ന്യൂഡല്‍ഹി : 13.4 ദശലക്ഷം കോര്‍പ്പറേറ്റ് രേഖകളുടെ ശേഖരം. പ്രധാനമായും ആപ്പിള്‍ബൈ, സിങ്കപ്പൂര്‍ ആസ്ഥാനമായ ഏഷ്യസിറ്റി ട്രസ്റ്റ് എന്നിവരുടേത്. കൂടാതെ ‘നികുതി സ്വര്‍ഗ്ഗം (Tax Paradise)’ എന്നറിയപ്പെടുന്ന, 19 രഹസ്യ നിയമാധികാര പരിധികളിലായി സര്‍ക്കാര്‍ കാത്തുസൂക്ഷിക്കുന്ന കോര്‍പ്പറേറ്റ് റെജിസ്ട്രികള്‍ എന്നിവ ചേര്‍ന്നതാണ് പാരഡൈസ് പേപ്പര്‍സ്. ഇത്തരം പ്രധാനപെട്ട രേഖകള്‍ സംബന്ധിച്ച രഹസ്യങ്ങളുടെ, സൂക്ഷമ വിശദാംശങ്ങള്‍ ഇത്തരത്തില്‍ ചോരുന്നത് ഇതാദ്യമായാണ്. ജര്‍മന്‍ പത്രമായ സൂദ് ഡോയിച്ചേസയ്റ്റുങ്ങ്നാണ് (Süddeutsche Zeitung) ഈ രേഖകള്‍ ലഭിച്ചത്. അന്വേഷണാത്മക പത്രപ്രവര്‍ത്തകാരുടെ രാജ്യാന്തര സംഘടനയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേടറ്റിവ് ജെര്‍ണലിസ്റ്റ്സ് (ICIJ)യുമായി ഈ രേഖകള്‍ പങ്കു വയ്ക്കപ്പെട്ടു. ഐ സി ഐ ജെയുടെ ഭാഗമായ ഇന്ത്യന്‍ എക്സ്പ്രസ്സ്, ഇന്ത്യയുമായി ബന്ധപെട്ട രേഖകളില്‍ സൂക്ഷ്‌മാന്വേഷണം നടത്തി.
ഓഫ്‌ഷോര്‍ ലീക്ക്സ് (2013), സ്വിസ് ലീക്ക്സ് (2015), പനാമാ പേപ്പര്‍സ് (2016) എന്നിവയില്‍ നിന്നും പാരഡൈസ് പേപ്പര്‍സ് എങ്ങനെ വ്യത്യസ്തമാകുന്നു?
ലോകവ്യാപകമായിയുള്ള സാമ്പത്തിക ക്രമക്കേടുകളുടെ രഹസ്യച്ചോര്‍ച്ച പുറത്തു കൊണ്ട് വന്ന ഈ മൂന്ന് വെളിപ്പെടുത്തലുകള്‍ക്ക് സമാനമായി രാജ്യത്തിനു പുറത്തുള്ള രഹസ്യ സാമ്പത്തിക ഇടപാടുകളുടെ (offshore financial activities) മറ നീക്കല്‍ തന്നെയാണ് പാരഡൈസ് പേപ്പര്‍സും ചെയ്യുന്നത്. 2016ലെ പനാമ ഇടപാടുകളില്‍ മോസ്സാക് ഫോണ്‍സെക ചെയ്തിരുന്നത് പോലെ രാജ്യത്തിന് പുറത്തു കമ്പനികള്‍ സ്ഥാപിക്കാനും ബാങ്ക് അക്കൗണ്ട് എടുക്കാനും, കമ്പനി നടത്താനുള്ള നോമിനികളെ നല്‍കാനും, ബാങ്ക് ലോണ്‍, ഷെയര്‍ കൈമാറ്റം തുടങ്ങിയവ വ്യത്യസ്ത നിയാമാധികാര പരിധികളില്‍ ഏര്‍പ്പാടാക്കുകയാണ് ആപ്പിള്‍ബൈ ഇവിടെ ചെയ്യുന്നത്.
