് ഇന്ത്യയില്‍ ചെലവിടേണ്ടത്. അതിനായി വലിയൊരു നിക്ഷേപം തന്നെ ആവശ്യമായും വരുന്നു. അതിനു പുറമേ റേഡിയോവുമായി സംബന്ധിച്ച നിയമങ്ങളിലെ അനിശ്ചിതത്വം മറ്റൊരു ഭീഷണിയാണ്. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ 2009ഓട് കൂടി എസ്എഎഫ്എല്ലില് നിന്നും പിന്മാറുകയാണ് ഉണ്ടായത്.