മേല്‍പ്പറഞ്ഞ മൂന്ന് വെളിപ്പെടുത്തലുകളില്‍ നിന്നും പാരഡൈസ് പേപ്പര്‍സിനെ വേറിട്ട് നിര്‍ത്തുന്നത് അത് വ്യക്തികളെക്കാളേറെ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് എന്നതാണ്. കൃത്യമായി പറഞ്ഞാല്‍, മെഗാ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ രാജ്യത്തിന് പുറത്തുള്ള നിയാമാധികാര പരിധികളെ (offshore jurisdictions) എങ്ങനെ മുതലെടുത്തു അല്ലെങ്കില്‍ ദുരുപയോഗപ്പെടുത്തി എന്നുള്ളതാണ് പാരഡൈസ് പേപ്പര്‍സ് പറയുന്നത്.
പാരഡൈസ് പേപ്പര്‍സ് വെളിപ്പെടുത്തുന്നത് എന്തെല്ലാം?
ഇന്ത്യയിലെ കോര്‍പ്പറേറ്റ് ഭീമന്മാരുടെയും ചില പ്രമുഖ വ്യക്തികളുടെയും രാജ്യാന്തര സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍. രാജ്യത്തിന് പുറത്തുള്ള കമ്പനികളെ ആവരണമാക്കി നടത്തിയിട്ടുള്ള അമ്പരപ്പിക്കുന്ന ക്രമക്കേടുകള്‍. ഇവയുടെ ആഭ്യന്തര ആശയവിനിമയങ്ങള്‍ വെളിപ്പെടുത്തുന്നത് ഇത്തരം കമ്പനികളില്‍ ഏറിയ പങ്കും ഇന്ത്യയില്‍ നിന്ന് നിയന്ത്രിക്കപ്പെട്ടവയായിരുന്നു എന്നതാണ്.
ചില ഇടപാടുകളില്‍ ആപ്പിള്‍ബൈ തന്നെ ആപത്സാധ്യതകള്‍ കണ്ടിരുന്നു എന്നും വെളിപ്പെടുന്നുണ്ട്; ഇന്ത്യയില്‍ നിക്ഷേപിക്കാനായി പുറത്തു നിന്നും ശേഖരിക്കുന്നു എന്ന് പറയപ്പെടുന്ന പണത്തിന്‍റെ പ്രഭവസ്ഥാനം ഇന്ത്യ തന്നെയാണ് എന്ന് അവര്‍ തിരിച്ചറിഞ്ഞ ചില സന്ദര്‍ഭങ്ങളില്‍. ഇന്ത്യന്‍ കമ്പനികളുടെ മുതല്‍ (assets) പുറത്തുള്ള കമ്പനികള്‍ എടുക്കുന്ന വായ്പക്ക് ഈട് (loan guarantee) നല്‍കുന്ന അവസരങ്ങളില്‍ കമ്പനിയുടെ ഇന്ത്യന്‍ നിയന്ത്രകന്‍മാര്‍ അതറിയാതെ പോയ അവസരങ്ങളും ഉണ്ടായിട്ടുണ്ട് പലപ്പോഴും. രാജ്യത്തിന് പുറത്തുള്ള കമ്പനികളുടെ ഉടമസ്ഥാവകാശത്തില്‍ മാറ്റം വരുത്തി തദ്വാരാ ഇന്ത്യന്‍ കമ്പനികളില്‍ അവര്‍ക്കുള്ള ഓഹരികളിലും മാറ്റം വരുത്തുന്നു, അതിനനുസൃതമായ നികുതി ഇന്ത്യയില്‍ കൊടുക്കാതെ തന്നെ. സ്ഥിരമായി നടക്കുന്ന ഒരു അഴിമതിയാണിത്.
Read More : Breaking News: നികുതി വെട്ടിപ്പിന്റെയും വിദേശ നിക്ഷേപങ്ങളുടെയും രഹസ്യ രേഖകളുമായി ‘പാരഡൈസ് പേപ്പേഴ്സ്’ പുറത്ത്
രാജ്യത്തിന് പുറത്തു കമ്പനികള്‍ ഉണ്ടാക്കുന്നത് നിയമവിരുദ്ധമാണോ?
ആണെന്ന് തീര്‍ത്തു പറയാനാവില്ല. പല രാജ്യങ്ങളുമായും ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ (double-taxation avoidance agreements – DTAAs) ഉള്ള രാജ്യമാണ് ഇന്ത്യ. പ്രത്യേകിച്ചും, ഇന്ത്യയേക്കാള്‍ കുറഞ്ഞ നികുതി നിരക്കുകളുള്ള രാജ്യങ്ങളുമായി. അത്തരം രാജ്യങ്ങളിലുള്ള കമ്പനികള്‍, രാജ്യാന്തര കോര്‍പ്പറേറ്റ് സംഘങ്ങള്‍ (overseas corporate bodies-OCBs), എന്നിവയ്ക്ക് അതാതു രാജ്യത്തെ ടാക്സ് റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് (TRC) ഉപയോഗിച്ച് ലോകമെമ്പാടുമുള്ള നികുതി ആനുകൂല്യങ്ങള്‍ നിയമപരമായി തന്നെ നേടാം.
അങ്ങനെയെങ്കില്‍ ഇപ്പോളെന്തിനീ ആരവം?
മേല്‍പ്പറഞ്ഞ ഇടപാടുകളുടെ ഗുപ്‌തതയെ മറികടക്കലാണ് ഇത് റെഗുലേറ്റ് ചെയ്യുന്നതിന്‍റെ ആദ്യ പടിയായി കാണേണ്ടത്. ഉദാഹരണത്തിന് പനാമ പേപ്പര്‍സ് പുറത്തു വന്നതിനു ശേഷം, ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും റെഗുലേറ്റെര്‍സിന് പനാമ വെളിച്ചം വീശിയ മോസ്സാക് ഫോന്‍സെക രേഖകളില്‍ പറഞ്ഞ ക്രമക്കേടുകള്‍ വേണ്ട വിധത്തില്‍ അന്വേഷിക്കാന്‍ സാധിച്ചു.
അളവ് കൊണ്ട് തന്നെ ബൃഹതതായ ഒരു ശേഖരം, അതിലെ രേഖകള്‍ തെളിക്കുന്ന കോര്‍പ്പറേറ്റ് കേന്ദ്രീകൃതമായ വഴികള്‍, ഇവയെല്ലാം ഒരു വലിയ മുന്നേറ്റത്തെക്കുറിക്കുന്നു എന്നതില്‍ തര്‍ക്കമില്ല.
സാധാരണയായി ഒരു കമ്പനിയ്ക്ക് തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍, നികുതി ഭാരം ആവുന്നതും ഒഴിവാക്കി, നടത്തുവാന്‍ അധികാരവും അവകാശവുമുണ്ട്. നികുതി ഒഴിവാക്കാനായി നടത്തുന്ന ഒരു സാമ്പത്തിക ക്രയവിക്രയം, അതിന്‍റെ ഉദ്ദേശം കൊണ്ട് മാത്രം അസാധുവാകുന്നില്ല, അങ്ങനെ ഒരു നിയമം നാട്ടില്‍ അനുശാസിക്കപ്പെടാത്ത പക്ഷം. ഭാവനാത്മകമായി കോര്‍പ്പറേറ്റ് കണക്കെഴുത്ത് നടത്തുന്ന, നിയമ പഴുതുകള്‍ കണ്ടു പിടിച്ചും ചൂഷണം ചെയ്തും നികുതി ഒഴിവാക്കലിനു വേണ്ട സന്നാഹങ്ങള്‍ നടത്തുന്ന ഒരു കോര്‍പ്പറേറ്റ് പട തന്നെയുണ്ട്.
ഇത്തരം ക്രമക്കേടുകള്‍ സമര്‍ത്ഥിക്കുകയെന്നത് പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥരുടെ ചുമതലയാവും. വഴി വിട്ടുള്ള ഇടപാടാണ് നടന്നത് എന്ന് ചിന്തിക്കാനോ അതിന്‍റെ പ്രേരണയും തെളിവും അന്വേഷിച്ചു പോകാനോ തന്നെ നിലവിലുള്ള വ്യവസ്ഥയില്‍ വഴിയില്ല എന്നത് കൊണ്ട്. വെസ്റ്റ്മിന്‍സ്റെര്‍ പ്രമാണം അനുസരിച്ച്, ഒരു സാമ്പത്തിക ഇടപാടിന്‍റെ രേഖയോ വ്യവഹാരം തന്നെയുമോ, പ്രത്യക്ഷത്തില്‍ സത്യമാണ് എന്നിരിക്കെ, കോടതിക്കോ, റെഗുലേറ്റര്‍മാര്‍ക്കോ അതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്നു എന്ന് സംശയിക്കപ്പെടുന്ന ഒന്നിനെയും അന്വേഷിച്ചു പോകാന്‍ സാധിക്കില്ല.
Read More : പാരഡൈസ് പേപ്പഴ്‌സിലെ ‘പ്രമുഖ’ ഇന്ത്യക്കാര്‍ ആരൊക്കെ ?
അത് ചെയ്യണമെങ്കില്‍ ഒരു ക്രമക്കേട് തെളിയണം. എന്നാല്‍ മാത്രമേ കോര്‍പ്പറേറ്റ് ഘടന തുളച്ചു അകത്തു കയറാന്‍ അനുവാദമുള്ളൂ.
പാരഡൈസ് പേപ്പര്‍സ് സാമ്പത്തിക ക്രമക്കേടുകളുടെ രേഖകളും തെളിവുകളും അടങ്ങിയ ഒരു വലിയ ഖനിയാണ്. ഉദാഹരണത്തിന്, ആപ്പിള്‍ബൈ എന്ന കമ്പനി നികുതി വെട്ടിപ്പിനായി ഉരുവാക്കപ്പെടുന്ന കമ്പനികള്‍ക്ക് പ്രോക്സി ഡയറക്ടര്‍മാരെ ഇടപാടാക്കും. ഈ ഡയറക്ടര്‍മാര്‍, അത് വ്യക്തികളോ അവാരണമായി വര്‍ത്തിക്കുന്ന കമ്പനികളോ ആവാം, അവര്‍ക്ക് അവര്‍ കൈകാര്യം ചെയുന്ന കോടി കണക്കിന് വരുന്ന ഡോളര്‍ പണത്തിന്‍റെ നീക്കുപോക്കുകളുടെ മീതെ യാതൊരു വിധ അധികാരവുമില്ല. ഇവര്‍ വെറും പാവകള്‍ മാത്രം
രാജ്യത്തിന് പുറത്തു രൂപീകരിക്കപ്പെട്ടിട്ടുള്ള പല കമ്പനികളും ഇത്തരത്തില്‍ ഉള്ള നികുതി വെട്ടിക്കാനുള്ള തട്ടിപ്പുകള്‍ മാത്രമാണെന്നും, വിപണിയില്‍ കൃത്രിമപ്പണി നടത്തുന്ന, കള്ളപ്പണം വെളുപ്പിക്കുന്ന, വാങ്ങുന്ന കൈക്കൂലി പാര്‍ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്നവയാണെന്നും തെളിയുന്നു.
ഇന്ത്യന്‍ എക്സ്പ്രസ്സ് നടത്തിയ അന്വേഷണം
അഞ്ചു അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍, 66,000 ഇന്ത്യാ സംബന്ധിയായ രേഖകള്‍ പാരഡൈസ് പേപ്പേഴ്സില്‍ തിരഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങളുടെ വെളിപ്പെടുത്തലുകള്‍. ഇവയെല്ലാം അവലോകനം ചെയ്താണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്.
അടുത്ത പടിയായി, ലഭിച്ച രേഖകള്‍ ഒത്തു നോക്കി, നേരിട്ടുള്ള പരിശോധനയുള്‍പ്പെടെ. ചില കേസുകളില്‍ ഇന്ത്യന്‍ എക്സ്പ്രസ്സ് ടീമും തദ്ദേശത്തെ ഞങ്ങളുടെ ബ്യൂറോയും ചേര്‍ന്ന് വീട് വീടാന്തരം നേരിട്ട് പോയി വിലാസവും ഐഡന്റിറ്റിയും പരിശോധിച്ചിട്ടുണ്ട്. ഞങ്ങളുടെ പാരഡൈസ് പേപ്പേഴ്സ് പരമ്പരയില്‍ പറഞ്ഞിരിക്കുന്ന ഓരോ പേരുകളെയും അവരുടെ വശം പറയാനായി, പ്രസിദ്ധീകരണത്തിന് 120 മണിക്കൂര്‍ മുന്‍പ് ഞങ്ങള്‍ സമീപിച്ചിരുന്നു.
കൂടുതല്‍ വായിക്കാം : Why Paradise Papers matter: Lift the veil for regulators to peek in